കാർഷിക കേരളത്തിൻ്റെ പുതുവർഷപ്പുലരിയാണ് വിഷു. മണ്ണിനെയും പ്രകൃതിയേയും ഏറെ വൈകാരികതയോടെ നെഞ്ചേറ്റിയിരുന്ന തലമുറയുടെ ആഹ്ലാദം കൊന്നപ്പൂക്കളായി വിരിയുന്ന പ്രഭാതം’. വിഷുക്കണിയും വിഷുക്കൈനേട്ടവും വിഷക്കഞ്ഞിയുമൊക്കെ മഹാകാര്യങ്ങളായി മനസ്സിലേറ്റി നടന്ന ആ തലമുറ ഇന്ന് നാമാവശേഷമായിരിക്കുന്നു.
തമിഴർ തൈപ്പൊങ്കലും മാട്ടുപ്പൊങ്കലുമൊക്കെ ആഘോഷിക്കുന്നപോലെയും വടക്കേന്ത്യക്കാർ ഹോളിയും ദീപാവലിയും ആഘോഷിക്കന്നതുപോലെയോ ഇന്നത്തെ മലയാളി മനസ്സുകൊണ്ട് വിഷുവും ഓണവും തിരുവാതിരയുമൊന്നും ആഘോഷിക്കുന്നില്ല. മലയാളത്തനിമകളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ പാശ്ചാത്യ സംസ്കാരത്തിന് അടിയറവച്ച മലയാളി മലയാളഭാഷയെ തന്നെ അറപ്പോടെ കാണുന്ന കാലമാണിത്.
ഹൈടെക് യുഗം പിറന്നതോടെ നമ്മുടെ തനത് ആഘോഷങ്ങളുടെയൊക്കെ വർണ ഭംഗി നഷ്ടമായി. എങ്കിലും നാം വിഷു ആഘോഷിക്കുന്നു. തികച്ചും നിർവികാരമായും ഹൃദയത്തിൽ തൊടാതെയും ഉള്ള ആഘോഷങ്ങളാണിന്നു കാണുന്നത്. അത് മാറണം. മലയാളി മലയാളിയാകണമെങ്കിൽ വിഷു തുടങ്ങിയ എല്ലാ കേരളീയ ആചാരങ്ങളെയും വൈകാരികതയോടെ കാണുകയും പിൻപറ്റുകയും ചെയ്യണം: മലയാളിയായി പിറന്നതിൽ അഭിമാനം കൊള്ളണം.
ആധുനിക ഭൗതിക സുഖങ്ങളൊന്നും കൈവിടാതെ തന്നെ മനസ്സുകൊണ്ട് നമ്മുടേത് മാത്രമായ ഇത്തരം ആചാരങ്ങളുടെ സന്ദേശം ഉൾക്കൊള്ളാൻ കഴിയും; സമൃദ്ധമായ ഒരു കാർഷിക വർഷത്തിനെ മനസ്സാ വരവേൽക്കാൻ ഈ വിഷു മുതലെങ്കിലും എല്ലാ മലയാളിക്കും മനസ്സ്ണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
കിളിരൂർ രാധാകൃഷ്ണൻ
ആറു പതിറ്റാണ്ടുകളായി സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നു. ഡി.സി. ബുക്സിൻ്റെ ജനറൽ മാനേജർ 2002 വരെ. ആകെ 100 പുസ്തകങ്ങൾ. 75 ബാലസാഹിത്യകൃതികൾ. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ 9 അവാർഡുകൾ. (N C E R T, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഭീമ അവാർഡ്, SBI അവാർഡ്, സാഹിത്യ അക്കാദമി etc)