മധ്യവയസ്സ് പിന്നിട്ടവര്‍ ഒരു ദിവസം ഏഴ് മണിക്കൂര്‍ ഉറക്കത്തിനായി ചെലവഴിക്കുന്നതാകും ഉത്തമമെന്ന് കേംബ്രിജ്, ഫുഡാന്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതില്‍ കുറവോ കൂടുതലോ ഉറങ്ങുന്നത് ഇവരുടെ ധാരണാശേഷിയെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യുകെ ബയോബാങ്കില്‍ നിന്നും 38നും 73നും ഇടയില്‍ പ്രായമുള്ള 50,000 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള വേഗത്തെയും ഒരു ദൃശ്യത്തില്‍ ശ്രദ്ധയൂന്നാനുള്ള കഴിവിനെയും ഓര്‍മശക്തിയെയും പ്രശ്നപരിഹാര ശേഷിയെയും ബാധിക്കാന്‍ ഉറക്കമില്ലായ്മയ്ക്കും അമിതമായ ഉറക്കത്തിനും കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
ഉത്കണ്ഠ, വിഷാദരോഗം എന്നിവയും ഇക്കൂട്ടരെ ബാധിക്കാം. ആവശ്യത്തിന് ഉറക്കമില്ലാത്ത ആവസ്ഥ തലച്ചോറില്‍ വിഷാംശങ്ങള്‍ അടിഞ്ഞു കൂടുന്നതിനും കാരണമാകും. പ്രായമാകും തോറും നല്ല ഉറക്കം കിട്ടാത്ത അവസ്ഥയുടെ കാരണങ്ങള്‍ സങ്കീര്‍ണമാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉറക്കത്തിന്റെ ഗുണനിലവാരം കാത്തു സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. പ്രായമായവരുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ മാനസികാരോഗ്യത്തെയും ജീവിതനിലവാരത്തെയുമെല്ലാം മികച്ചതാക്കാന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.