മോഹങ്ങൾപൂവിട്ടയെൻ മനോവാ ടിയിൽ
വസന്തങ്ങളെത്രയോ വന്നുപോയി
മോഹിച്ചതെല്ലാംപാഴ്ക്കിനാവായി
നോവുപകർന്നുകടന്നുപോയി
പോയകാലത്തിൻ്റെ മധുവൂറുമോർ മ്മകൾ ഓടിയെത്തുന്നുകിനാവുപോലെ
ഇന്നിൻ്റെനൊമ്പരമെല്ലാമകറ്റുവാൻ
ഇന്നുമെൻചാരെയുണ്ടിഷ്ടബാല്യം
കാലംകനിഞ്ഞൊരാകൊതിയൂറും നാളുകൾ
മതിവരാതിന്നും മനസ്സിലുണ്ട്
അമ്പിളിമാമൻ്റെയുള്ളിലെ മാനിനെ
അമ്പരപ്പോടെ തിരഞ്ഞകാലം
അമ്പിളിമാമനെ കാണാത്തരാവിൽ
ഏറെത്തിരഞ്ഞു തളർന്നകാലം
നക്ഷത്രക്കൂട്ടത്തെയെണ്ണിയെന്നുച്ചത്തിൽ
പൊങ്ങച്ചമായ് പറഞ്ഞകാലം
എണ്ണുവാനാവില്ലയെന്നറിഞ്ഞീടവെ
നാണിച്ചു തലതാഴ്ത്തി നിന്നകാലം
കമുകിൻ്റെ പാളയിൽ കയറിയിരുന്നന്ന്
പലകുറിപലവഴി പാഞ്ഞകാലം
വീറോടെഗോട്ടികളിക്കവെയോരോ ന്നായ്
നഷ്ടമായ്പ്പോയൊരാ കഷ്ടകാലം
കുട്ടിയുംകോലും കളിക്കവെ പൊട്ടിയ
നെറ്റിയിൽചോരപൊടിഞ്ഞകാലം
ആഞ്ഞിലിപ്പഴമൊന്ന് വീഴുവാൻ കാത്തന്ന്
ആഞ്ഞിലിച്ചോട്ടിലിരുന്ന കാലം
ഞാവൽപ്പഴത്തിൻ്റെ നിറമാർന്ന നാവിനെ
കാണുവാൻ കണ്ണാൽ തിരഞ്ഞകാലം
അപ്പൂപ്പൻ താടികൾ ഊതിപ്പറപ്പിച്ച്
അപ്പൂപ്പൻതാടിപോൽപറന്നകാലം
നൂലറ്റപട്ടം പോകുംവഴിനോക്കി
പൊട്ടിയനൂലുമായ്നിന്നകാലം
കണ്ണിമാങ്ങാകടിച്ചന്ന്ചുണ്ടുകൾ പൊള്ളിച്ച്
വാപൊത്തിമിണ്ടാതെ നിന്നകാലം
പാതിപഴുത്തൊരാമാങ്ങാപറിച്ചന്ന്
മുത്തശ്ശി ചെത്തിത്തരുന്നനേരം
കൊതിയോടെയോരോന്നായ് മതിവരു വോളം
രുചിയോടെയിഷ്ടത്താൽ തിന്നകാലം
കളിവീടൊരുക്കികാരണോരായി
കൂട്ടരെയെല്ലാം ഭരിച്ചകാലം
ചാമ്പക്കപൊട്ടിച്ച്കൂട്ടുകാരൊത്തന്ന്
ഉപ്പുതേച്ചൊന്നു രുചിച്ചകാലം
ഉപ്പുപോരാഞ്ഞന്നല്പമെരിവിനായ്
മുളകേറെചേർത്തുകരഞ്ഞകാലം
ഓണമെത്തുന്നേരംപൂക്കൾതിരഞ്ഞന്ന്
ഓരോതൊടിയിലും അലഞ്ഞ കാലം
ഓലപ്പമ്പരംകാറ്റിൽക്കറക്കി
ഒന്നാമതെത്തുവാൻപറന്നകാലം
ഓലപ്പീപ്പിയും കണ്ണടയും വാച്ചും
ചേലൊത്തപന്തും മിടഞ്ഞകാലം
മുങ്ങാംകുഴിയിട്ട് പുഴയുടെയാഴങ്ങൾ
മിഴിവോടെകണ്ടുതിരിച്ചകാലം
നത്തിൻ്റെകൂട്ടിലെത്തിനോക്കുന്നേരം
കണ്ണുകൾകണ്ട് ഭയന്നകാലം
മഴപെയ്യുന്നേരംചേമ്പിലത്താളിനെ
കുടയാക്കിച്ചൂടിനനഞ്ഞകാലം
മഴവെള്ളപ്പാച്ചിലിൽകളിവഞ്ചിയുണ്ടാക്കി
വാക്കാൽതുഴഞ്ഞതുമോർമ്മയുണ്ട്
ആലിപ്പഴങ്ങൾകൈക്കുമ്പിൾ നിറയെ
ആവോളം നിറച്ചതുമോർമ്മയുണ്ട്
മണ്ണപ്പം ചുട്ടുകളിക്കുന്നനേരം
പിണങ്ങിയിരുന്നതുമോർമ്മയുണ്ട്
കല്ലെടുക്കാത്തൊരു തുമ്പിയെ കോപത്താൽ
കള്ളനായ്ക്കണ്ടതുമോർമ്മയുണ്ട്
കണ്ണാരം പൊത്തിക്കളിക്കുന്നനേരം
ഒരുകണ്ണാൽ നോക്കിയതോർമ്മയുണ്ട്
തൊട്ടുകളിക്കുമ്പോളിഷ്ടമാം കൂട്ടിനെ
തൊടാതങ്ങുവിട്ടതുമോർമ്മയുണ്ട്
പള്ളിമണിയാരുംകാണാതടിച്ചന്ന് ഓടിമറഞ്ഞതുമോർമ്മയുണ്ട്..
അമ്പലക്കുളത്തിലെ ശാന്തമാം വെള്ളത്തിൽ കല്ലെടുത്തിട്ടതുമോർമ്മയുണ്ട്
ഓളങ്ങളുതിരുന്ന നേരത്ത് തഞ്ചത്തിൽ
ഓടിയൊളിച്ചതുമോർമ്മയുണ്ട്
അച്ഛൻ്റെ ഷർട്ടിട്ട് കാണാത്ത കൈയൊന്ന്
ആട്ടിക്കളിച്ചതുമോർമ്മയുണ്ട്
മാറിൽച്ചിരട്ടകൾ രണ്ടെണ്ണം വെച്ചന്ന്
മാമൂട്ടിക്കളിച്ചതുമോർമ്മയുണ്ട്
ചക്കരമാവിൻ്റെ കൊമ്പിലിരിക്കുന്ന അണ്ണാരക്കണ്ണനെയോർമ്മയുണ്ട്
മാമ്പഴംകാട്ടിക്കൊതിപ്പിച്ചനേരം കല്ലെറിഞ്ഞോടിച്ചതോർമ്മയുണ്ട്
തെറ്റിയൊരുന്നത്തിൽ കൂട്ടമായ് ചാടിയ
ഉറുമ്പിൻ്റെകൂട്ടത്തെയോർമ്മയുണ്ട്
ചോണനെറുമ്പുകൾ വാത്സ്യല്യ ത്തോടന്ന്
കെട്ടിപ്പുണർന്നതുമോർമ്മയുണ്ട്
തേനീച്ചക്കൂടിനെകുത്തിയിളക്കി
കുത്തേറെവാങ്ങിയതോർമ്മയുണ്ട്
പാടവരമ്പത്തോടുന്ന ഞണ്ടിൻ്റെ
കാലിൽചവിട്ടിയതോർമ്മയുണ്ട്..
കാൽവിരൽത്തുമ്പിലത്രമേലിഷ്ടമായ്
ഇറുക്കിപ്പിടിച്ചതുമോർമ്മയുണ്ട്
പുളിമരക്കൊമ്പിൻ്റെബലമുള്ളൊരറ്റത്ത്
ഊഞ്ഞാൽതീർത്തതുമോർമ്മയുണ്ട്
എഴുതിമായ്ക്കുന്നൊരു സ്ലേറ്റിനെയി ഷ്ടത്താൽ
പൊട്ടാതെകാത്തതുമോർമ്മയുണ്ട്
തുപ്പലുംകൂട്ടിയന്നക്ഷരം മായ്ക്കവെ
ടീച്ചറടിച്ചതുമോർമ്മയുണ്ട്..
മഷിത്തണ്ടിൽ നീരാലെ മായ്ച്ചൊരാ തെറ്റുകൾ
മനസ്സിൽ മായാതെയിന്നുമുണ്ട്..
ഒരുകുറിമുണ്ടന്ന് വലയാക്കിപ്പരലിനെ
പരപ്പിൽ തിരഞ്ഞതുമോർമ്മയുണ്ട്..
ഒരു ബീഡി കത്തിച്ചൊരുമിച്ചുചേലിൽ
ആഞ്ഞു വലിച്ചതുമോർമ്മയുണ്ട്
ഒരു തളിർവെറ്റില മെല്ലെചവച്ചന്ന്
മുത്തശ്ശനായതുമോർമ്മയുണ്ട്
ചൂരൽക്കഷായം കയ്പല്ല ചൂടെന്ന്
ആദ്യമറിഞ്ഞതു മോർമ്മയുണ്ട്
പാവാടക്കാരിയെ കൂട്ടുചേർത്തീടുവാൻ
കൂട്ടർ പറഞ്ഞതുമോർമ്മയുണ്ട്
ആരെയോ നീട്ടി വിളിക്കുന്നകുയിലിനെ
തിരികെ വിളിച്ചതുമോർമ്മയുണ്ട്..
സന്ധ്യയിൽ തെളിയുന്ന മിന്നാമിനു ങ്ങിൻ്റെ
പിന്നാലെ ചെന്നതുമോർമ്മയുണ്ട്
മഞ്ചാടിമണികൾ തികയാതെയിഷ്ട ത്താൽ
പലകുറികട്ടതുമോർമ്മയുണ്ട്
പുസ്തകത്താളിലെമയിൽപ്പീലിയമ്മയ്ക്ക്
കാവലിരുന്നതുമോർമ്മയുണ്ട്
ഈർക്കിലിത്തുമ്പിനാൽ അമ്മ തലോടവെ
വിതുമ്പിക്കരഞ്ഞതുമോർമ്മയുണ്ട്
അച്ഛൻ വരുന്നതും കാത്തേറെനേരം
പടിയിലിരുന്നതുമോർമ്മയുണ്ട്
ഒടുവിൽ മയങ്ങുന്ന നേരത്ത്കിട്ടിയ
പലഹാരമെന്തെന്നുമോർമ്മയുണ്ട്
ഇഷ്ടങ്ങളെല്ലാം നഷ്ടങ്ങളെങ്കിലും
ഇഷ്ടത്താലോർക്കുവാനിഷ്ടമുണ്ട്
പോയകാലത്തിൻ്റെ ഓർമ്മകളിന്നും
ഓർത്തങ്ങിരിക്കുവാനിഷ്ടമുണ്ട്..
ബൈജു തെക്കുംപുറത്ത്
ഏറെ സന്തോഷം
സ്നേഹം
നന്ദി
🙏🙏❣️
മധുരിക്കുന്ന ഓർമ്മകളിൽ ജീവനുള്ള മനോഹരമായ വരികൾ
അഭിനന്ദനങ്ങൾ🌹🌹🌹🌹