റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർമാരായി മറിയാമ്മ പിള്ള, എബ്രഹാം ഈപ്പൻ (പൊന്നച്ചൻ) എന്നിവരെ തെരെഞ്ഞെടുത്തു. ടെക്‌സാസ് റീജിയണൽ ആർ.വി.പിയായി ഡോ. രഞ്ജിത്ത് പിള്ളയേയും തെരെഞ്ഞെടുത്തു.
ട്രസ്റ്റി ബോർഡ് മെമ്പർ ആയിരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് തമ്പി ചാക്കോ രാജിവച്ചൊഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് കൂടിയായ മറിയാമ്മ പിള്ളയെ തെരെഞ്ഞെടുത്തത്. ഫൊക്കാനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡണ്ട് ആയിരുന്ന മറിയാമ്മ പിള്ള ഫൊക്കാനയുടെ ഏറ്റവും ശക്തയായ വനിതാ നേതാവാണ്. ചിക്കാഗോയിൽ മലയാളികളുടെ ഇടയിൽ ഒരുപാട് സാമൂഹ്യ- സാമുദായിക- സന്നദ്ധ പ്രവർത്തനങ്ങളിൽ ദശാബ്ദങ്ങളായി ഏർപ്പെട്ടുവരുന്ന മറിയാമ്മ പിള്ള ഫൊക്കാനയുടെ ഉരുക്കു വനിത എന്ന പേരിലാണ് അറിയയപ്പെടുന്നത്. ചിക്കാഗോയിൽ ഒരുപാട് മലയാളികൾക്ക് കൈത്താങ്ങായിട്ടുള്ള മറിയാമ്മ പിള്ള അമേരിക്കയിലേക്ക് കുടിയേറിയ ഒരു പാട് നഴ്സുമാർക്ക് ജോലി നൽകുകയും അവരെ ആർ.എൻ. പരീക്ഷ എഴുതാനായി പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. സംഘടനകൾക്കതീതമായി ചിക്കാഗോ മലയാളികൾക്കിടയിൽ സ്വാധീനമുള്ള മറിയാമ്മ പിള്ള ഫൊക്കാനയുടെ മുൻ നിരനേതാക്കന്മാരിൽ ഒരാളാണ്.
നിലവിലുള്ള ട്രസ്റ്റി ബോർഡംഗമായ ടോമി അമ്പേനാട്ട് രാജിവച്ച ഒഴിവിലേക്കാണ് എബ്രഹാം ഈപ്പൻ ട്രസ്റ്റി ബോർഡ് മെമ്പർ ആയി എത്തുന്നത്. ഫൊക്കാനയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് എബ്രഹാം ഈപ്പൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ തെരെഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് നടന്ന ഒത്തുതീർപ്പു വ്യവസ്ഥ പ്രകാരമാണ് എബ്രഹാം ഈപ്പൻ ബോർഡിലേക്ക് കടന്നു വരുന്നത്. അദ്ദേഹത്തെ ഉൾക്കൊള്ളിക്കാൻ നിലവിൽ തെരെഞ്ഞെടുക്കപ്പെട്ടിരുന്ന ടോമി അമ്പേനാട്ട് രാജി വയ്ക്കുകയായിരുന്നു.
ഫൊക്കാനയുടെ മുൻ വൈസ്പ്രസിഡന്റ്, കൺവൻഷൻ ചെയർമാൻ, ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏബ്രഹാം ഈപ്പൻ ഹ്യുസ്റ്റനിലെ പ്രശസ്തമായ മലയാളീ അസോസിയേഷൻ വൈസ് പ്രസിഡന്റ്, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും, മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ പ്രഥമ ഭദ്രാസന കൗണ്സിൽ അംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ടെക്സസ് ആർ. വി.പി. യായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. രഞ്ജിത്ത് പിള്ള ഫൊക്കാനയുടെ കഴിഞ്ഞ ഭരണസമിതിയിലും ആർ.വി.പിയായിരുന്നു. പ്രമുഖ സംഘടനാ പ്രവർത്തകനും ഐ. ടി പ്രൊഫഷനലും ബിസിനെസുകാരനുമായ ഡോ.രഞ്ജിത്ത് പിള്ള ഫൊക്കാനയ്ക്കു ഒരു പ്രൊഫഷണൽ മുഖം നൽകാൻ ഏറെ പരിശ്രമിച്ച നേതാവാണ്. ഫൊക്കാനയുടെ കലാസാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ:രഞ്ജിത്ത് പിള്ള മാധവൻ നായർ ബി. നേതൃത്വം നൽകുന്ന എല്ലാ പദ്ധതികൾക്കും പിന്തുണയും ഫൊക്കാന ഏഞ്ചൽ കണക്ട് എന്ന ചരിത്ര സംഭവമായ പദ്ധതിയുടെ സൂത്രധാരകനുമാണ്.
ഫൊക്കാനയുടെ ഐക്യത്തിനും ഒത്തൊരുമയ്ക്കുമായി സ്ഥാനത്യാഗം ചെയ്ത ട്രസ്റ്റി ബോർഡ് മെമ്പർ ടോമി അമ്പേനാടിനെ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, പ്രസിഡണ്ട് ജോർജി വർഗീസ് എന്നിവർ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സംഘടനാ സ്നേഹം കൊണ്ടു മാത്രമാണ് സ്ഥാനത്യാഗം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്നും ഇരുവരും പറഞ്ഞു.
ഫൊക്കാനയുടെയും മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും അമേരിക്കയിലുടനീളമുള്ള പ്രവർത്തകരോട് വളരെ അടുത്ത വ്യക്‌തിബന്ധം പുലർത്തുന്ന ഈ മൂന്നു നേതാക്കന്മാരുടെ നിയമനം ഫൊക്കാനായ്ക്കു ഒരു മുതൽക്കൂട്ടയിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് ജോർജ്ജി വർഗീസ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അഭിപ്രായപ്പെട്ടു.