റിപ്പോർട്ട് അജു വാരിക്കാട്.
ഹ്യുസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ് ) ആദ്യമായി വിഭാവനം ചെയ്ത കർഷകശ്രീ അവാർഡ് ദാന ചടങ്ങ് വർണ്ണ ഗംഭീരമായ ചടങ്ങുകളോടെ 2020 ഡിസംബർ 20ന് വൈകുന്നേരം മാഗ് ആസ്ഥാനമായ കേരള ഹൗസിൽ വെച്ച് നടന്നു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ സെസിൽ വില്ലിസ് എന്നിവരുടെ സാന്നിധ്യത്തിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടന്ന അവാർഡ് ദാന ചടങ്ങ് ഏറെ മലയാളികളുടെ പ്രശംസക്ക് പാത്രമായി.
2020 ലെ മികച്ച കർഷകക്കുള്ള “മാഗ് കർഷകശ്രീ 2020” പുരസ്കാരത്തിന് അർഹയായതു സാലി ജോർജ് കാക്കനാടാണ്. സാലി കാക്കനാടിന്റെ അസാന്നിധ്യത്തിൽ ഭർത്താവ് ഡോ. ജോർജ്ജ് എം കാക്കനാടാണ് പുരസ്‌കാരം മേയർ റോബിൻ ഇലക്കട്ടിലിൽനിന്നും മേയർ സെസിൽ വില്ലിസിൽ നിന്നും സ്വീകരിച്ചതു. വൈവിധ്യങ്ങളും പുതുമകൾ നിറഞ്ഞതുമായ നിരവധി പച്ചക്കറികളും പഴവർഗങ്ങളും സാലിയുടെ പച്ചക്കറി തോട്ടത്തിനെ വേറിട്ടതാകുന്നു. ഉള്ള സ്ഥല പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് വർഷം മുഴുവൻ ഉപയോഗിക്കാൻ പാകത്തിൽ ധാരാളം പച്ചക്കറികളാണ് ഇവരുടെ തോട്ടത്തിൽനിന്ന് വിളയുന്നത്. അതോടൊപ്പം അയൽവക്കത്തുള്ളവർക്കും കൂട്ടുകാർക്കും നിർലോഭം കൊടുക്കുവാനുള്ള വിളവ് ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. മിറക്കിൾ ഫ്രൂട്ട്, അമ്പഴം, ഞാവൽ, ഏലം, വാളംപുളി, എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതമായതും എന്നാൽ അധികം ആർക്കും ഇല്ലാത്തതുമായ നിരവധി കാർഷിക വിളകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിൽ സാലി കാക്കനാട് അഭിനന്ദനം അർഹിക്കുന്നു.
ഭർത്താവ് ജോർജ് കാക്കനാടിൽ നിന്നും മക്കളിൽ നിന്നുമുള്ള ശക്തമായ പിന്തുണയാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് പുരസ്കാരം ലഭിച്ചതിനുശേഷം സാലി കാക്കനാട് ഫോണിലൂടെ പ്രതികരിച്ചു.
മികച്ച രണ്ടാമത്തെ കർഷകനുള്ള പുരസ്കാരം തോമസ് വൈക്കത്തുശേരിയിലിന് ലഭിച്ചു. മുൻ മാഗ് പ്രസിഡന്റ് മാത്യു മത്തായിയിൽ നിന്നും തോമസ് വൈക്കത്തുശേരിൽ പുരസ്‌കാരം സ്വീകരിച്ചു. കാർഷിക പാരമ്പര്യം ഉള്ള തോമസിന്റെ കൃഷി രീതികൾ ഏതൊരു മലയാളിക്കും പിന്തുടരാവുന്ന മികച്ച മാതൃകയാണ്. മുല്ലപ്പൂവിൻറെ ഒരു വിസ്മയലോകം തന്നെയാണ് തോമസിന്റെ കൃഷിയിടത്തിൽ ഉള്ളത്. ഹ്യൂസ്റ്റണിലെ കാലാവസ്ഥയ്ക്ക് വളരാൻ പ്രയാസമായ മാവിൻതൈകൾ വരെ ഗ്രീൻ ഹൌസിൽ വളർത്തി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് തോമസിന്റെ കൃഷിയിടം.
മികച്ച മൂന്നാമത്തെ കർഷകർക്കുള്ള അവാർഡ് വിനു ജേക്കബും, തോമസ് ഓലിയാംകുന്നിലും പങ്കിട്ടെടുത്തു. മുൻ ഫോമാ നാഷണൽ കമ്മറ്റിഅംഗം ബാബു മുല്ലശ്ശേരിയും സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ സെസിൽ വില്ലിസുമാണ് പുരസ്കാരം ജേതാക്കൾക്ക് കൈമാറിയത്. ഉപയോഗശൂന്യമായ ടയറുകൾ കൃഷിക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് ഇവർ നമുക്ക് കാണിച്ചു തരുന്നു. കൂടാതെ കോഴി വളർത്തലും ഇവരുടെ കൃഷിയിടങ്ങളെ സമ്പന്നമാക്കുന്നു.
“മാഗ് കർഷകശ്രീ 2020” യുടെ കോർഡിനേറ്ററായി പ്രവർത്തിച്ചത് തോമസ് വർക്കിയാണ്. ജഡ്ജസായി പ്രവർത്തിച്ചവർ ജോജി ജോസഫ്, ജോസ് കെ ജോൺ, മോൻസി കുര്യാക്കോസ് എന്നിവരാണ്. “ഈ പാൻഡെമിക് സമയത്ത് എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന സന്ദേശമാണ് മാഗ് മുന്നോട്ടുവച്ചത്. നിരവധി ആളുകളാണ് അവരുടെ കൃഷിരീതികൾ ഞങ്ങളുമായി പങ്കു വച്ചത്. അതിൽനിന്ന് ഒരു വിജയിയെ കണ്ടെത്തുന്നത് തന്നെ വളരെ പ്രയാസമുള്ള ജോലിയായിരുന്നു. എങ്കിലും ആ കർത്തവ്യം വളരെ ക്രിയാത്മകമായി ചെയ്ത ജഡ്ജസ് പാനലിൽ ഉള്ള എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു” എന്ന് ചടങ്ങിനുശേഷം മാഗ് പ്രസിഡൻറ് ഡോ സാം ജോസഫ് പറഞ്ഞു.