അറിയപ്പെടുന്ന ബാലസാഹിത്യകാരന്മാരുടെ അക്ഷരപ്പാട്ടുകൾ, കടങ്കവിതകൾ, കുട്ടിക്കവിതകൾ, ഗുണപാഠ കവിതകൾ, രസകരമായ കഥകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് പ്രശസ്ത ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ ശ്രീ.എ.ബി.വി കാവിൽപ്പാട് മലയാളി മനസ്സ് വായനക്കാർക്കായി അവതരിപ്പിക്കുന്നു .. “ബാലപംക്തി”.
എല്ലാ ശനി, ഞായർ ദിവസങ്ങളിലും തയ്യാറാക്കി അവതരിപ്പിക്കുന്ന ഈ ബാലപംക്തി കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമായിരിക്കും എന്നതിൽ സംശയമില്ല..
നാലു പതിറ്റാണ്ടായി ബാലസാഹിത്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് എ.ബി.വി കാവിൽപ്പാട് എന്ന വേണു മാഷ്. കാവിൽപ്പാട് ഗവ: എൽ.പി.സ്കൂൾ, പാലക്കാട് പി.എം.ജി ഹൈസ്കൂൾ, ഗവ: വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ: ടി.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1981ൽ പ്രൈമറി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കൊല്ലങ്കോട് ഉപജില്ലയിലെ മൂച്ചങ്കുണ്ട് ഗവ: എൽ.പി.സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരിക്കെ 2017ൽ സർവ്വീസിൽ നിന്നും സ്വയം വിരമിച്ച് മുഴുവൻ സമയവും സാഹിത്യരചനകളിൽ ഏർപ്പെട്ടിരിക്കുകയാണ്.
ബാലസാഹിത്യത്തിനു പുറമെ പുനരാഖ്യാനം, നാടകം, ഹാസ്യ സാഹിത്യം, വൈജ്ഞാനികം, ഫോക്‌ലോർ എന്നീ മേഖലകളിലായി ഇതിനകം നൂറിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവിൽപ്പാട് മാഷിൻ്റെ രചനകൾ ബാലസാഹിത്യ ലോകത്തിന് ഒരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.