17.1 C
New York
Monday, August 15, 2022
Home Special മാതൃത്വം മഹത്വവത്കരിക്കപ്പെടേണ്ടതോ?

മാതൃത്വം മഹത്വവത്കരിക്കപ്പെടേണ്ടതോ?

ദിവ്യ എസ് മേനോൻ✍

ഈ ഭൂമിയിലെ എറ്റവും വാഴ്ത്തപ്പെട്ട, എഴുതപ്പെട്ട ഒന്നാണ് മാതൃത്വം. എറ്റവും പവിത്രമായി കണക്കാക്കപ്പെടുന്ന ബന്ധവും മാതൃത്വം തന്നെ. ഒരു അമ്മ മക്കളെ സ്നേഹിക്കുന്നത് പോലെ നിസ്വാർത്ഥമായി, ആത്മാർത്ഥമായി ഈ ലോകത്ത് ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ പരിധിയിൽ കവിഞ്ഞുള്ള മഹത്വവത്കരണവും അതുവഴി അമ്മമാർ അനുഭവിക്കേണ്ടി വരുന്ന വൈകാരിക പിരിമുറുക്കങ്ങളും നാം കാണാതെ പോകരുത്.

ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ തന്നെ അവളിലെ അമ്മ മനസ്സ് ഉണർന്നു കഴിഞ്ഞു. പിന്നീടുള്ള ദിനങ്ങൾ അവൾക്ക് സന്തോഷത്തിന്റെയും ആകാംക്ഷയുടെയും ദിനങ്ങളാണ്. പക്ഷെ ഈ കാലം എല്ലാ സ്ത്രീകൾക്കും ആസ്വാദ്യകരമാവണമെന്നില്ല. കാരണങ്ങൾ ആരോഗ്യപരമോ, കുടുംബപരമോ, വ്യക്തിപരമോ ഒക്കെയാവാം. പക്ഷെ അത് അംഗീകരിക്കാൻ അവൾക്ക് ചുറ്റുമുള്ളവർക്കോ സമൂഹത്തിനോ കഴിയുന്നുണ്ടോ? ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഒരു പരാതി പോലുമില്ലാതെ സഹിച്ചും ക്ഷമിച്ചും ജീവിച്ചു തീർക്കേണ്ട ഒന്നാണ് ഗർഭകാലം എന്നു അർത്ഥമാക്കുന്ന ഉപദേശങ്ങളാവും മിക്കവാറും അവളെ തേടിയെത്തുക.

പ്രസവത്തെ കുറിച്ചും ഇതുപോലുള്ള (അബദ്ധ) ധാരണകൾ തന്നെയാണ് പല ആളുകൾക്കുമുള്ളത്. പ്രസവവേദന അനുഭവിച്ചാലേ ഒരു സ്ത്രീ ശരിക്കും അമ്മയാകൂ എന്നുള്ള ധാരണ വച്ചുപുലർത്തുന്ന ആളുകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. പ്രസവ ശസ്ത്രക്രിയയോ വേദന സംഹാരിയുടെ ഉപയോഗമോ ഒരു സ്ത്രീയുടെ മാതൃത്വത്തിന്റെ മഹത്വം കുറയ്ക്കുമോ? പ്രസവ വേദന മാത്രമാണോ ഒരു അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹം തോന്നാനുള്ള മാനദണ്ഡം? ഇനി പ്രസവശേഷം എന്തെങ്കിലും കാരണത്താൽ കുഞ്ഞിനെ മുലയൂട്ടാൻ അമ്മയ്ക്ക് കഴിയാതെ വരികയാണെങ്കിൽ അവൾ മഹാപരാധം ചെയ്യുന്നൊരു തെറ്റുകാരിയായി മുദ്ര കുത്തപ്പെടുന്നു.

പ്രസവശേഷം തന്റെ ഇതുവരെയുള്ള ജീവിതത്തിൽ നിന്ന് വളരെ വളരെ വ്യത്യസ്തമായ പുതുജീവിതത്തിലേക്ക് കടക്കുന്ന അവളെ പലപ്പോഴും അമിത പ്രതീക്ഷകളുടെയും ഉത്തരവാദിത്തങ്ങളുടെയും കെട്ടുകൾ വരിഞ്ഞുമുറുക്കുന്നു. ഉദ്യോഗസ്ഥരായ സ്ത്രീകൾക്കാകട്ടെ പലപ്പോഴും കുറ്റബോധത്തിന്റെ മാറാപ്പ് കൂടി ചുമക്കേണ്ടി വരുന്നു. ജോലിയും കുട്ടികളുടെ കാര്യങ്ങളും ബാലൻസ് ചെയ്തു പോകുന്നതിനിടയിൽ അവൾക്ക് അവളെ തന്നെ നഷ്ടമാകാറുണ്ട്.

അമ്മമാർക്ക് മേൽ വന്നു വീഴുന്ന അമിത പ്രതീക്ഷകളുടെ ഭാരം ഇവിടെ തീരുന്നില്ല. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മ എന്ന നിലയിൽ ഒരു സ്ത്രീ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് തീരുമാനിക്കുന്നത് അവളല്ല, അവൾക്ക് ചുറ്റുമുള്ള സമൂഹമാണ്. മക്കളുടെ തെറ്റുകൾക്കും കുറവുകൾക്കും പലപ്പോഴും തെറ്റുകാരിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അമ്മമാർ തന്നെയല്ലേ? മക്കളുടെ വിവാഹ ശേഷവും പെണ്മക്കൾ ഉണ്ടെങ്കിൽ അവരുടെ പ്രസവ ശേഷവും വരെ അമ്മമാർക്ക് മേലുള്ള ഈ അമിത പ്രതീക്ഷകളുടെ ഭാരം തുടർന്നു കൊണ്ടേയിരിക്കും.

ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത സ്ത്രീകളാകട്ടെ അപ്പാടെ മാറ്റി നിർത്തപ്പെടുന്നു. അവരുടെയുള്ളിലും ഒരു അമ്മ മനസ്സ് ഉണ്ടായിക്കൂടെ? പ്രസവം കൊണ്ട് മാത്രം നേടിയെടുക്കുന്ന ഒന്നാണോ മാതൃത്വം? സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരും കൊലയ്ക്ക് കൂട്ടുനിൽക്കുന്ന അമ്മമാരും പലതരം പീഡനങ്ങൾക്കും വിട്ടുകൊടുക്കുന്ന അമ്മമാരും ധാരാളമില്ലേ? ഒരു കുഞ്ഞിന് ജന്മം നൽകിയത് കൊണ്ട് മാത്രം ഒരു സ്ത്രീയുടെ മാതൃത്വം പവിത്രമോ വിശുദ്ധമോ ആകുന്നില്ല. കർമ്മത്തിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ അതിന് പവിത്രത കൈവരുന്നുള്ളൂ. അത് പെറ്റമ്മയായാലും പോറ്റമ്മയായാലും അങ്ങനെ തന്നെ.

മാതൃത്വം അമിതമായി മഹത്വവത്കരിക്കപ്പെടുന്നതിലൂടെ അമ്മമാർ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങൾ ചെറുതല്ല. പ്രതീക്ഷകളുടെ അമിത ഭാരം ചുമക്കേണ്ടി വരുന്ന അവർ പലപ്പോഴും തളർന്ന് പോകാറുണ്ട്. ചെയ്യാത്ത തെറ്റുകളുടെ കുറ്റബോധത്താൽ അവർ വേട്ടയാടപ്പെടാറുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കാൻ പോലും കഴിയാതെ പോകാറുണ്ട്.

അതുകൊണ്ട് അമ്മമാരേ, നിങ്ങൾ നിങ്ങളായിത്തന്നെ ജീവിക്കൂ. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ലതെന്തെന്ന് എറ്റവും നന്നായി അറിയാവുന്നത് നിങ്ങൾക്കാണ്… നിങ്ങൾക്ക് മാത്രമാണ്. സർവ്വംസഹയുടെ നെറ്റിപ്പട്ടം അഴിച്ചുമാറ്റി നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും സന്തോഷകരമായൊരു ജീവിതരീതി തിരഞ്ഞെടുക്കൂ. “പത്തുമാസം ചുമന്ന്, നിന്നെ നൊന്തുപെറ്റ അമ്മയാണ് ഞാൻ ” എന്ന രീതിയിലുള്ള ക്ലീഷെ ഡയലോഗുകളും ചിന്തകളും നമുക്ക് സിനിമകളിൽ മാത്രം മതി. ജന്മം നൽകിയതിന്റെ ബാധ്യതകളുടെ കുരുക്ക് സ്വയം അണിയാതിരിക്കൂ, മക്കളെ അണിയിക്കാതിരിക്കൂ. സ്വയം അണിയേണ്ടതും മക്കളെ അണിയിക്കേണ്ടതും സ്നേഹത്തിന്റെ കുരുക്കാണ്. അതിൽ അവരും നിങ്ങളും സന്തുഷ്ടരാവുമെന്ന് തീർച്ച.
മക്കളെ മനസ്സ് നിറഞ്ഞു സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ!

ദിവ്യ എസ് മേനോൻ✍

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: