ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന കേരള ഇലക്ഷൻ 2021 ഡിബേറ്റു മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്‌ഫോർഡിലെ കേരളാ ഹൗസിൽ വച്ച് മാർച്ച് 28 നു ഞായറാഴ്ച 3 മണിയ്ക്ക് ആരംഭിക്കും.

കാലിക പ്രസക്തവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റിൽ കേരളത്തിലെ മൂന്ന് മുന്നണികളെയും ( യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ) പ്രതിനിധീകരിച്ചു വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കൂടി വളർന്ന് ,അമേരിക്കയിലും പഴയ ആവേശം ഒട്ടും കൈവിടാതെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തനമേഖലകളിൽ ശ്രദ്ധേയ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കരുത്തരായ മൂന്ന് മുന്നണി നേതാക്കളായ ജീമോൻ റാന്നി (യുഡിഎഫ്) അക്കു കോശി (എൽഡിഎഫ്) ഹരി ശിവരാമൻ (എൻഡിഎ) എന്നിവരാണ് സംവാദത്തിനു ചുക്കാൻ പിടിക്കുന്നത്. മുന്നണി നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും പൊതു ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയും ചെയ്യും. സജീവ ചർച്ചകൾക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾക്കും അവസരവും ഉണ്ടായിരിക്കും.

രാഷ്ട്രീയ കക്ഷികളോട് ‘മാഗിന്’ നിഷ്പക്ഷ നിലപാടാണുള്ളതെന്നും പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഉൾപ്പെടെ പല വിഷയങ്ങളും തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തോട് ചർച്ച ചെയ്യാൻ ലഭിക്കുന്ന ഈ അവസറാം എല്ലാ ഹൂസ്റ്റൺ മലയാളികളും പ്രയോജനപ്പെടുത്തണമെന്നും മാഗ് ഭാരവാഹികൾ അറിയിച്ചു. ഈ ഡിബേറ്റ് ‘സൂം’ വഴിയും മാഗ് (MAGH) ഫേസ്ബുക് ലൈവിൽ കൂടിയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ഡോ. രഞ്ജിത്ത് പിള്ള മോഡറേറ്ററുമായിരിക്കും.

ഹൂസ്റ്റൺ മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂർവം ക്ഷണിക്കുന്നുവെന്നു ഭാരവാഹികളായ വിനോദ് വാസുദേവൻ (പ്രസിഡണ്ട്) ജോജി ജോസഫ് (സെക്രട്ടറി)മാത്യു കൂട്ടാലിൽ (ട്രഷറർ)റനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) ഡോ.ബിജു പിള്ള (പിആർഓ) എന്നിവർ അറിയിച്ചു.
