17.1 C
New York
Sunday, January 29, 2023
Home Special മലയാണ്മയുടെ അടയാളങ്ങള്‍

മലയാണ്മയുടെ അടയാളങ്ങള്‍

രാജൻ പടുതോൾ✍

Bootstrap Example

–കണ്‍നിറയെ കണികാണാനാവട്ടെ,
കെെയ് നിറയെ നേട്ടമുണ്ടാകട്ടെ,
മനസില്‍ കണിക്കൊന്ന പൂത്തുലയട്ടെ.–

കേരളത്തിന്റേതു മാത്രമായ ആഘോഷങ്ങളാണ് വിഷുവും ഓണവും . മലനാടിന്റെ ഋതുസംക്രമങ്ങള്‍ അടയാളപ്പെടുത്തുന്നവയാണ് ഈ ആഘോഷങ്ങള്‍. അതുകൊണ്ടുതന്നെ മലനാടിനു പ്രത്യേകമായ പൂക്കളും പഴങ്ങളുമാണ് ഈ അവസരങ്ങളിലെ താരങ്ങള്‍.

വഴിയോരങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന സ്വര്‍ണാഭയാര്‍ന്ന കൊന്നപ്പൂക്കള്‍ വിഷു സംക്രമത്തിന്റെ വരവ് വിളംബരം ചെയ്യുന്നു. കൊന്നപ്പൂക്കളും, അതിന്റെ സ്വര്‍ണാഭക്ക് മാറ്റുകൂട്ടുന്ന വെള്ളരിയും , ‘സൗഗന്ധികസ്വര്‍ണമായ’ മാമ്പഴവും കണികണ്ടുണരുന്ന വിഷു മലനാടിന്റെ പുതുവര്‍ഷാരംഭമാണ്. പൂക്കളുടേയും പഴങ്ങളുടേയും സമൃദ്ധി വരാനിരിക്കുന്ന ഉര്‍വരതയുടെ സൂചനകളാണ്. മനുഷ്യമനസ്സില്‍ പൂത്തുലയുന്ന ആഹ്ലാദത്തിന്റെ സാക്ഷാത്കാരമാണ് കൊന്നപ്പൂക്കള്‍.

കൃഷിയുടെ ഋതുക്കളുടെ പ്രാരംഭം കുറിക്കുന്ന ദിനമാണ് വിഷു. ഇരുപത്തിയേഴു ഞാറ്റുവേലകളില്‍ ആദ്യത്തേതായ അശ്വതി ഞാറ്റുവേല പിറക്കുന്നത് അന്നാണ്. പ ന്ത്രണ്ടു കാര്‍ഷികമാസങ്ങളായി വിഭജിക്കപ്പെട്ട കേരളത്തിന്റെ കാര്‍ഷികവര്‍ഷം (കൊല്ലവര്‍ഷം) തുടങ്ങുന്ന ഈ ദിവസം ”വിത്തും കെെയ്ക്കോട്ടും ” തയാറാക്കേണ്ട മേടമാസത്തിലേക്കുള്ള കാല്‍വെപ്പാണ്. മേടക്കൂറിലേക്ക് സൂര്യന്‍ സംക്രമിക്കുന്നത് ഈ ദിവസമാണ്.

അശ്വതിയും ഭരണിയും കാര്‍ത്തികയുടെ കാലുംചേര്‍ന്ന രണ്ടേകാല്‍ ഞാറ്റുവേലകളാണ് മേടക്കൂറ് അഥവാ മേടമാസം. (മേടമാസത്തിലെ അവസാനദിവസത്തെയാണ് കര്‍ഷകര്‍ കാര്‍ത്തികക്കാല് എന്നു വിളിച്ചു പോന്നത്.). അതിനു പിന്നാലെ വരുന്ന എടവക്കൂറ് (എടവമാസം ) കൃഷിപ്പണിക്കു ഞാറു നടാനുള്ള കാലമാണ്. കാര്‍ത്തികയുടെ മുക്കാലും, രോഹിണിയും മകയിരത്തിന്റെ പകുതിയുംചേര്‍ന്ന രണ്ടേകാല്‍ ഞാറ്റുവേലകളുടെ കൂറാണ് ഈ മാസം. മകയിരത്തിന്റെ രണ്ടാം പകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ മുക്കാലും ചേര്‍ന്ന രണ്ടേകാല്‍ ഞാറ്റുവേലകളുടെ കാലമായ മിഥുനം കൃഷിപ്പണിക്കുള്ളതാണ്. പുണര്‍തത്തിന്റെ കാല്‍ ഭാഗവും പൂയവും ആയില്യവും ചേര്‍ന്ന ”കറുകറെ കാര്‍മുകില്‍ക്കൊമ്പനാനപ്പുറത്തേറി വരുന്ന ” കര്‍ക്കിടകത്തേവര് മലനാട്ടിന്റെ വര്‍ഷഋതുഉത്സവത്തിന്റെ് എഴുന്നള്ളത്താണ്.

അങ്ങനെ 2 1/4 ×12=27 ഞാറ്റുവേലകളാണ് കേരളത്തിന്റെ ഋതുക്കള്‍.ഹേമന്തം, ശിശിരം, വസന്തം മുതലായ ഋതുക്കള്‍ മലയാളിയുടെ പഞ്ചാംഗത്തിന്റെ ഭാഗമല്ല.
ഇരുപത്തേഴു ഞാറ്റുവേലകള്‍ (ഋതുക്കള്‍ ) ഇങ്ങനെ —
മകം-പൂരം- ഉത്രം1/4 –ചിങ്ങക്കൂറ് (ചിങ്ങമാസത്തിലെ അവസാന ദിവസത്തെയാണ് ഉത്രത്തില്‍ കാല് എന്നു കൃഷിക്കാര്‍ പറയുന്നത്‌ )
ഉത്രം 3/4-ചിത്ര -ചോതി1/2 –കന്നി,
ചോതി 1/2-വിശാഖം- അനിഴം3/4 –+തുലാം
അനിഴം1/4 -തൃക്കേട്ട -മൂലം –വൃശ്ചികം
……. എന്നിങ്ങനെ നീണ്ടുപോകുന്നമലയാള പഞ്ചാംഗത്തിലെ ഋതുക്കളില്‍ അവസാനത്തേത് പുരൂരട്ടാതി1/4- ഉത്രട്ടാതി –രേവതി ഞാറ്റുവേലകള്‍ ചേര്‍ന്ന മീനക്കൂറ്(മാസം ) ആണ്.

മാനം തെളിഞ്ഞു മഴക്കാറുനീങ്ങി വരുന്ന ചിങ്ങമാസം തുടങ്ങുന്നത് മകം ഞാറ്റുവേലയോടെയാണ്.” നേന്ത്രപ്പഴത്തോട് മല്ലടിച്ച് കോന്ത്രമ്പല്ലൊക്കെ കൊഴിയുന്ന ” മലയാളിയുടെ ഓണക്കാലമാണ് ഈ മാസം.വിഷുവിന് കൊന്നപ്പൂവു പോലെ വിശേഷപ്പെട്ട തുമ്പപ്പൂവ് ആണ് ഓണത്തന്റെ താരം. മുക്കുറ്റിപ്പൂവും ഒപ്പമുണ്ട്. കൊട്ടും കുരവുയുമില്ലാതെ, നിറപ്പകിട്ടും മാദകഗന്ധവുമില്ലാതെ, വേലിമാടത്തിലും കിണറുവക്കിലും നാണം കുണുങ്ങിനില്‍ക്കുന്ന ഈ പൂത്താലിപൂക്കള്‍ മലയാളിക്കും മാവേലിക്കും ഒരേപോലെ ആഹ്ലാദം പകരുന്നു.

തുമ്പയും മുക്കുറ്റിയും പോലെ സ്നിഗ്ധവും മുഗ്ധവുമാണ് മലയാളിയുടെ സഹൃദയത്വം. വെണ്മയുടെ ശുഭ്രത വേഷത്തിലും അലങ്കാരങ്ങളിലും കൊണ്ടാടുന്നതിന്റെ ഒരു തുടര്‍ച്ചയായിരിക്കാം ഈ തുമ്പപ്പൂഭ്രമം. മാബലിയെ വരവേല്‍ക്കുന്ന പൂക്കളെല്ലാം മലയാളിയുടെ അനാര്‍ഭാടമായ സൗന്ദര്യബോധത്തിന്റെ നിദര്‍ശനങ്ങളായി മഹാകവി വെെലോപ്പിള്ളി കാട്ടിത്തരുന്നുണ്ട്.

”മാനിച്ചോരോ മലരുകള്‍ ചെന്നൂ മാബലി ദേവനെയെതിരേല്‍ക്കാന്‍
തങ്കച്ചാറില്‍ തനുമിന്നും പടി മുങ്ങിച്ചെന്നൂ മുക്കുറ്റി
പാടലമാം പട്ടാടയൊടെത്തി പാടത്തുള്ളൊരു ചിറ്റാട
ആമ്പലിനുണ്ടു കിരീടം, നെല്‌ളി-ക്കഴകിലുമുണ്ടൊരു സൗരഭ്യം!
കരള്‍ കവരുന്നൊരു നിറമോ മണമോ കണികാണാത്തൊരു തുമ്പപ്പൂ
വ്രീളയൊതിക്കിയണഞ്ഞു, കാലടി പോലെയിരിക്കും തുമ്പപ്പൂ!
ദേവന്‍ കനിവൊടു നറുമുക്കുറ്റി-പ്പൂവിനെയൊന്നു കടക്ഷിച്ചു.

കുതുകാല്‍ത്തടവി ചിറ്റാടപ്പൂകൂടുതലൊന്നു തുടുപ്പിച്ചു
ആമ്പലിനേകി പുഞ്ചിരി നെല്‌ളി-പ്പൂണ്‍പിനെയമ്പൊടു ചുംബിച്ചു
പാവം തുമ്പയെ വാരിയെടുത്തഥദേവന്‍ വച്ചൂ മൂര്‍ധാവില്‍!
പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളില്‍ നീയേ ഭാഗ്യവതി!” (തുമ്പപ്പൂവ് )

കണിക്കൊന്നയൊരുക്കുന്ന വിഷുക്കണിയും തുമ്പപ്പൂക്കുടം വരവേല്‍കക്കുന്ന ഓണവും ആഘോഷമാകുന്നത് പൂക്കളുടെ പേരിലാണ്. ദേവന്മാര്‍ ഈ ആഘോഷങ്ങളിലെ മുഖ്യകഥാപാത്രങ്ങളല്ല. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ ഹെെന്ദവം എന്നു തോന്നിക്കുമെങ്കിലും അവ മതത്തിലേക്ക് ഒതുങ്ങുന്ന ആചാരങ്ങളല്ല. ആചാരങ്ങള്‍ക്കല്ല ,ആഘോഷങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം.

പ്രകൃതി നമുക്കായൊരുക്കുന്ന വിഭവസമൃദ്ധമായ സദ്യയാണ് വിഷുവും ഓണവും.’ ഞാറ്റുവേലകളുടെ സര്‍ഗസൃഷ്ടിയാണ് മലയാളിമനസ്. കുരുമുളക് ആരു കടത്തിക്കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാവില്ലല്ലോ എന്ന് സമാധാനിച്ചവരാണ് മലയാളികള്‍.അതു നഷ്ടപ്പെടുന്ന ഭീഷണി മലയാളിയുടെ മലയാണ്മ നേരിടുന്ന വെല്ലുവിളിയാണ്.

രാജൻ പടുതോൾ

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: