ഡാളസ്, ടെക്‌സസ്: മാര്‍ച്ച് 10 ബുധനാഴ്ച മുതല്‍ ടെക്‌സസില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വിശ്വാസ സമൂഹം ദേവാലയങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് തയാറെടുക്കുന്നു. മാത്രമല്ല കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത പതിനാറിലധികം സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് വിശ്വാസ സമൂഹം തിരഞ്ഞെടുത്തിരിക്കുന്നത്.
നൂറു ശതമാനവും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്നത്. ഈ ഞായറാഴ്ച 91 ശതമാനം വരെ വിശ്വാസ സമൂഹം തങ്ങളുടെ ഒരു വര്‍ഷമായി നഷ്ടപ്പെട്ട സാഹോദര്യബന്ധം പുനസ്ഥാപിക്കുന്നതിന് ദേവാലയങ്ങളിലേക്ക് വരുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്.
സമീപകാലത്ത് നാഷ് വില്ലയിലെ 1000 ത്തോളം പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളില്‍ നടത്തിയ സര്‍വ്വേകളില്‍ കോവിഡ് 19 ഇപ്പോള്‍ ഒരു ഭീഷണിയല്ലെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. സൂം പ്ലാറ്റ്‌ഫോമിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും ആരാധനകളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നേരിട്ട് ദേവാലയങ്ങളിലെ ശുശ്രൂകളില്‍ പങ്കെടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നു അഭിപ്രായമുണ്ട്. ഗവണ്‍മെന്റ് പൂര്‍ണ്ണ അനുമതി നല്‍കിയതോടെ നിയമത്തെ ഭയപ്പെട്ട് പള്ളിയില്‍ പോകാതിരുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നേടിയെടുക്കാനായിട്ടുണ്ട്.
ദേവാലയങ്ങളില്‍ ആരാധന ആരംഭിച്ചാല്‍ കോവിഡിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്. അനുകൂല സാഹചര്യമുണ്ടായിട്ടും ഇനിയും ദേവാലയങ്ങള്‍ അടച്ചിടുന്നവര്‍ നിയമത്തേയും , ദൈവത്തേയും നിഷേധിക്കുന്നതിനു തുല്യമാണെന്നു പലരും അഭിപ്രായപ്പെട്ടു .