മാർച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കുന്നു. വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുക, അവയുടെ വംശ നാശം തടയുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് 2013 ൽ മാർച്ച് 3 ലോക വന്യജീവി ദിനമായി ആഘോഷിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.
വന്യജീവികളെ സംരക്ഷിച്ചു കൊണ്ടുതന്നെ ലോകത്തെ നയിക്കേണ്ടവരായും, തീരുമാനം എടുക്കേണ്ടവരായുംചെറുപ്പക്കാരെവളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോട് കൂടി ഐക്യരാഷ്ട്ര സഭ ഈ ദിനചാരണത്തിന് പ്രാധാന്യം നൽകുന്നു. സമുദ്രത്തിലെ ജീവജാലങ്ങളെ കൂടിസംരക്ഷിക്കാനും വംശനാശം തടയാനും ഈ ദിനം ലക്ഷ്യമിടുന്നു.
പുരോഗതിക്കൊപ്പം വന്യമൃഗങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുക എന്നതാണ് പ്രധാനം. മനുഷ്യന്റെ ദുരയും അത്യാർത്തിയും കൊണ്ട് സസ്യങ്ങളെയും വന്യജീവികളെയും നശിപ്പിക്കുന്നത് തടയാൻ വേണ്ടിയാണു ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ആമസോൺ വനങ്ങൾ പോലെയുള്ള വനാന്തരങ്ങളിൽ പോലും വൻതോതിൽ മൃഗങ്ങളെ കൊന്നൊടുക്കാനും പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാനുംമനുഷ്യർ ശ്രമിക്കുന്നു. വൻതോതിൽ മൃഗങ്ങളെ കൊന്നൊടുക്കുന്നതിലൂടെ അവയുടെ എണ്ണം കുറയുകയും പല മൃഗങ്ങളുടെയും വംശ നാശം സംഭവിക്കുകയും ചെയ്യുന്നു.. ഏകദേശം 36000ത്തോളം ഇനം സസ്യങ്ങളും ജന്തുക്കളും വംശ നാശഭീഷണി നേരിടുന്നു.
പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുന്നതിനൊപ്പം അവയുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്യം ആണെന്ന് മനസിലാക്കണം.
കാട് ഒരു വിസ്മയം ആണ്. എന്നാൽ കാട് മനുഷ്യന് അവകാശപ്പെട്ടതല്ല എന്നത് വിസ്മരിച്ചു കൂടാ. കാടിന്റെ അവകാശികൾ വന്യ മൃഗങ്ങൾ ആണ്. അവയുടെ സ്വൈര വിഹാരത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ട് കാടിനെ അറിയാൻ ശ്രമിക്കരുത്.
” വനങ്ങളും ഉപജീവന മാർഗങ്ങളും” എന്നതാണ് ഈ വർഷത്തെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം. മനുഷ്യനും വന്യജീവികളും തമ്മിൽ സംഘർഷത്തിൽ ആയ ഈ കാലത്ത് ആരോഗ്യകരമായ പരിസ്ഥിതിയിൽ മനുഷ്യനും സസ്യ ജാലങ്ങളും വന്യ ജീവികളും പരസ്പര പൂരകങ്ങൾ ആയി കഴിയണം. ആ ഒരു ഓർമ പ്പെടുത്തൽ കൂടിയാണ് ഈ ദിനചാരണത്തിന്റെ ലക്ഷ്യം. നഷ്ടമായ ജീവജാലങ്ങൾക്കു പുതു ജീവൻ ഏകാൻ കഴിയില്ല, ഉള്ളവയെ സംരക്ഷിക്കാം എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
Very good article 👍👍