ഇസ്ലാമാബാദ് : ശ്രീലങ്കൻ പൗരനെ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ഇത് പാകിസ്താനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു . ആൾക്കൂട്ട ആക്രമണം “ഭീകരം” എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇമ്രാന്റെ ട്വീറ്റ് . ലോകത്തിനു മുന്നിൽ തന്റെ രാജ്യം നാണം കെട്ട ദിവസമാണിതെന്നും ഇമ്രാൻ കുറിച്ചു .ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും ശിക്ഷിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു .
സംഭവവുമായി ബന്ധപ്പെട്ട് സിയാൽകോട്ടിൽ 50 പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് സർക്കാർ വക്താവും അറിയിച്ചു. പഞ്ചാബിലെ സിയാൽകോട്ടിലുള്ള വാസിറാബാദ് റോഡിലാണ് സംഭവം. മതനിന്ദാരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയത്. ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡിലിട്ട് തന്നെ കത്തിച്ചു.
സ്വകാര്യ ഫാക്ടറിയിലെ എക്‌സ്‌പോർട്ട് മാനേജറായിരുന്ന പ്രിയന്ത കുമാരയെ ഫാക്ടറിയിലെ ജോലിക്കാർ ചേർന്നാണ് തല്ലിക്കൊന്നത്. ഇസ്ലാം മതത്തെ നിന്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.