17.1 C
New York
Monday, September 20, 2021
Home Literature മൂരിക്കുട്ടന്റെ പ്രണയം (കഥ)

മൂരിക്കുട്ടന്റെ പ്രണയം (കഥ)

✍സുജ പാറുകണ്ണിൽ

എനിക്ക് ഓർമ വച്ച നാൾ മുതൽ കുട്ടനെ ഞാൻ കാണുന്നതാണ്. ഒന്നുകിൽ പശുക്കളെ കുളിപ്പിക്കുന്നത് അല്ലെങ്കിൽ പശുവിനു പുല്ലു പറിക്കുന്നതു. അതുമല്ല എങ്കിൽ പാല് സൊസൈറ്റിയിൽ കൊടുത്തിട്ടു വീട്ടു സാധനങ്ങളും വാങ്ങി വരുന്നത്.

കുട്ടന്റെ അപ്പൻ കുട്ടൻ സ്കൂളിൽ പഠിക്കുമ്പോൾ മരിച്ചു. അതോടെ കുട്ടന്റെ പഠിത്തം നിന്നു. കുട്ടൻ അന്തർ മുഖൻ ആയി. അപ്പന്റെ പശുക്കൾ ആയി കുട്ടന്റെ കൂട്ട്. പശുക്കളെ വളർത്തി കുട്ടൻ ഒരുപാട് കാശ് ഉണ്ടാക്കുന്നത് കണ്ടു അസൂയ പൂണ്ടു അല്പം “ചൊറിച്ചിലിന്റെ അസുഖം” ഉള്ള നാട്ടുകാർ എപ്പോളും പശുക്കളോടൊപ്പം കഴിയുന്ന കുട്ടന് മൂരി എന്ന ഇനിഷ്യൽ ചേർത്തു വിളി തുടങ്ങി. കുട്ടൻ അങ്ങനെ നാട്ടുകാർക്കു മൂരി കുട്ടൻ ആയി. കുട്ടൻ അതൊന്നും മൈൻഡ് ചെയ്തതെ ഇല്ല. പശുവിനെ വളർത്തുന്നതും കാശ് ഉണ്ടാക്കുന്നതും പൂർവാധികം ഭംഗിയായി ചെയ്ത് പോന്നു. പശുക്കളെ വളർത്തും പറമ്പിലെ പണിയും, ഒരു നിമിഷം വെറുതെ ഇരിക്കില്ല കുട്ടൻ. പണിയെടുത്തു പണിയെടുത്തു കുട്ടന്റെ കൈകൾക്കു ബലം വച്ചു. മസിലുകൾ ഉരുണ്ടു.

കുട്ടന്റെ വീടും പറമ്പും കഴിഞ്ഞാൽ ഒരു തോട് ആണ്. അതിനപ്പുറം ചെറിയ പാടം. അത് കഴിഞ്ഞു ബാർബർ ഗോപാലന്റെ വീട്. അത് കഴിഞ്ഞു എന്റെ വീട്. ഗോപാലൻ നാട്ടുകാർക്കു വളരെ നല്ലവൻ ആണ്. നന്നായി പണി എടുക്കും. ആരോടും ഒരു വഴക്കിനും പോകില്ല. പക്ഷെ മൂക്കറ്റം കള്ള് കുടിച്ചേ രാത്രി വീട്ടിലേക്കു വരു.ഒരു ദിവസം കുടിച്ചു ബോധം കെട്ട് കടത്തിണ്ണയിൽ കിടന്നിരുന്ന ഗോപാലനിട്ടു നാട്ടിലെ ചെറുപ്പക്കാർ ഒരു പണി കൊടുത്തു. കാൽ വിരലുകൾ തമ്മിൽ കൂട്ടി കെട്ടി മൂക്കിൽ പഞ്ഞി വച്ചു. നെഞ്ചത്ത് ഒരു റീത്തും. ഈ സംഭവം നാട്ടുകാർ നല്ലപോലെ അങ്ങ് ആഘോഷിച്ചു.

ഗോപാലനെ കാണുമ്പോൾ പാടത്തു ക്രിക്കറ്റ്‌ കളിക്കുന്ന പിള്ളേർ “ഓലത്തുമ്പത്തിരുന്നു ഊയലാടും ചെല്ല പൈങ്കിളി, എന്റെ ബാർബർ ഗോപാലനെ പട്ട കുടിപ്പിക്കുമ്പം പാടെ ഡി”എന്നു ഉറക്കെ പാടും. കള്ള് കുടിച്ചു രാത്രിയിൽ വീട്ടിൽ വന്നു കഴിഞ്ഞാൽ പിന്നെ ഒരു മേളം ആണ്. വീട്ടിൽ ചിലവിന് കൊടുക്കാത്തത് കൊണ്ടു ഗോപാലന്റെ ഭാര്യ അടുത്ത വീടുകളിൽ പണിക്കു പോകും.എന്റെ വീട്ടിലും വന്നു അമ്മയെ സഹായിക്കാറുണ്ട്.. മിക്ക ദിവസങ്ങളിലും സ്കൂളിൽ ഉച്ച ഭക്ഷണത്തിനു ഗോപാലന്റെ മക്കൾക്കും ഞങ്ങൾക്കും ഒരേ കറി ആയിരിക്കും. അമ്മയുടെ സംഭാവന.

പല വീടുകളിൽ പോകുന്നത് കൊണ്ട് എല്ലാ വീടുകളിലെയും കാര്യങ്ങൾ അവർക്കു അറിയാം. അതിൽ അവിഹിതം ഒളിച്ചോട്ടം അങ്ങനെ പലതും ഉണ്ടാകും കേൾക്കാൻ താൽപ്പര്യം ഉണ്ടെങ്കിലും എടുത്ത കൈ പുറത്തിടുന്ന ശാന്ത സ്വഭാവം ഉള്ള അമ്മയെ പേടിച്ചു ഞാൻ ആ ഭാഗത്തേക്ക്‌ അടുക്കാറില്ല. അല്ലെങ്കിൽ തന്നെ ചെയ്ത കുറ്റത്തിനും ചെയ്യാത്ത കുറ്റത്തിനും എല്ലാം അടി കൊണ്ടു അടി കൊണ്ടു ഞാൻ ഒരു വഴിക്കു ആയിരിക്കികയാണ്. എന്തിനാ വെറുതെ… എന്നാലും ചിലപ്പോൾ അവർ രണ്ടു പേരും കൂടി കഥ പറഞ്ഞു രസിച്ചു മുറത്തിലേക്കു അടർത്തിയിടുന്ന ചക്ക ചുളകൾ റാഞ്ചീ എടുത്തു പറക്കാറുണ്ട് ഞാൻ. നിനക്ക് ഞാൻ വച്ചിട്ടുണ്ട്, നിന്നെ എന്റെ കയ്യിൽ കിട്ടും മുതലായ സ്ഥിരം ഡയലോഗ് അമ്മ എടുത്തു പ്രയോഗിക്കും. ചിലപ്പോൾ കയ്യിൽ കിട്ടുന്നത് എടുത്തു പുറത്തിനിട്ടു ഏറിയും . ഗോപാലന്റെ ഭാര്യ ചില ദിവസങ്ങളിൽ പണി കഴിഞ്ഞു വരാൻ ലേറ്റ് ആകും. അത് കഴിഞ്ഞു വിറക് ഊതി കത്തിച്ചു വേണം കഞ്ഞി വയ്ക്കാൻ. ത.കഞ്ഞി കുടിക്കും മുൻപേ ചില ദിവസങ്ങളിൽ ഗോപാലൻ വരും. ഗോപാലന്റെ തല്ലു കൊണ്ടു ഓടുമ്പോൾ അമ്മയും മക്കളും ചിലപ്പോൾ കഞ്ഞി കലവും എടുത്തോണ്ടാണ് ഓടുക. അല്ലെങ്കിൽ ഗോപാലൻ എടുത്തു എറിഞ്ഞു കളയും പറമ്പിൽ വല്ല തെങ്ങിൻ കുഴിയിലുമൊക്കെ പോയി ഒളിച്ചിരിക്കും. സ്ഥിരം കലാ പരിപാടി ആയതിനാൽ നാട്ടുകാർക്കു വലിയ കൗതുകം ഒന്നുമില്ല. എങ്കിലും എന്നും കാഴ്ചക്കാർ ഉണ്ടാകും. അന്നും മോശമല്ലാത്ത കാണികൾ ഉണ്ടായിരുന്നു.


അന്ന് ഗോപാലന്റെ മർദ്ദനത്തിന് ഇര ആയതു മൂത്ത മകൾ ആണ്. പാവം അത് ഒരു സുഖം ഇല്ലാത്ത പെൺകുട്ടി ആണ്. ഇടയ്ക്കിടെ താഴെ വീഴും. അതുകൊണ്ട് പഠിത്തം ഒക്കെ നിർത്തി കുറെ കാലം ആയി വീട്ടിൽ ഇരിപ്പാണ്. ആദ്യത്തെ അടി വീഴും മുൻപേ തള്ള ഇടക്ക് കയറി. അവൾക്കു വയ്യാത്തത് അല്ലെ. തല്ലല്ലേ. ഗോപാലൻ ഉണ്ടൊ കേൾക്കുന്നു. പോത്തിന് എന്തു ഏത്തവാഴ …. അടിയോടടി. പെട്ടെന്നാണ് കാഴ്ചക്കാർക്കിടയിൽ ഒരു അനക്കം. അമ്മ കണ്ടാൽ ഓടിച്ചു വിടും എന്നു പേടിച്ചു കുരുമുളക് ചെടി പടർന്ന ഒരു മരത്തിന്റെ മറവിൽ നിന്നു കാഴ്ച കണ്ടിരുന്ന ഞാൻ പതുക്കെ എത്തി നോക്കി. കുട്ടൻ, മൂരി കുട്ടൻ. മസിലും പെരുപ്പിച്ചു മുണ്ടും മടക്കി കുത്തി ഗോപാലന്റെ നേരെ ചെന്നു. കൊടുത്തു കരണകുറ്റി നോക്കി ഒരെണ്ണം. വിടെടാ അവളെ എന്നു ഒരു അലർച്ചയും.ഗോപാലൻ നടുങ്ങി. പിടിവിട്ടു. കാഴ്ചക്കാരും നടുങ്ങി. താൻ കുറെ നാളായല്ലോ തുടങ്ങിട്ടു. ഇവിടെ നാട്ടുകാർക്കു കിടന്നു പൊറുക്കണ്ടേ. കുടിച്ചാൽ വയറ്റിൽ കിടക്കണം. മൂരി ഉറഞ്ഞു തുള്ളി. മേലാൽ ശബ്ദം പുറത്തു കേട്ടാൽ കാല് ഞാൻ വെട്ടും പറഞ്ഞേക്കാം. മൂരി തല ഉയർത്തി പിടിച്ചു തിരിഞ്ഞു നടന്നു. ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കാത്തതു കൊണ്ടാവും കാണികളുടെ അമ്പരപ്പ് മൂരി പോയിട്ടും വിട്ടു മാറിയില്ല. എനിക്ക് ഉറക്കെ കയ്യടിക്കണം എന്നും തുള്ളി ചാടണം എന്നും തോന്നി. ഭാര്യയെയും മക്കളെയും എടുത്തിട്ട് ഇടിക്കുന്ന വില്ലൻ ഗോപാലനെ തോല്പിക്കാൻ ഒരു ഹീറോ വന്നിരിക്കുന്നു. കുട്ടൻ എനിക്കും നാട്ടുകാർക്കും ഹീറോ ആയി. പിറ്റേന്ന് രാവിലെ സ്കൂളിൽ പോകാൻ വരമ്പത്തു കൂടി പോകുമ്പോൾ പാടത്തു പുല്ലു പറിക്കുന്ന കുട്ടനെ ഞാൻ ബഹുമാനത്തോടെ നോക്കി.

ഗോപാലന്റെ വീട്ടിൽ ശശ്മാന മൂകത. ആരും ഒന്നും മിണ്ടുന്നില്ല. അയൽപക്കത്തുള്ള കാണികൾ പിറ്റേന്ന് വൈകുന്നേരം ആകാൻ ആകാംക്ഷയോടെ കാത്തിരുന്നു. ഗോപാലൻ കുടിച്ചിട്ട് വരുമൊ വഴക്കുണ്ടാക്കുമോ? ഗോപാലന്റെ പട്ടി പോലും അതാണ് ചിന്തിക്കുന്നത് എന്നു തോന്നിപോയി. ഒരു ദിവസം കുടിച്ചു മറിഞ്ഞു വന്ന ഗോപാലൻ ഒരു പൊതിയുമായി ആണ് വന്നത്. പൊറോട്ടയും ബീഫും. ഓടി ചെന്ന പട്ടിയുടെ മുൻപിൽ അത് ഇട്ടു കൊടുത്തു. പട്ടി ഹാപ്പി. പിറ്റേന്നു ഗോപാലൻ വന്നപ്പോൾ പട്ടി തലേ ദിവസത്തെ ഓർമയിൽ ആകാം ഓടി ചെന്നു. കൊടുത്തു ഒരു തൊഴി പട്ടിക്കിട്ടു. അതിന്റെ പിറ്റേന്നു ഗോപാലൻ വന്നപ്പോ പട്ടി സംശയിച്ചു നിന്നു. കൺഫ്യൂഷൻ, പൊറോട്ട ആണോ തൊഴി ആണോ? ആ പട്ടി പോലും നിശബ്ദൻ ആയി കാത്തു നിന്നു. പിറ്റേന്ന് രാത്രി ആയി ഗോപാലൻ വന്നു. ഭാര്യ ആഹാരം വിളമ്പി അയാൾ കഴിച്ചു .ഒന്നും മിണ്ടാതെ കൈ കഴുകി എഴുന്നേറ്റു പോയി.”നിങ്ങൾ ഇടിക്കുന്നെങ്കിൽ ഇടിക്കു മനുഷ്യ എനിക്ക് കിടന്നു ഉറങ്ങണം “എന്ന മട്ടിൽ ഗോപാലന്റെ ഭാര്യ കുറച്ചു നേരം ചുറ്റി പറ്റി നിന്നു. പിന്നെ ലൈറ്റ് ഓഫ്‌ ആക്കി.

ശബ്‍ദം കേട്ടാലുടൻ ഓടി ചെല്ലാൻ റെഡി ആയി നിന്നിരുന്ന കാണികൾ നിരാശർ ആയി പിൻവാങ്ങി. പ്രേത്യേകതകൾ ഒന്നുമില്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
ഒരു ദിവസം പ്ലാവിൽ ചക്ക ഇടാൻ കയറിയ എന്റെ ആങ്ങളപ്ലാവിന് മുകളിൽ ഇരുന്നു വിളിച്ചു കൂവി. അമ്മേ ദേ പൂർണിമ പെടന്നേ. ഞങ്ങളുടെ നാട്ടിൽ കാറ്റത്തു മരം വീഴുമ്പോൾ മരം പെടന്നു എന്നു പറയാറുണ്ട്. ഗോപാലന്റെ മൂത്ത മോൾ വീണത് കണ്ടിട്ടാണ് അവൻ അങ്ങനെ വിളിച്ചു കൂവിയത്.
ഗോപാലന്റെ ഭാര്യയും മക്കളും വന്നു അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് പോയി. കുറച്ചു കഴിഞ്ഞതും ദാ വരുന്നു ഗോപാലന്റെ ഭാര്യ പൊട്ടി കരച്ചിലോടെ എന്റെ വീട്ടിലേക്കു. എല്ലാം പോയി മറിയാമ്മ ചേടത്തിയെ, ഇനി എനിക്ക് ജീവിക്കണ്ടായെ നിലവിളികേട്ട് കാര്യം അറിയാൻ ഓടി ചെന്ന എന്നെ അമ്മ മൂന്നാം തൃക്കണ്ണ് തുറന്നു രൂക്ഷമായി നോക്കി. ഭസ്മം ആയാലോ എന്നു വിചാരിച്ചു ഞാൻ പിൻ വലിഞ്ഞു. വെറുതെ സംഹാര താണ്ഡവം ആടിക്കണ്ട. എന്നാലും എന്തായിരിക്കും? കുറെ കഴിഞ്ഞു അവരെ ആശ്വസിപ്പിച്ചുകൊണ്ടു അമ്മയും കൂടെ പോകുന്ന കണ്ടു.

സന്ധ്യ ആയപ്പോൾ എന്റെ അപ്പൻ വന്നു. അമ്മ എന്തോ അപ്പനോട് പറയാൻ മുട്ടി നില്കുവാണെന്നു എനിക്ക് മനസിലായി. ഗോപാലന്റെ വീട്ടിലെ കാര്യം തന്നെ. പതിവില്ലാതെ അന്ന് ഞങ്ങൾക്ക് നേരത്തെ അത്താഴം തന്നു. കഴിച്ചു കഴിഞ്ഞതും പോയി കിടന്നു ഉറങ്ങിക്കോണം എന്നൊരു ഉഗ്ര ശാസനയും. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ മുറിയിൽ കയറി കട്ടിലിൽ ഇടം പിടിച്ചു. കുറെ കഴിഞ്ഞു അമ്മ മുറിയിലേക്കു വന്നു. ഉറങ്ങിയോ എന്നു അറിയാനുള്ള വരവാണ്. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ഞാൻ എപ്പോഴേ ഉറങ്ങി. വേണമെങ്കിൽ അര മണിക്കൂർ നേരത്തെ ഉറങ്ങാം അമ്മേ എന്ന മട്ടിൽ കിടന്നു. അമ്മ മുറി വിട്ടു പോയി. ഞാൻ ചെവി വട്ടം പിടിച്ചു. അമ്മ അപ്പനോട് കാര്യം പറയുവാണ്.ഗോപാലന്റെ മൂത്ത മകൾ പൂർണിമ ഗർഭിണി ആണത്രേ. കല്യാണം കഴിയാത്ത പൂർണിമയോ ഞാൻ അന്തം വിട്ടു. അതെങ്ങനെ
ഇനി ഗോപാലൻ വരുമ്പോൾ എന്താകുമോ അമ്മയുടെ ആത്മ ഗതം ഞാൻ കേട്ടു. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു പോയി പെട്ടെന്ന് ഒരു ദിവസം ഗോപാലന്റെ അലർച്ച കേട്ടു. എല്ലാവരും ഓടി ചെന്നു. ഇന്നും ഇര പൂർണിമ തന്നെ. എന്നത്തേയും പോലെ അല്ല ഇന്ന് കയ്യിൽ വെട്ടുകത്തി ഉണ്ട്. കള്ള് കുടിച്ചിട്ടും ഇല്ല. ഭാര്യയും ഇളയ മക്കളും വട്ടം പിടിക്കുന്നുമുണ്ട്. കൊല്ലല്ലേ അച്ഛാ കൊല്ലല്ലേ ഒന്നും ചെയ്യല്ലേ അതുങ്ങൾ കാറി കൂവി കരയുന്നു.

പെട്ടെന്നാണ് ഞാൻ കണ്ടത് വരുന്നു” ഹീറോ ” കുട്ടൻ വരുന്നു. മൂരി കുട്ടൻ. കുട്ടൻ ഓടി വന്നു വെട്ടുകത്തിക്കു പിടുത്തം ഇട്ടു കുട്ടാ വിടാൻ ആണ് പറഞ്ഞത് ഇത് എന്റെ കുടുംബ കാര്യം ആണ് ഇതിൽ ഇടപെടേണ്ട. ഗോപാലൻ കുട്ടനെ തള്ളി മാറ്റി. തന്റെ കുടുംബ കാര്യം ആണോ ? ആരു പറഞ്ഞു. ഇത് എന്റെ കാര്യം ആണ്. കുട്ടൻ പൂര്ണിമയുടെ കയ്യിൽ പിടിച്ചു എന്നിട്ട് പറഞ്ഞു. കൊച്ചേ എന്റെതാ. കുട്ടൻ വീണ്ടും ഒരു നടുക്കം കൂടി എല്ലാവർക്കും സമ്മാനിച്ചു.
ഇതെപ്പോ ഞാൻ അന്തം വിട്ടു. വീട് വിട്ടു പൂർണിമ എങ്ങും പോയി ഞാൻ കാണാറില്ല. പശുക്കളെ വിട്ടു കുട്ടനും. പിന്നെ എങ്ങനെ? മല മുഹമ്മദിന്റെ അടുത്ത് വന്നോ മുഹമ്മദ്‌ മലയുടെ അടുത്ത് ചെന്നോ… അമ്പരന്നു നിന്ന ഞങ്ങൾ ആ കാഴ്ച കണ്ടു. പൂർണിമ കുട്ടനെ കെട്ടിപിടിച്ചു പൊട്ടി കരയുന്നു. അവൻ അവളെ ചേർത്തു പിടിക്കുന്നു. ഇവനും ഒരു ഹൃദയമോ മൂരി എന്നു നാട്ടുകാർ വിളിപ്പേരിട്ടു ഇരു കാലേ ഉള്ളെങ്കിലും നാൽക്കാലി ആയി മാത്രം പരിഗണിച്ചിരുന്ന കുട്ടൻ. അവനും ഒരു പ്രണയമോ? ഞാൻ വാ പൊളിച്ചു നിന്നു.
വാ പോകാം കുട്ടൻ അവളുടെ കൈ പിടിച്ചു നടന്നു. പിന്നെ തിരിഞ്ഞു നിന്നു ഗോപാലന്റെ ഭാര്യയോട് പറഞ്ഞു. ഇവളുടെ ആധാർ കാർഡ് ഇങ്ങെടുത്തു താ. ഇനി അതില്ലാഞ്ഞിട്ടു കുഴപ്പം വേണ്ട. പ്രായ പൂർത്തി ആയില്ലെന്നു ആരേലും പറഞ്ഞാലോ? അവർ അനങ്ങാതെ നിൽക്കുന്ന കണ്ടതും മൂരി പൊട്ടി തെറിച്ചു. ചെവി കേട്ടു കൂടെ തള്ളേ. എടുത്തോണ്ട് വാ. നടുക്കത്തിൽ നിന്നുണർന്നു അവർ അകത്തേക്ക് ഓടി. തിരികെ വന്നപ്പോ കൊണ്ടു വന്ന കാർഡ് വാങ്ങി മൂരി പോക്കറ്റിൽ വച്ചു. പിന്നെ അവളുടെ കയ്യും പിടിച്ചു ഹീറോയെ പോലെ നടന്നു പോയി.

✍സുജ പാറുകണ്ണിൽ

COMMENTS

4 COMMENTS

 1. അവതരണശൈലി കൊള്ളാം പഴയ കാലത്തേക്ക് തിരിച്ചു പോയത് പോലെ അഭിനന്ദനങ്ങൾ നേരുന്നു

 2. “ഓർമ്മകൾ മരിക്കുമോ
  ഓളങ്ങൾ നിലക്കുമോ”.

  പഴയകാല ഓർമ്മകൾ ഇത്രയും സുന്ദരമായി, നർമരൂപേണ അവതരിപ്പിക്കുന്നതിൽ സുജ വിജയിച്ചിരിക്കുന്നു. എല്ലാ ഭാവുകങ്ങളും.
  ഇത് ഒരു നോവലാക്കി മാറ്റിയാൽ മോഹൻലാലും മമ്മൂട്ടിയും വിരമിക്കുന്നതിനുമുന്പേ അഭിനയിപ്പിക്കുവാൻ സാധിക്കും
  ഒരൂസംശയം ബാക്കി – മൂരിക്കുട്ടന്റെകാലത്തു ആധാർകാർഡ് ഇല്ലായിരുന്നു.
  ആഭാഗത്തു വെറുംകാടുമാത്രമേ ഉണ്ടായിരുന്നുള്ളു.

 3. ” ഓർമ്മകൾ മരിക്കുമോ
  ഓളങ്ങൾ നിലയ്ക്കുമോ”.

  പഴയകാല ഓർമ്മകൾ അയവിറക്കിയുള്ള സംഭവകഥ സരസമായി അവതരിപ്പിക്കാൻ കഴിഞ്ഞ സുജക്കു അഭിനന്ദനങ്ങൾ. ഈകഥ ഒരുനോവൽപോലെ വികസിപ്പിച്ചെഴുതിയാൽ ഒരുചലച്ചിത്രത്തിനുള്ള സ്കോപ്പ് ഉണ്ട്.
  സുജയുടെ എല്ലാ ഓര്മക്കുറിപ്പുകളിലും കാണുന്ന അവതരണഭംഗി ഇതിനുമുണ്ട് . അഭിനന്ദനങ്ങൾ .

  ആകാലത്തു ആധാർകാർഡ് ഉണ്ടായിരുന്നോ?

 4. നല്ല നർമ്മത്തിൽ ചാലിച്ച കഥ….കുട്ടൻ അടിപൊളി ഹീറോ..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: