വാർത്ത: അജു വാരിക്കാട്
ഹ്യൂസ്റ്റൺ : അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിൽ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഹാൻഡ് സാനിറ്റൈസർകൾക്കും ജാഗ്രത നിർദ്ദേശം നൽകി.
പാൻഡെമിക്കിന്റെ സമയം തുടങ്ങിയ നാൾ മുതൽ മെക്സിക്കോയിൽ നിന്ന് നിരവധി ഹാൻഡ് സാനിറ്റൈസറുകളാണ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. അവയെല്ലാം എത്തനോൾ (ഈതൈൽ ആൽക്കഹോൾ) ആണെന്നാണ് ലേബലുകൾ. പക്ഷേ മിക്കവയിലും മെഥനോൾ സാന്നിധ്യം എഫ് ഡി എ കണ്ടെത്തി. എഫ് ഡി ഐ യുടെ അഭിപ്രായത്തിൽ മെഥനോൾ ശരീരത്തിന് ഉള്ളിൽ കടക്കുന്നത് വിഷവും ജീവഹാനി വരുത്താൻ സാധ്യതയുള്ളതും ആണ് . അമേരിക്കയിൽ മെഥനോൾ സാന്നിധ്യമുള്ള ഒരു മരുന്നുകളും അനുവദനീയമല്ല. അതിനാൽ തന്നെ ഹാൻഡ് സാനിറ്റൈസറുകളിൽ ഇതിൻറെ സാന്നിധ്യം അപകടകരമാണ്.
ഈ പാൻഡെമിക്കിൻറെ കാലയളവിൽ സാനിറ്റൈസറുകളുടെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുവാൻ ഉള്ള സാഹചര്യം ഇല്ലാത്തപ്പോൾ. ഇത്തരം സാഹചര്യങ്ങളിൽ മോശം ക്വാളിറ്റി സാനിറ്റൈസറുകൾ ഉപയോഗിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. എഫ് ഡി ഐയുടെ അസോസിയേറ്റ് കമ്മീഷണർ ജൂഡി മക്കീൻ പറഞ്ഞു.
ഏപ്രിൽ മുതൽ ഡിസംബർ വരെ എഫ്ഡിഎ പരിശോധിച്ച സാമ്പിളുകളിൽ 84 ശതമാനവും ഗുണനിലവാരം ഇല്ലാത്തത് ആണെന്ന് കണ്ടെത്തി. അതിൽ തന്നെ പകുതിയിലേറെ സാമ്പിളുകളിൽ ഹാനികരമായ മെഥനോൾ അടങ്ങിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.ചില സാമ്പിളുകളിൽ ഏറ്റവും അപകടകരമായ അളവിൽ മെഥനോൾ അടങ്ങിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മെഥനോൾ അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസർ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ്. അന്ധത, , നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രയാസം , മരണം, എന്നിവ വരെ ഉണ്ടാക്കാം ഇതാദ്യമായാണ് രാജ്യത്തുടനീളം ഒരു മരുന്നിൽ ഇറക്കുമതി ജാഗ്രത നിർദേശം എഫ് ഡി ഐ നൽകിയത്.
മെഥനോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് എന്തെങ്കിലും തരത്തിൽ പ്രയാസം (ഓക്കാനം ഛർദിൽ തലവേദന കാഴ്ച മങ്ങൽ) ഉള്ളവർ എത്രയും വേഗം അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടണം.