വാർത്ത: പി.പി. ചെറിയാൻ
ചിക്കാഗൊ :- ഒഹെയർ വിമാനത്താവളത്തിൽ കോവിഡ് 19 പേടിച്ച് മൂന്നു മാസം മാസ്ക് ധരിച്ച് ഒളിച്ചു പാർത്ത ആദിത്യ സിംഗിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 17 ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 16 – ന് സംശയാസ്പദമായ രീതിയിൽ കണ്ടുമുട്ടിയ ആദിത്യ സിംഗിനോട് യുണൈറ്റഡ് എയർലൈൻ ജീവനക്കാരൻ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. മുഖത്തെ മാസ്ക് മാറ്റി കഴുത്തിൽ അണിഞ്ഞിരുന്ന എയർപോർട്ട് ഐ ഡി ബാഡ്ജാണ് സിംഗ് കാണിച്ചു കൊടുത്തത്. എന്നാൽ ഇത് ഒക്ടോബർ 26 ന് നഷ്ടപ്പെട്ട ഓപ്പറേഷൻ മാനേജറുടെ ഐ ഡി യായിരുന്നു.
ഒഹെയർ ഇന്റർനാഷണൽ രണ്ടാം ടെർമിനലിലെ സുരക്ഷിത സ്ഥാനത്ത് മൂന്നു മാസമായി കഴിഞ്ഞിരുന്ന സിംഗിനെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച കോടതിയിൽ ഹാജാരാക്കിയതായി അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി കാതലിൻ ഹഗർട്ടി പറഞ്ഞു. കാലിഫോർണിയായിൽ ഇയ്യാൾക്കെതിരെ ഒരു കേസ്സും നിലവിലില്ല. കാലിഫോർണിയയിൽ താമസിക്കുന്ന സിംഗ് ഒക്ടോബർ 19 – നാണ് ഒഹെയർ ഇൻറർനാഷണൽ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ജനുവരി 16 വരെ ഇദ്ദേഹത്തെ ആർക്കും തിരിച്ചറിയാനയില്ല. കോവിഡിനെ പേടിച്ചാണ് കാലിഫോർണിയയിലേക്ക് തിരിച്ചു പോകാതെ എയർപോർട്ടിൽ തന്നെ കഴിയാൻ തീരുമാനിച്ചതെന്ന് സിംഗ് പോലീസിനെ അറിയിച്ചു. മറ്റ് യാത്രക്കാരാണ് സിംഗിന് ആവശ്യമായ ഭക്ഷണം നൽകിയിരുന്നത്. നിയന്ത്രിത മേഖലയിലേക്ക് കടന്നുകയറിയ കുറ്റത്തിന് ഇയാൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.