വിസാലിയ (കാലിഫോർണിയ): മാതാവ് വീട്ടിനുള്ളിൽ കഞ്ചാവ് തയാറാക്കുന്നതിനിടയിൽ മറന്നുപോയ, മൂന്നുവയസ്സുള്ള മകൾ കാറിനുള്ളിൽ ചൂടേറ്റുമരിച്ച ദാരുണ സംഭവം കാലിഫോർണിയയിൽ നിന്നും റിപ്പോർട്ട് ചെയ്തു. മെയ് നാല് വെള്ളിയാഴ്ചയായിരുന്നു സംഭവം.

കുട്ടിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന സന്ദേശം പോലീസിന് ലഭിച്ചു. തുടർന്നു സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.പോലീസ് എത്തുന്നതിനു മുമ്പ് കുടുംബാംഗങ്ങൾ പി.ആർ. നൽകിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കിടന്നിരുന്നുവെന്നും 100 ഡിഗ്രിയായിരുന്നു അപ്പോൾ പുറത്തെ താപനിലയെന്നും പോലീസ് പറഞ്ഞു.കുട്ടി മരിക്കാനിടയായ സംഭവത്തിൽ മാതാവ് യുസ്തേജിയ മൊനിക്ക ഡൊമിനിക്കസിനെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ കാറിനുള്ളിൽ വിട്ട് മാതാവ് വീട്ടിൽ കഞ്ചാവ് തയാറാക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകി.
വീട്ടിൽ നടത്തിയ തിരച്ചിലിൽ 150 കഞ്ചാവ് ചെടികളും 475 പൗണ്ട് കഞ്ചാവും കണ്ടെടുത്തു.സംഭവസമയത്ത് വീട്ടിനുള്ളിൽ മറ്റ് നാല് മുതിർന്നവരും നാല് കുട്ടികളും ഉണ്ടായിരുന്നു. ഇതിൽ മൊനിക്കയുടെ മാതാവുൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ചൈൽഡ് എൻഡെയ്ഞ്ചർമെന്റിന് കേസെടുത്തു. നാലുപേരെയും റ്റുലെയർ കൗണ്ടി പ്രീ ട്രയൽ ഫെസിലിറ്റിയിൽ അടച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
