ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധിക്കാൻ കൊവിഷിൽഡ് ഏറെ മികച്ചതാണെന്ന് പഠനം. കൊറോണയെ പ്രതിരോധിക്കുന്നതിൽ കോവിഷിൽഡ് ആദ്യ ഡോസിൽ തന്നെ 70 ശതമാനം ഫലപ്രദമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൊവാക്സിനെക്കൾ കൂടുതൽ ആൻ്റിബോഡികൾ ശരീരത്തിൽ ഉണ്ടാവുന്നത് കോവിഷിൽഡാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. രണ്ട് ഡോസ് വീതം വാക്സിൻ സ്വീകരിച്ച ഡോക്ടർമാരിലും നേഴ്സുമാരിലും നടത്തിയ പഠനത്തിൻ്റേതാണ് പുറത്ത് വന്ന ഫലം.
പഠനത്തിന് വിധേയമാക്കിയവരിൽ 305 പുരുഷന്മാരും, 210 സ്ത്രീകളും ഉൾപ്പടെ 515 ആരോഗ്യപ്രവർത്തകരെയാണ് പഠന സംഘം വിധേയമാക്കിയത്. 90 പേർ കൊവാക്സിൻ സ്വീകരിച്ചവരും 425 പേർ കോവിഷിൽഡ് സ്വീകരിച്ചവരുമായിരുന്നു. ഇതിൽ കോവിഷിൽഡ് സ്വീകരിച്ചവരിൽ 98.1 ശതമാനവും കൊവാക്സിൻ സ്വീകരിച്ചവരിൽ 80 ശതമാനവും ആണ് ആൻ്റിബോഡികൾ ഉണ്ടാവുന്നത്.കോവിഷിൽഡ് രണ്ടു ഡോസ് വീതം സ്വീകരിച്ചവരിൽ പ്രതിരോധശേഷി വളരെ കൂടുതലാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.