17.1 C
New York
Monday, September 20, 2021
Home Religion മീരാ ഭായി (ഭക്ത മീര)

മീരാ ഭായി (ഭക്ത മീര)

✍ശ്രീജ മനോജ്‌, അമ്പലപ്പുഴ

ഭക്‌തമീര ജനിച്ചതു രാജസ്ഥാനിലെ കുര്‍ക്കി എന്ന സ്ഥലത്താണ്. മീരയുടെ അച്ഛന്‍, റാണാ രത്നസിംഗ്‌; സംപൂജ്യനും ആരാധ്യനുമായിരുന്നു. ഗുണവാനായ അച്ഛന്റേയും സ്നേഹമയിയായ അമ്മയുടേയും സംരക്ഷണയില്‍ മീര ഒരു വര്‍ണ്ണതുമ്പിയെപ്പോലെ പാറിപ്പറന്നു വളര്‍ന്നു.

ഒരിക്കല്‍ മീരയുടെ വീടിനു മുന്നിലൂടെ ഒരു വിവാഹ സംഘം പോകുന്നതു കണ്ട്‌ സാകൂതം നോക്കി നിന്ന മീര. മീരയുടെ മനസ്സില്‍ പല സംശയങ്ങള്‍. എന്തേ ഈ പെണ്‍കുട്ടിയെ പല്ലക്കിലേറ്റി ദൂരെ കൊണ്ടുപോകുന്നത്‌? ഇത്രയും നാള്‍ അച്ഛനമ്മമാരുടെ സംരക്ഷണയില്‍ വളര്‍ന്ന അവള്‍ എല്ലാം ഉപേക്ഷിച്ച്‌ ആരോടൊപ്പമാണ്‌ ഇത്ര ആര്‍ഭാടമായി പോകുന്നത്‌? മീര ഓടി അമ്മയുടെ അടുത്തെത്തി തന്റെ സംശയങ്ങള്‍ ചോദിച്ചു അപ്പോള്‍ അമ്മ പറഞ്ഞു, “ആ കുട്ടിയെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചതൊന്നുമല്ല തങ്ങളെപ്പോലെ തന്നെ സുരക്ഷിതമായി മറ്റൊരു ഗൃഹത്തിലേയ്ക്കയക്കുകയാണ്‌ അവളെ ഇഷ്ടപ്പെട്ടുവന്ന അവളുടെ സംരക്ഷകന്റെ കൂടെ”. മീരയ്ക്കു വീണ്ടും സംശയം. ഇത്രനാളും അച്ഛനും അമ്മയും തന്ന സ്നേഹത്തിനു പകരം ഈ ഭൂമിയില്‍ മറ്റൊരു സ്നേഹമോ? അങ്ങിനെ ഒന്നുണ്ടെങ്കില്‍ തന്നെ അതുപോലെ സ്നേഹിക്കുന്ന തന്റെ വരന്‍ എവിടെ എന്നായി മീര. അമ്മ ആകെ കുഴഞ്ഞു. തീരെ കൊച്ചുകുട്ടിയായ മീരയോടെന്തു പറയാനാണ്‌. അമ്മയ്ക്കു ഒരു ബുദ്ധി തോന്നി. “നിന്നെ സ്നേഹിക്കുന്ന നിന്റെ വരന്‍ അതാ ആ ഉണ്ണിക്കണ്ണനാണ്‌. മീര ഓടക്കുഴലൂതി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ നോക്കി. അവള്‍ക്ക്‌ തൃപ്തിയായി. അച്ഛനമ്മമാര്‍ കൈവെടിഞ്ഞാലും തനിക്കീ ലോകത്തില്‍ ശാശ്വതമായി സ്നേഹിക്കാന്‍ തന്നെ സ്നേഹിക്കാന്‍ തന്റെ മരണംവരെയുള്ള തന്റെ സര്‍വ്വേശ്വരന്റെ മുന്നില്‍ അവള്‍ സാഷ്ടാംഗം കുമ്പിട്ടു.

വളരെ താമസിയാതെ മീരയുടെ മാതാവ്‌ അവളെ വിട്ടുപിരിഞ്ഞു. മീര സ്നേഹത്തിനുവേണ്ടി ഉണ്ണികൃഷ്ണനെ തന്നെ അഭയം പ്രാപിച്ചു. മീരയുടെ കളിയും ചിരിയുമൊക്കെ ശ്രീകൃഷ്ണനോടായി. ശ്രീകൃഷ്ണനു പൂമാല കോര്‍ത്തു കഴുത്തിലണിയിക്കുക, ഒരുക്കുക, ശ്രീകൃഷ്ണ ഭക്‌തിഗാനങ്ങള്‍ പാടുക, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി തൊഴുക ഒക്കെ മീരയുടെ പതിവുകളായി മാറി.

മീര പ്രായപൂര്‍ത്തിയായി. യൗവ്വനയുക്‌തയായിട്ടും മീര ശ്രീകൃഷ്ണന്റെമാത്രം ആരാധികയായി ജീവിച്ചു. സര്‍വ്വസമയവും മീരയുടെ മനസ്സില്‍ ശ്രീകൃഷണന്‍ തന്നെ. മീര വിവാഹപ്രായമായി. മീരയ്ക്ക്‌ തിരിച്ചറിവുണ്ടായി, ലൗകീകയായി ജനിച്ചുപോയതിനാല്‍ ലോകാചാരപ്രകാരം യഥാവിധി കടന്നു പോകേണ്ടുന്ന പാതകളിലൂടെതന്നെ താന്‍ സഞ്ചരിക്കണമെന്നറിയാവുന്ന മീര അച്ഛന്റെ ഇഷ്ടപ്രകാരം ചിത്തോറിലെ രാജാവ് രത്തന്‍സിംഗിന്റെ ഭാര്യയായി. രത്തന്‍സിംഗ്‌ വളരെ നല്ലൊരാളായിരുന്നു. വിവാഹ ശേഷം മീര ഭർത്താവിന്റെ കൂടെ യാത്രയായി. മീര ഭര്‍ത്താവിനെ ഭക്‌തി മര്യാദകളോടെ പൂജിച്ചു.

ഭർത്താവ് രാജ്യകാര്യങ്ങളില്‍ മുഴുകിയും മറ്റും കഴിയുമ്പോള്‍ മീര തനിച്ചായിരുന്നു. അവള്‍ ആ ഏകാന്തതയില്‍ തന്റെ കൃഷ്ണാന്വേക്ഷണം തുടര്‍ന്നു. മീരയുടെ അമിതമായ ശ്രീകൃഷ്ണ ഭക്‌തി മീരയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്ക്‌ അവളില്‍ വിദ്വേഷം വരുത്തി. അവര്‍ പറഞ്ഞു “ഞങ്ങളുടെ കുലദൈവം ദുര്‍ഗ്ഗയാണ്‌. നീ ദുര്‍ഗ്ഗാദേവിയെ മാത്രമേ പൂജിക്കാന്‍ പാടുള്ളു” എന്ന്‌. പക്ഷെ ശ്രീകൃഷ്ണ ഭക്തയായ മീരയ്ക്ക് അതിനാകുമായിരുന്നില്ല. മീര ഓര്‍ത്തു അച്ഛനമ്മമാരുടെ കയ്യില്‍ നിന്നും യൗവ്വനയുക്‌തയായപ്പോള്‍ മറ്റൊരു വീട്ടിലേയ്ക്ക്‌. ഇനി യൗവ്വനം കൊഴിഞ്ഞു വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍ തന്നെ ആര്‍ക്കും വേണ്ടാതാകും. അപ്പോള്‍ എങ്ങോട്ട്‌? ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും തന്നെ ഒരേ അളവില്‍ സ്നേഹിക്കുന്ന തന്റെ പരമേശ്വരന്റെ സവിധമല്ലേ ശാശ്വതമായുണ്ടാവൂ. എന്നും തനിക്കു തണലായി തുണയായി ശ്രീക്കൃഷ്ണനല്ലേ ഉണ്ടാവൂ. മീര ഊണിലും ഉറ ക്കത്തിലും ശ്രീകൃഷ്ണനെ ഭജിച്ചു, ശ്രീകൃഷ്ണ നാമങ്ങളാലപിച്ചു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിത്യ സന്ദർശ്ശകയായി മാറി.

മീര തങ്ങളുടെ ഇംഗീതത്തിനു വഴങ്ങാതെ ശ്രീകൃഷ്ണ ഭക്‌തയായി സര്‍വ്വവും മറന്നു പരമാനന്ദം അനുഭവിക്കുന്നതില്‍ അവളുടെ വീട്ടുകാര്‍ക്ക്‌ അതിയായ നീരസം തോന്നി. അവളെ തന്നിഷ്ടക്കാരിയായും മര്‍ക്കടമുഷ്ടിയായും ചിത്രീകരിച്ചു. അവളില്‍ അന്യായമായി മറ്റു പലതും ആരോപിച്ചു, പറഞ്ഞു. അവളെ സ്നേഹവത്സലനായ ഭര്‍ത്താവില്‍ നിന്നും അകറ്റാനായി ഭർത്തൃ വീട്ടുകാരുടെ അടുത്ത ശ്രമം.

മീര ദിവസവും കോവിലില്‍ പോകുന്നത്‌ ദൈവത്തെ തൊഴാനല്ല മറിച്ച്‌ തന്റെ രഹസ്യ കാമുകനെ സന്ധിക്കാനാണ്‌ എന്നതായിരുന്നു ആരോപണം. മീരയുടെ ഭര്‍ത്താവ്‌ ഇതു തെല്ലും വിശ്വസിച്ചിരുന്നില്ലെങ്കിലും ശ്രീകൃഷ്ണഭക്‌തിയില്‍ സര്‍വ്വവും മറന്നിരിക്കുന്ന മീരയോട്‌ ഒരിക്കല്‍ ചോദിച്ചു “നീ ആരെയാണു സദാസമയവും ധ്യാനിക്കുന്നത്‌? ആരാണു നിന്റെ മനസ്സില്‍?” എന്ന്‌. മീര ഉടന്‍ മുറിയിലിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ ചൂണ്ടിക്കാട്ടി പ്രേമഭക്‌തിയോടെ “ഇതാണു തന്റെ മനസ്സിലെ പ്രേമസ്വരൂപന്‍” എന്നു മറുപടി പറഞ്ഞു. ഭർത്താവിനു മീരയുടെ മറുപടി കേട്ടു ഉള്ളില്‍ ചിരിവന്നു. മീരയ്ക്കു ശ്രീകൃഷ്ണഭക്‌തി മൂത്തു വട്ടായിരിക്കയാണു എന്നുകരുതി, സാരമില്ല, നിനക്കു ശ്രീകൃഷ്ണനെ ഭജിക്കാന്‍ ഇവിടെതന്നെ ഒരു പ്രത്യേക മണ്ഡപം കെട്ടിത്തരാം എന്നു പറഞ്ഞു. മീരയ്ക്ക്‌ ഇതില്‍ക്കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. മീര തന്റെ പ്രാര്‍ത്ഥനയും ജപവുമൊക്കെ ആ മണ്ഡപത്തിലാക്കി.

മീരയുടെ കൃഷ്ണ ഭക്‌തിഗാനങ്ങള്‍ ഒരുപാടു സാധുക്കളെയും ദുഃഖിതരേയും ആകര്‍ഷിച്ചു. ദൈവസാന്നിദ്ധ്യത്തിനും സ്നേഹത്തിനും വേണ്ടി അലയുന്ന ദുഃഖിതരെ മീര തന്റെ ഭക്‌തിഗാനങ്ങള്‍ കൊണ്ടും സദുപദേശങ്ങള്‍കൊണ്ടും സമാധാനിപ്പിച്ചു. ആ തളര്‍ന്ന മനസ്സുകളില്‍ സ്നേഹവും അറിവും പകര്‍ന്നു. അവരോടു പരസ്പ്പരം സ്നേഹിക്കാനും ക്ഷമിക്കാം, എല്ലാം ഈശ്വരങ്കല്‍ അര്‍പ്പിച്ച്‌ എല്ലാറ്റിനും മുകളില്‍ എല്ലാം കാണുന്ന ജഗദീശ്വരന്‍ ഉണ്ടെന്ന സത്യം ഉത്ബോധിപ്പിച്ച്‌, അവരുടെ നിത്യജീവിതം പ്രകാശമുറ്റതാക്കി.”നാം ആര്‍ക്കെന്തുകൊടുത്താലും അത്‌ നമുക്ക്‌ ഒരിക്കല്‍ തിരിച്ചുകിട്ടും നല്ലതായാലും ചീത്തയായാലും. അവരില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന്‌.” എന്നല്ലേ പ്രമാണം. പിന്നെയല്ലേ സാക്ഷാല്‍ ശ്രീകൃഷ്ണൻ!! അദ്ദേഹം തന്റെ വിഗ്രഹത്തില്‍ അര്‍പ്പിച്ച സ്നേഹവും വിശ്വാസവുമെല്ലാം പത്തിരട്ടിയായി തന്റെ ഭക്‌തമീരവഴി സാധുജനങ്ങള്‍ക്കു തിരിച്ചു നല്‍കാന്‍തുടങ്ങി. അനുദിനം കൂടിക്കൂടി വന്നു ഭക്തരുടെ പ്രവാഹം.

മീരയ്ക്ക്‌ ധാരാളം ഭക്‌തരുണ്ടായി. കാലം ചെല്‍കെ ഭർത്താവ് രോഗഗ്രസ്തനായി ഇഹലോകവാസം വെടിഞ്ഞു. രാജഭരണം രാജാവിന്റെ അനന്തരാവകാശികളുടെ കയ്യിലായി. അവര്‍ മീരയെ പലപ്രകാരത്തിലും ഉപദ്രവിക്കാന്‍ തുടങ്ങി. ആദ്യമായി ഭജനനിര്‍ത്താന്‍ ആവശ്യപ്പെട്ടു. അതിനു കഴിയില്ലെന്നു മീര അറിയിച്ചപ്പോള്‍ മീരയെ എങ്ങിനെയും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ പാലില്‍ വിഷമൊഴിച്ചും മുള്ളുമെത്തയില്‍ കിടത്തിയും മറ്റും കൊല്ലാന്‍ നോക്കി. ഓരോ തവണയും മീരയുടെ കൃഷ്ണന്‍ മീരയെ അത്ഭുതകരമായി രക്ഷിച്ചു. പക്ഷെ രാജാവിന്റെ ഈ എതിര്‍പ്പില്‍ മീരയ്ക്കു കൃഷ്ണഭജന തുടരാന്‍ പ്രയാസമായി. മീര ഭക്തകവി തുളസീദാസിനൊരു കത്തെഴുതി ഉപദേശം ആരാഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മീര തന്റെ അമ്മാവന്റെ നാട്ടിലേയ്ക്കു യാത്രയായി.

കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച്‌ മീര യാത്രയായി. വഴിയോരങ്ങളിൽ ഭിക്ഷയെടുത്തും ആഹാരം കഴിച്ചും ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി പാടി ആ രാജകുമാരി വൃന്ദാവനത്തിലെത്തി. അമ്മാവന്‍ അവിടെ മീരയ്ക്കു എല്ലാവിധ സഹായങ്ങളും നല്‍കി. മീര തന്റെ ശിഷ്ടകാലം അവിടെ കൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി ഭക്തരെ സമാധാനിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞു. ദൈനംദിന ജീവിതത്തിലെ കഷ്ടപ്പാടുകളാല്‍ മുന്നോട്ടുപോകാന്‍ കഴിയാതെ തളര്‍ന്നുവീഴുന്ന സാധാരണ ജനങ്ങള്‍ക്കൊക്കെ ജീവാമൃതമായിത്തീർന്നു മീരയുടെ പാട്ടുകള്‍. അവര്‍ മീരയുടെ പാട്ടില്‍ ലയിച്ച്‌ അവരുടെ കഷ്ടപ്പാടുകള്‍ മറന്നു. അവരില്‍ ശ്രീകൃഷ്ണ ഭകതി വളര്‍ന്നു ഈശ്വരനോടുള്ള സ്നേഹം നിറഞ്ഞപ്പോള്‍ മനസ്സിലുണ്ടാകുന്ന മറ്റു സ്വാര്‍ത്ഥചിന്തകളും ഭീതികളുമൊക്കെ മായ്ഞ്ഞുപോയി. അവര്‍ ശുദ്ധരായി. “അവസാനകാലം അതു മനുഷ്യരായി ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ ഭീതി നിറഞ്ഞതായിരിക്കുമല്ലൊ? മരണം ആസന്നമായിരിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ ചിരിച്ചുകൊണ്ട്‌, നമുക്കു ധൈര്യം തരാന്‍, നമ്മെ സ്വീകരിക്കാനായി ഒരു ദൈവരൂപം നമുക്കു സങ്കല്‍പ്പിക്കാനാവുമെങ്കില്‍ അതെത്ര ആശ്വാസമാകും. അതുകൊണ്ട്‌ ഇപ്പോഴേ മനസ്സില്‍ ദൈവസ്നേഹം വളര്‍ത്തുക, അതൊന്നേ നമുക്കു പരമമായ ശാന്തി തരികയുള്ളു.” മീര അവരെ പറഞ്ഞു മനസ്സിലാക്കി.

മീര പ്രേമഭക്‌തിയിലൂടെ ആത്മീയത കൈവരിച്ചവളാണ്. ഈശ്വരനോടുള്ള പ്രേമവും ഭക്‌തിയായി പരിണമിക്കുന്നു ഈശ്വരപ്രേമം ഒന്നുമാത്രമാണ്‌ മീരയെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിച്ചത്. അമ്മയുടെ അകാലത്തിലുള്ള മരണം. ഭര്‍തൃവീട്ടുകാരുടെ തെറ്റിധാരണകളും സ്നേഹശൂന്യതയും ഒറ്റപ്പെടുത്തലുകളും ഒക്കെ. മീര അവസാനം സര്‍വ്വവും ത്യജിച്ചു തെരുവു നീളെ നടക്കുമ്പോഴും ഉള്ളില്‍ ശ്രീകൃഷ്ണഭക്‌തി ഒന്നുമാത്രമായിരുന്നു. മീര മറ്റുള്ളവര്‍ തന്നോടു കാട്ടിയ ക്രൂരതകള്‍ എല്ലാം മറന്നിരുന്നു. മീരയുടെ ഹൃദയത്തില്‍ എപ്പോഴും ഈശ്വരഭക്‌തിയ്ക്കും സ്നേഹത്തിനും മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു.

മീരയ്ക്കു വയസ്സായിത്തുടങ്ങി.
മീരയ്ക്കു തന്നെ തോന്നിത്തുടങ്ങി തന്റെ ഇഹലോകവാസം തീരാറായെന്ന്.
ആ കൃഷ്ണഭക്‌തയ്ക്കു ഒരാഗ്രഹവും ശേഷിച്ചിരുന്നില്ല. തന്റെ “ഉണ്ണിക്കണ്ണന്‍” ജനിച്ചതും വളര്‍ന്നതുമായ എല്ലായിടങ്ങളിലും മീര സഞ്ചരിച്ചു. മഥുര, വൃന്ദാവനം, ദ്വാരക..! എല്ലായിടത്തും.. മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി നടന്നു. അവസാനം ദ്വാരകയില്‍വച്ച്‌ കൃഷ്ണനെക്കുറിച്ച്‌ പാടിക്കൊണ്ടിരിക്കെത്തന്നെ ആ ശ്രീകൃഷ്ണഭക്‌ത കൃഷ്ണപാദം പൂകി.

✍ശ്രീജ മനോജ്‌, അമ്പലപ്പുഴ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...
WP2Social Auto Publish Powered By : XYZScripts.com
error: