17.1 C
New York
Monday, September 20, 2021
Home Literature മാസ്ക്കുമാമൻ (കഥ )

മാസ്ക്കുമാമൻ (കഥ )

ഹുസൈൻ താമരക്കുളം✍

വെച്ചു വാണിഭക്കാരൻ സുരേഷിനും പോസിറ്റീവായതോടുകൂടിയാണ് മാർക്കറ്റ് മുഴുവനായും അടച്ചിട്ടത്. എവിടെയും ഒരു ഞരക്കവും കേൾക്കാനില്ല. പള്ളിക്കുടിയിൽ നിന്നും പേരൂരുനിന്നും കായ വിൽക്കാൻ വന്ന കുറവൻ മാരാണ് ഇവിടെയൊക്കെയും പടർത്തിയതെന്ന് ആദ്യദിനങ്ങളിൽ അങ്ങാടിയിലൊക്കെ പറഞ്ഞുകേട്ടിരുന്നു. പിന്നെപ്പോഴോ തീവ്രമായ ഒരു സുനാമിയെപ്പോലെ, നിറവും പൗരത്വവുമൊന്നും നോക്കാതെ വീടകങ്ങളിലേക്ക് ചുഴറ്റിയെറിയുകയായിരുന്നു. ആരെയെന്നു ചോദിച്ചാൽ മറുപടി ഒരു നീണ്ട മൗനമാണ്.
പാത്രം കിലുക്കുമ്പോൾ തെരുവുതെണ്ടികൾ തൊടുത്തുവിടുന്ന ഒരു പ്രത്യേക മൗനമില്ലേ.. അതുതന്നെ….
മാർക്കറ്റിൽ പോകാൻ തരമില്ലാതെ കുറച്ചുദിവസം വലിയതോട്ടിൽ നിന്ന് മീൻ പിടിച്ചു വിൽക്കാനൊരുങ്ങി. അപ്പോഴേക്കും മീൻ കച്ചവടക്കാർക്കും വിലക്കിറങ്ങി.”ഓരോ കെടുതികളേ…. “
ഇറയത്തേക്കിറങ്ങിയിരുന്ന് റോഡിലേക്ക് നീളത്തിൽ നോക്കി കാലത്തെ പഴിച്ചിങ്ങനെയിരിക്കും. അതിനുപുറമേ,
പകൽ ഉറങ്ങിയുറങ്ങി രാത്രി ഉറക്കമില്ലാതായിരിക്കുന്നു.
“വൈകിയുറങ്ങുന്നവർക്ക് വൈകാതെ മരണമെത്തുമെന്നാണ് പറയാറുള്ളത്..”
ലിസി നല്ലപിള്ള ചമഞ്ഞ് പലപ്പോഴും സുവിശേഷമറിയിക്കും. ആര് എന്തോർമ്മപ്പെടുത്തി യാലും പാതിരാത്രി വരെ മൊബൈലിൽ കെട്ടി മറിയൽ ഒരു ഹരം തന്നെയാണ്.
കൊണം കെട്ടവൻ എന്നൊക്കെ വീട്ടുകാര് പറയുമെങ്കിലും, ആർക്കും യാതൊരു ഉപദ്രവവുമില്ലാതെ ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു.
പെണ്ണൊരുത്തി വീട്ടിലുള്ളതുകൊണ്ട് മാത്രമായിരുന്നു മാർക്കറ്റിലെ കുമാരൻ മുതലാളിയുടെ കടയിൽ വല്ലപ്പോഴുമെങ്കിലും ജോലിക്ക് പോയിരുന്നത്. അവളും വന്നില്ലായിരുന്നെങ്കിൽ കൈ നനയാതെ എന്തെങ്കിലും മാർഗം കണ്ടേനെ. അത് എങ്ങനെയാണെങ്കിലും…
അയൽപക്കത്തൊക്കെയും ലോക്ക് ഡൗണിന്റെ ഉറക്കം തന്നെയാണ്. പക്ഷേ കുറച്ചു ദിവസങ്ങളായി തൊട്ടപ്പുറത്തെ മനീഷിന്റെ വീട്ടിൽ നിന്ന് ഒരു ഷൂട്ടിംഗ് ലൊക്കേഷനിലെന്ന പോലെ ഇടതടവില്ലാതെ നിരയൊത്ത ഡയലോഗുകൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
പിന്നീടൊരിക്കൽ
ലിസിയിൽ നിന്നാണ് ആ വിവരമറിഞ്ഞത്. മനീഷും ഭാര്യ ആൻസിയും കൂടി ഒരു ചാനൽ തുടങ്ങിയിരിക്കുന്നു. അതിൽ ആൻസി, അണിഞ്ഞൊരുങ്ങി ഒരു പാചകക്കസർത്തുകാരിയായി പ്രത്യക്ഷപ്പെടുന്നു. കൊതിയൂറുന്ന റെസിപ്പികൾ നിരത്തുന്നു.
ആരെയും പിടിച്ചുലച്ചു സംസാരിക്കുന്നു.

വലിയൊരു മുന്നേറ്റം തന്നെ.
കേട്ടപാടെ.. ഇടതടവില്ലാതെ ലിസിയോടങ്ങു ചോദിച്ചു.
“ഇത് കൊള്ളാല്ലോടീ..
നമുക്കുമൊരെണ്ണമങ്ങ് തുടങ്ങിയാലെന്താ…?നിങ്ങൾ വിചാരിക്കും പോലെ അത്ര എളുപ്പമുള്ള കാര്യമല്ലയിത്..
എന്തെല്ലാം പണികൾ ഇതിന്റെ പിന്നിലുണ്ടെന്നറിയുമോ..?

എടുത്തടിച്ച പോലെ ലിസി മറുപടി പറഞ്ഞു.

എന്നാ പണിയാ..?
നമ്മുടെ വീട്ടിൽ ചെയ്യുന്ന പാചകം തന്നെ, ഒരു വീഡിയോ ആക്കി മാറ്റണം എന്നാ നടക്കില്ലേ ..? എന്തെല്ലാം വിഭവങ്ങളാ നീ ഒരുക്കുന്നത്..?

ആക്കിയതാണോ എന്നറിയാതെ ലിസി വീണ്ടും സംസാരിക്കാൻ തുടങ്ങി..
“എന്റെ മനുഷ്യാ…
എനിക്ക് മോഹമില്ലാഞ്ഞിട്ടല്ല. കൂട്ടുകാരികളൊക്കെപ്പറയാറുമുണ്ട്,
ഇതിനു പിറകേ പോയാൽ അതിനേ നേരമുണ്ടാവൂ..
നല്ല വിഭവങ്ങൾ കണ്ടെത്തണം, തുരുതുരാന്ന് ഡയലോഗടിക്കണം വീഡിയോ ഷൂട്ട് ചെയ്യണം, അത് എഡിറ്റ് ചെയ്യണം, കട്ടക്ക് ഷെയർ ചെയ്യണം… ഇങ്ങനെ എന്തെല്ലാം പണികൾ.. നിങ്ങളെ കൊണ്ട് അതൊന്നും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
ഒരു കോടതിക്കു മുന്നിലെന്നപോലെ ഞാൻ മൗനമവലംബിച്ചു.
എന്നിരുന്നാൽ തന്നെ, ഇതിനു വേണ്ടി മാത്രം ജീവിക്കുന്ന ചില ആളുകളുണ്ടെന്നോർത്തപ്പോൾ അവരോട് എന്തെന്നില്ലാത്ത ഒരസൂയ. എന്താവും എന്നെ ഇത്രമേൽ അസൂയക്കാരനാക്കുന്നത്..?
പിഞ്ചു പൈതങ്ങൾ മുതൽ വായിൽ പല്ലില്ലാത്ത കിളവൻമാരുവരെ യൂട്യൂബിൽ തിളങ്ങുകയാണ്. ലിസി നിർത്താൻ കൂട്ടാക്കാതെ ചിലമ്പുകിലുങ്ങും പോലെ വീണ്ടും ചിലച്ചുകൊണ്ടിരുന്നു.
മേലനങ്ങാതെ ഇങ്ങനെയെന്തെങ്കിലും മാർഗത്തെപ്പറ്റി ചിന്തിച്ചേ മതിയാകൂ.

വട്ടുവർത്തമാനങ്ങൾക്കിടയിലാണ് കോലൻ ഷാജി റോഡിൽ നിന്നും നീട്ടി വിളിച്ചത്.
കുമാരൻ മുതലാളി കടയിലേക്ക് വിളിപ്പിക്കുന്നുണ്ടത്രെ.

കടതുറപ്പിനാവുമോ..?
ആളും അനക്കവുമില്ലാതെ എന്നാ ചെയ്യാനാണ്..?
ഒരു പിടുത്തവുമില്ല.
ഏതായാലും പോയിനോക്കാം.
പെട്ടെന്ന് തുണിമാറി റോഡിലേക്കിറങ്ങി.
വിജനമായ തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ എന്തോ ഒരു മൂകത മുഖത്ത് വലിച്ചുകെട്ടിയ മാസ്കിനൊപ്പം മുറുകിയിരിക്കുന്നതുപോലെ.
കടയുടെ മുമ്പിൽ തന്നെ കുമാരൻ മുതലാളി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അടുത്ത് ചെന്നപ്പോഴാണ് അരികിലിരുന്ന ചരക്കുകൂട്ടം കണ്ണിൽപ്പെട്ടത് . ഒരു വലിയ ചാക്ക്, നിറയെ മാസ്ക്കുകൾ. അതുപോലെ രണ്ടുമൂന്നു ചാക്കുകൾ വേറെയും.
“രഘു… നിന്നെ വിളിപ്പിച്ചത് മറ്റൊന്നിനുമല്ല.. കടയിൽ കച്ചവടം തീരെ നടക്കുന്നില്ലല്ലോ..? മറ്റു മാർഗങ്ങളൊന്നും ഇപ്പോൾ കാണാനുമാവുന്നില്ല.
ഇത്… ഹോൾസെയിലായി ഞാൻ വാങ്ങിയ മാസ്ക്കുകളാണ്. വീടുകൾ തോറും കയറിയിറങ്ങി വിറ്റാൽതന്നെ ഒരുവിധം അന്നന്നത്തേക്കുള്ള വക കണ്ടെത്താനായേക്കും..നീ എന്റെ കടയിലെ ജോലിക്കാരനല്ലേ..? നിന്നെ ഞാൻ മറന്നുവെന്ന് വേണ്ടല്ലോ…”
“മുതലാളീ… ഈ സമയത്ത് കച്ചവടക്കാരെ വല്ലോം, ഏതെങ്കിലും വീടുകളിൽ അടുപ്പിക്കുമോ..? “
“ആരു പറഞ്ഞു അടുപ്പിക്കില്ലെന്ന് ഏതെല്ലാം തരത്തിലുള്ള ബിസിനസുകളാ നടക്കുന്നേന്ന് നിനക്കറിയാൻ മേലായോ..?
അതൊക്കെ വേണ്ട രൂപത്തിൽ പോയാൽ ആരും ആട്ടില്ല. ഒരു കുഴപ്പവുമുണ്ടാവില്ല..”
എങ്ങും തട്ടാതെ മുതലാളി പറഞ്ഞു നിർത്തി.
അപ്പോഴും എന്റെ ചിന്ത,
ഖദറിട്ട് കറങ്ങാൻ മാത്രമറിയുന്ന കുമാരൻ മുതലാളിക്ക് ഇതെന്തുപറ്റിയെന്നാണ്.. ചാക്ക് കെട്ടുകൾ വണ്ടിയിലേക്ക് കയറ്റി വെക്കുന്ന നേരത്ത് മുതലാളിയുടെ ഖദറിന്റെ തുണിയിൽ നിന്നും വമിക്കുന്ന വിയർപ്പിന്റെ ഗന്ധം അറിയാനുണ്ടായിരുന്നു. വലിയവനെന്നോ ചെറിയവനെന്നോയില്ലാതെ കൊറോണ കാണിച്ച അക്രമം അപ്പോഴാണ് ശരിക്കും ബോധ്യപ്പെട്ടത്. വിറ്റു കിട്ടിയാൽ ലാഭമേറെയും മുതലാളിക്കു തന്നെയാണല്ലോ. എന്നിരുന്നാലും ഇങ്ങനെയെങ്കിലും തോന്നിയ വിശാല ഹൃദയത്തോട് മനസ്സാലെ വലിയ കടപ്പാട്….
വീട്ടിൽ ചൊറിയും കുത്തിയിരുന്ന എനിക്ക് വന്നു ചേർന്ന പണിയേ.. ഉള്ളതാവട്ടെയെന്നു കരുതി. ഒന്നോർത്താൽ നല്ലതുതന്നെ.. നീളത്തിൽ നോക്കിയിരുന്ന റോഡിന്റെ ഇരുവശങ്ങളിലേക്കും ഇനി നെടുകെ നടന്നു കയറാം. മാസ്ക്കേയ്… മാസ്ക്കേയ്… എന്ന് ഉറക്കെവിളിച്ച് ഹോൺ മുഴക്കാം….
ലിസി ഇപ്പോഴും അയലത്തെ മനീഷിന്റെ വീട്ടിലെ റെസിപ്പി എന്താണെന്നറിയാൻ വട്ടംപിടിച്ചു കറങ്ങുകയാണ്.
നമ്മളിപ്പൊ.., നാട്ടിൻപുറത്തെ കുട്ടികളുടെ മാസ്ക്കുമാമനും.
നടന്നു കയറുന്ന വീടുകളിലൊക്കെ, തരം തിരിഞ്ഞ് പലനിറങ്ങളിൽ മാസ്‌ക്കുകൾ പുഞ്ചിരിക്കാതെ നിൽക്കും. കാണാൻ കഴിയാഞ്ഞിട്ടാവും.. ആരുടെയും മുഖത്ത് ഇപ്പോൾ പുഞ്ചിരി വിടരാറില്ല. ഓരോരുത്തരുടേയും പൂമുഖത്ത് രണ്ടു കാലും ഉയർത്തിക്കെട്ടി അവൻ ഞെളിഞ്ഞിരിക്കുന്നു.
രഘു പിന്നെയും ഹോൺമുഴക്കി.. നീട്ടി വിളിച്ചു.. മാസ്ക്കേയ്… മാസ്‌ക്കേയ്….

ഹുസൈൻ താമരക്കുളം✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...
WP2Social Auto Publish Powered By : XYZScripts.com
error: