കാലചക്രം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കാല ജീവിതങ്ങളൊക്കെ ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ ഒന്നും ഓർക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ്. എഴുത്തിന്റെ മായിക ലോകത്ത് എത്തിപ്പെടുന്നത്. അവിടെ എനിക്ക് കിട്ടിയ അവസരമാണ്, ബാല്യകാലം ഓർത്തെഴുതുക എന്നത്.
മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ മാറാല പിടിച്ച ചിത്രങ്ങളായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഇന്നും. അത് പൊടിതട്ടിയെടുക്കാൻ ശ്രമിക്കുകയാണിപ്പോൾ.
ഓർമ്മ എന്ന സുഖമുള്ള നൊമ്പരം തിരിച്ചു കിട്ടില്ല എന്നറിയാമായിരുന്നിട്ടും, വീണ്ടും ഞാൻ അവയെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.
അമ്പലവും, തോടും, വയലും,കുന്നുകളും,പ്രകൃതിയാൽ അനുഗ്രഹീതമായി പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും, കുന്നുകളും, തലയുയർത്തി നിൽക്കുന്ന തെങ്ങുകളും, തെളിഞ്ഞ വെള്ളം നിറഞ്ഞ നിൽക്കുന്ന കുളങ്ങളും,കിണറുകളും, കിണർ വക്കിൽ നിന്ന് കൊണ്ട് വിശേഷം പറയുന്ന സ്ത്രീകളും, വിശാലമായ പറമ്പുകളും ഒക്കെയുള്ള എന്റെ ഗ്രാമം.
ഈ ഗ്രാമത്തിന്റെ വിശേഷങ്ങൾ പറഞ്ഞാൽതീരില്ല.
എന്റെ കുട്ടികാലത്ത് പറമ്പിലും, കുളത്തിലും,പാടത്തും, തോട്ടിലും,
നിർഭയം ഓടികളിക്കാൻ കഴിയുമായിരുന്നു. പൊരി വെയിലിലും കോരിചൊരിയുന്ന മഴയത്തും കുട്ടികാലത്തെ ജീവിതം ഒരാഘോഷമാക്കിയാണ് ഞങ്ങൾ വളർന്നത്.
വൈകുന്നേരമായാൽ
കൂട്ടുകാരോടൊത്ത് കുളത്തിൽ കുളിക്കാൻ പോകുന്നത് പതിവാണ്. എന്നെ പോലെ നീന്താൻ അറിയില്ലാത്തവർ കുളത്തിലെ പടവിൽ ഇരുന്ന് കാലിട്ടടിക്കും. നീന്തൽ അറിയാവുന്നവർ അക്കരയ്ക്ക് നീന്തി പോകും. ഇത് സങ്കടത്തോടെ നോക്കി നിൽക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
ഒരുനാൾ പടവിൽ നിന്ന് കാലിട്ടടിക്കുമ്പോൾ കാല് തെന്നി കയത്തിലേക്ക് പോയി.ഞാൻ മുങ്ങാൻ തുടങ്ങി.കൂട്ടുകാർക്ക് ഞാൻ മുങ്ങുകയാണോ നീന്തുകയാണോ എന്ന് അറിയില്ല. ഞാൻ വെള്ളം കുടിച്ചു താഴ്ന്നു പോകാൻ തുടങ്ങുമ്പോഴാണ് അവർക്കു മനസിലായത് ഞാൻ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്.
എല്ലാരും കരച്ചിലായി ബഹളമായി. കുട്ടികളുടെ കരച്ചിൽ കേട്ട് അതിലെ വന്ന,വീടിനടുത്തുള്ള ജാനകിച്ചേച്ചി ഓടി വന്ന്. മുങ്ങിക്കൊണ്ടിരിക്കുന്ന എന്നെ തലമുടിയിൽ പിടിച്ച് കരക്കെത്തിച്ചു.
ജാനകിച്ചേച്ചി എനിക്ക് പുനർജന്മം തന്നു.
അമ്മ അറിഞ്ഞാൽ അടി ഉറപ്പ്, അതിനെക്കാളുപരി പിന്നെ കുളത്തിൽ കുളിക്കാൻ പോകാൻ വിടില്ല..
കൂട്ടത്തിലുള്ള ഒരു വിരുതൻ അമ്മയോട് പറഞ്ഞു അടിയും കിട്ടി. കുളത്തിൽ പോകാനുള്ള വിലക്കും കല്പ്പിച്ചു.
പക്ഷെ ഞാൻ അടങ്ങിയിരുന്നില്ല. അമ്മ അറിയാതെ പോയി നീന്തൽ പഠിച്ചു.
എന്റെ അമ്മ നല്ലൊരു കൃഷിക്കാരിയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഞങ്ങളുടെ പറമ്പിൽ കപ്പ കൃഷി ഉണ്ടായിരുന്നു.ഇത് ഏപ്രിൽ.. മെയ് മാസങ്ങളിൽ കിളച്ചു തുടങ്ങും. കപ്പ രണ്ടു തരത്തിൽ ഉണക്കി വെക്കും.
ഒന്ന് കപ്പയുടെ തൊലി പൂർണ്ണമായും പൊളിച്ചു കളഞ്ഞു ചരിച്ചു മുറിച്ച് കഷണങ്ങളാക്കി പുഴുങ്ങി വെയിലിൽ വെച്ച് ഉണക്കി വാട്ട് കപ്പ ആക്കും.
രണ്ടാമത്തേത്, കപ്പയുടെ കരിന്തോലി ചെത്തി കളയും. എന്നിട്ട് കഷണങ്ങളാക്കി പച്ചക്ക് ഉണക്കി വെക്കും.
ഇത് ഉണങ്ങി കഴിഞ്ഞാൽ ഉരലിൽ ഇട്ട് പൊടിച്ച് അരിപ്പയിൽ അരിച്ചെടുക്കും. അരിപ്പ ഇല്ലാത്തവർ മുറത്തിൽ തെള്ളി എടുക്കും. ഈ പൊടി വെള്ളം കൂട്ടി കുഴച്ച്, ഒരു ചട്ടി എടുത്ത് അതിൽ വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് അതിന്റെ മേലെ തുണി വയ്പ്പൊതി കെട്ടും. എന്നിട്ട് ഈ കുഴച്ച പൊടി ആവിയിൽ വേവിക്കും. ഇത് എടുത്ത് കുറച്ച് എണ്ണയും കടുകും താളിച്ച് തിന്നും തേങ്ങ ഉള്ളവർ തേങ്ങ ചിരണ്ടി ഇട്ടും ഉപയോഗിക്കും. ഇത് മഴക്കാലത്ത് ഒരു പരിധി വരെ പട്ടിണി മാറ്റിയിരുന്നു.മഴക്കാലത്തെ പട്ടിണി മുൻപിൽ കണ്ട് ഇത്തരം ഭക്ഷണപഥാർത്ഥങ്ങൾ സ്വരുകൂട്ടുന്നത് അമ്മയുടെ സ്വഭാവമാണ്. ഇത് എന്നെയും സ്വാധിനിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ ഞാനും മുൻകൂട്ടി കണ്ടറിഞ്ഞു ചെയ്യാറുണ്ട്..
മഴയ്ക്ക് മുൻപ് പുരമെയ്ഞ്ഞു കഴിഞ്ഞാൽ, വാട്ടുകപ്പയും, വെള്ളു കപ്പയും, ചക്കക്കുരു മൂടനിട്ടും, ചക്കക്കുരു പുഴുങ്ങി കഷണങ്ങളാക്കിയും വെക്കും..
പിന്നെ ഉണങ്ങിയ ഓല കെട്ടുകളാക്കിവെക്കും. ഇതിൽ തന്നെ രണ്ടു തരത്തിൽ ശേഖരിക്കും. ഒന്ന് വലിയ കെട്ടാക്കി വെക്കും.. രണ്ട്, ചെറിയ കെട്ടാക്കി വെക്കും. ഇതിൽ ചെറിയ കെട്ടുകൾ. ഞങ്ങളുടെ വീട്ടിൽ അയൽക്കാർ ആരെങ്കിലും വന്നാൽ പോകാൻ രാത്രി ആയാൽ ഈ ചെറിയ കെട്ട് ചൂട്ട് ടോർച്ചിന് പകരമായി കത്തിച്ചു കൊടുക്കും.
ഇത് ഞാൻ ഇങ്ങനെ വിശദമായി പറയുന്നത് ഇന്നുള്ളവർക്ക് ഇതൊക്കെ അറിയാൻ സാധ്യത കുറവാണ്. അതുമാത്രമല്ലപണ്ട് പണമുള്ള വീട്ടിൽ ജനിച്ചവർക്കൊന്നും ഇതിനെ കുറിച്ച് അറിവുകൾ ഉണ്ടാവില്ല. ഇങ്ങനെയും സമൂഹത്തിൽ ആളുകൾ പണ്ടുകാലങ്ങളിൽ ജീവിച്ചിരുന്നു എന്ന് അറിയേണ്ടിയിരിക്കുന്നു.
ശെരിക്ക് പറഞ്ഞാൽ ഇത്തരം ജീവിതാനുഭവങ്ങൾ ഒരു സർവ്വകലാശാലയിൽ നിന്നും പഠിക്കുന്നതിന് അപ്പുറം അറിവുകൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്.
ഏത് നാട്ടിൽ ജീവിച്ചാലും, ഏത് പ്രതിസന്ധികൾ വന്നാലും ഈ ബാലപാഠം നമ്മെ പിടിച്ച് ഉയർത്താൻ സഹായിക്കും..
മഴക്കാലമയാൽ ഞങ്ങൾ കുട്ടികൾ ചേർന്ന് മഹാളി അടക്ക പെറുക്കാൻ പോകും..കൂടെ പഴുത്ത അടയ്ക്കയും കിട്ടും.അടയ്ക്ക പെറുക്കികൊണ്ടുവന്നു ഉരിച്ചു കടയിൽ കൊടുക്കും. അപ്പോൾ കിട്ടുന്ന ചില്ലറ മഴക്കാലമയാൽ പണിയില്ലാതെ നിൽക്കുന്ന അമ്മയ്ക്ക് ഒരു ആശ്വാസമാണ്.
ജീവിതം എത്ര തിരക്കുള്ളതായാലും, തിരക്കുള്ള നഗരങ്ങളിലേക്ക് പറിച്ചു നടപ്പെടേണ്ടി വന്നാലും ഞാൻ എന്നും എന്റെ നാടിനെ കുറിച്ച് ഓർത്തുകൊണ്ടേയിരിക്കും….
തുടരും….