വിരൽത്തുമ്പിലെ രേഖകളിൽപ്പോലും അനേകായിരം കഥകളും ഉപകഥകളും ആലേഖനം ചെയ്യപ്പെട്ട അപൂർവ്വപ്രതിഭ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് പത്മരാജനെന്ന പപ്പേട്ടൻ
ആദ്യം അച്ചടിമഷി പുരണ്ട കഥയായ ലോല മുതൽ അവസാന സിനിമയായ ഗന്ധർവ്വൻ വരെ നിലാവ് ചേർത്തുവെച്ച അക്ഷരങ്ങൾ തന്നെയാണ് അദ്ദേഹം ,
ഒരു പക്ഷെ ജീവിതത്തിൽ മരണം തട്ടിയെടുത്തില്ലെങ്കിൽ മഹാഭാരത കഥയിലെ അഗ്നിവർണ്ണൻ്റെ കഥയുമായി അദ്ദേഹം വീണ്ടും വിസ്മയിപ്പിച്ചിട്ടുണ്ടാവും
കൂടെ ജോൺസൺ മാഷും
മാഷില്ലാതെ പത്മരാജൻ സിനിമ പറയാനാവില്ല അത്രയ്ക്ക് ഇഴചേർന്നൊഴുകിയ പുഴയാണ് ആ സംഗീതവും
പപ്പേട്ടൻ്റെ ഇഷ്ട ചിത്രം ഏതാണെന്ന് ചോദിച്ചാൽ അത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളാണ്
കരുത്തുറ്റ നായകൻ സോളമനുമാണ്
ഒരു പക്ഷെ ലാലേട്ടൻ്റ കരിയർ ബെസ്റ്റ് എന്നു വേണമെങ്കിൽ പറയാവുന്ന തൂവാനതുമ്പികളേക്കാൾ ഒരുപടി മുന്നിലാണീ പ്രണയ ചിത്രം
യുവാക്കൾ സോളമനെ മാതൃകയാക്കും എന്നും അദ്ദേഹം പല ഇൻ്റർവ്യുകളിലും പറഞ്ഞിട്ടുമുണ്ട്
കാഫ്ക്കയും, മിലൻ കുന്ദേരയും, പൗലോ കൗലോയും ,മെറ്റാഫിക്ഷൻ്റെ സാധ്യതകൾ തങ്ങളുടെ കൃതികളിൽ ആലേഖനം ചെയ്തെങ്കിലും ഇതിൻ്റെ ഒക്കെ ആകെ തുക പത്മരാജൻ എന്ന തൂലിക ശ്രേഷ്o ഭാഷയായ മലയാളത്തിന് അവയെ പരിചിതമാക്കിയിരുന്നു
നമ്മൾ അത് അറിയാൻ വൈകിയിരുന്നു ,
പത്മരാജൻ്റെ ഇഷ്ടപ്പെട്ട ചെറുകഥ ഏതാണെന്ന് ചോദിച്ചാൽ അത് ഓർമ്മ എന്ന കഥയാണ് ,
ഓർമ്മയെ മലയാളിക്ക് തന്മാത്രയിലൂടെ ശിഷ്യനായ ബ്ലസി മലയാളിക്ക് പരിചിതമാക്കിയിട്ടുണ്ട് ,
ഓർമ്മ എൻ്റെ ജീവിതത്തിലും മറക്കാൻ പറ്റാത്ത അനുഭവമാണ്
എല്ലാം ഓർത്തുവെക്കുന്ന ഒരാളിൽ നിന്ന് ഓർമ്മ നഷ്ടമാകുന്ന ഭീകരതയിലേക്ക്
എൻ്റെ അച്ഛനും നടന്നു പോയിട്ടുണ്ട്
സാമ്യത എന്താണെന്ന് ചോദിച്ചാൽ ആ കാലയളവിൽ തന്നെയാണ് തന്മാത്ര ഇറങ്ങിയതും
ഈ ചിത്രം തലശ്ശേരി ലിബർട്ടി തീയറ്ററിൽ കണ്ടിറങ്ങുമ്പോൾ എൻ്റെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിട്ടുണ്ടായിരുന്നു
ഒരു ദിവസത്തിൽ ഷേക്സ്പിയർ സംഭാവന നല്കിയ പത്തോളം വാക്കുകൾ നമ്മൾ മനുഷ്യരുപയോഗിക്കുന്നവരാണ് കണക്ക് ,
അതിന് സമാനമായത് മലയാളികളായ നമ്മൾ ജീവിതത്തിൽ പലയിടങ്ങളിലും
പല നേരത്തും പത്മരാജ കഥയിലെ ഒരു മുഹൂർത്തത്തിലൂടെ കടന്നു പോയിട്ടുണ്ടാവണം
അതുറപ്പാണ് ,
ഉള്ളിലിപ്പോഴും ലയ്ലാൻ്റ് ലോറിയോടിച്ച് വരുന്ന സോളമനുണ്ട് ,
ജയകൃഷ്ണൻ നനഞ്ഞ മഴയുണ്ട് ,
തന്നോളം കണ്ടുമുട്ടാവുന്ന അപരൻ്റെ ശബ്ദമുണ്ട് ,
മക്കളോളം രമേശൻ നായർ ഉയർത്തിയ പ്രതീക്ഷയുണ്ട് …
സുജേഷ് പി പി✍