കാളിദാസനാരെന്നോ കവിതയെന്നാലെന്തെന്നോ മാന്‍ പേടയ്ക്കറിയില്ലായിരുന്നു.
പ്രാണഭയം മാത്രമായിരുന്നു അതിന്റെ ജ്ഞാനം.
കുറച്ചു ഭൂമിയിലും വളരെയേറെ ആകാശത്തുമായി കുതിച്ച് ചാടിയോടുമ്പോള്‍
അമ്പുകൊള്ളുമോ എന്ന പേടിയോടെ അത് ശരീരം വളച്ചും ഒടിച്ചും സ്വയം രക്ഷതീര്‍ക്കാന്‍ പണിപ്പെടുകയായിരുന്നു. .
തന്റെ പ്രാണഭയം ലോകാഭിരാമമായ ശ്ലോകമായതും കളിദാസന്‍ വിശ്വമഹാകവിയായതും
മനുഷ്യരുടെ കുടിലമായ സൗന്ദര്യബോധം മൂലമാണെന്ന് ശപിക്കാനും മാന്‍പേടക്കറിയില്ലായിരുന്നു.
അത് ഒരു വെറും ഇരമാത്രമായിരുന്നു. തേരില്‍ അതിനെ വേട്ടയാടിയവനാകട്ടെ വേടനും കവിയും ആയിരുന്നു . അയാള്‍ ഒരേസമയം വേട്ടയാടുകയും വേട്ടയെപ്പറ്റി കവിതയെഴുതുകയും ചെയ്തു.
‘അരുതേ നിഷാദാ’ ഏന്നൊക്കെ പാടി നടക്കുന്ന കവികള്‍തന്നെയാണ് മൃഗയാ വിനോദത്തെപ്പററി കവിതയെഴുതുന്നതുമെന്ന് ഇണയെ വേര്‍പെട്ട പക്ഷിപോലും അറിഞ്ഞിരുന്നില്ലല്ലോ !
രാജൻ പടുതോൾ