17.1 C
New York
Saturday, October 16, 2021
Home US News മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

✍ഡോ. എം. ആർ. യശോധരൻ

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം.

കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്.

വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും ഈ സഞ്ചാരത്തിനിടയിൽ അനേകം പുണ്യാത്മക്കളേയും മഹാന്മാരേയും കാണാനിടവന്നിട്ടുണ്ടെന്നും എന്നാൽ മലയാളത്തിലെ ശ്രീ നാരായണ ഗുരുവിന് തുല്യമായ – അതിനോടടുത്തുനിൽക്കുന്ന – ഒരു വ്യക്തിപ്രഭാവത്തെ കാണാൻ മഹാകവിക്ക് കഴിഞ്ഞിട്ടില്ലെന്നും അത് തുറന്നുപറയുവാൻ തനിക്ക് യാതൊരു സങ്കോചിവുമില്ലെന്നും വിശ്വമഹാകവി കുറിച്ചുവെച്ചു. അനന്തതയിൽ പ്രതിഷ്ഠിച്ച ഗുരുവിന്റെ യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖശ്രീയും ഒരിക്കലും മറക്കില്ലെന്ന് ടാഗോറിന് പറയാതിരിക്കാൻ കഴിഞ്ഞില്ല. വിശ്വ മഹാകവിയെ ഗുരുവിന്റെ യോഗനയനങ്ങൾ അത്രകണ്ട് വിസ്മയിപ്പിച്ചിരുന്നു…

ടാഗോർ തുറന്നുപറഞ്ഞ സത്യത്തെ ഇനിയും മലയാളികൾ മനസ്സിലാക്കാത്തത് മലയാളികളുടെ വികലമായ മനസീകാവസ്ഥകൊണ്ടുമാത്രമാണ്. അത് ലജ്ജാകാരമാണെന്ന് തിരിച്ചറിയാനെങ്കിലും നമുക്ക് കഴിയേണ്ടതാണ്. ആത്മപുരോഗതിയിൽ ഗുരുവിനോളമോ അതിനടുത്തെത്തുന്നതോ ആയ ഒരാളെപോലും ടാഗോർ കണ്ട മഹാത്മാക്കളിലില്ലെന്നു പറയുമ്പോൾ വിവേകാനന്ദ സ്വാമിയും അദ്ദേഹത്തിന്റെ ഗുരുവായ ശ്രീ രാമകൃഷ്ണ പരമഹംസദേവനുമുൾ പ്പെടുമെന്നകാര്യം നമ്മൾ മനസ്സിലാക്കണം. അപ്പോഴാണ് മലയാളികൾക്ക് നഷ്ടപ്പെടുന്ന ശ്രീ നാരായണ ഗുരുവിനെ തിരിച്ചറിയാൻ സാധിക്കുന്നത്.

ടാഗോറിനോടൊപ്പമുണ്ടായിരുന്ന ദീനബന്ധു സി. എഫ്. ആൻഡ്റൂസ് ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടുവെന്നും അത് മലയാളത്തിലെ ശ്രീ നാരായണ ഗുരുവല്ലാതെ മാറ്റാരുമല്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. ഗുരുവിലെ ദിവ്യത്വം പച്ചയായി വെളിപ്പെടുത്തുവാൻ ഈ യൂറോപ്യന് തെല്ലും സങ്കോചിമുണ്ടായിരുന്നില്ല.

ഗുരുവിന്റെ ദിവ്യത്വം ആദ്യമായി തിരിച്ചറിഞ്ഞത് കൊച്ചപ്പിപിള്ളയായിരുന്നെന്നും കൊച്ചപ്പിപിള്ളയുടെ ആ തിരിച്ചറിവ് ആ മഹാത്മാവിനെ ശിവലിംഗദാസ സ്വാമിയായി ഗുരുവിൽ നിത്യ സമർപ്പിതനാക്കുവാൻ കാരണമായെന്നും ജാതിയുടേയും മതത്തിന്റെയും കണ്ണുകളിലൂടെ ഗുരുവിനെ വിലയിരുത്തുന്ന മലയാളികൾ ഇനിയും മനസിലാക്കേണ്ടതുണ്ട്. ശിവലിംഗദാസ സ്വാമിയുടെ ഗുരുഷഡ്കം എന്ന കവിതയിൽ ബ്രഹ്മം മൂർത്തമായ രൂപമാണ് ഗുരുവിന്റേതെന്ന് എത്ര സുന്ദരമായവതരിപ്പിച്ചിരിക്കുന്നു…

കർമ്മനിരതനായ ജ്ഞാനിയെന്ന ഫ്രഞ്ച് സാഹിത്യകാരൻ റോമെയിൻ റോളണ്ടിന്റെ ഗുരുവിനെ കുറിച്ചുള്ള വിലയിരുത്തൽ ഭാരതീയ തത്വചിന്തകരിൽ പൊതുവെ കാണാത്ത സവിശേഷതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജ്ഞാനികൾ പൊതുവെ കർമ്മത്തിൽ ത
ത്പരരാകുകയില്ല. അവർ ആത്മജ്ഞാനം നുകർന്ന് ആനന്ദത്തിൽ ലയിച്ച് സമൂഹത്തിൽ നിന്നും ദൂരെമാറി കഴിയുകയായിരിക്കും പതിവ്. അവർക്ക് ബ്രഹ്മം മാത്രമേ സത്യമായിട്ടുള്ളു. പ്രപഞ്ചവും സമൂഹവുമെല്ലാം ഇല്ലാത്തതാണ്. ഇല്ലാത്തതിനുവേണ്ടി അവരനുഭവിക്കുന്ന സുഖത്തെ ത്യജിക്കുവാൻ അവർ സന്നദ്ധരാകുകയില്ല. ആ സന്നദ്ധതയാണ് നാരായണ ഗുരുവിൽ ഫ്രഞ്ച് സാഹിത്യകാരൻ മഹത്വമായി കാണുന്നത്. ഗുരു ജ്ഞാന കർമ്മങ്ങളുടെ സാമന്വയമൂർത്തി യാണ്. അഖണ്ഡമായ അറിവും അഹംവെടിഞ്ഞ കർമ്മവുമാണ് ഗുരുവിനെ ആദ്വിദീയനാക്കുന്നത്.

ഇങ്ങനെ എത്രയെത്ര മഹാപ്രതിഭകളാണ് ഗുരുവിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. പക്ഷെ അതൊന്നും നമുക്ക് അറിയേണ്ട തില്ലെന്ന നിലപാടിലാണ് നമ്മൾ.

മലയാളത്തിന്റെ സ്നേഹ ഗായകന്റെ ഗാനം ഗുരുവിന്റെ ചിത്രം വ്യക്തമായി വരച്ചുകാട്ടുന്നതായിരുന്നു. എന്നാൽ ഗുരുസ്തവമെന്ന ആശാന്റെ കാവ്യശിൽപ്പം ഒരു സമുദായത്തിന്റെ പ്രാർത്ഥനാഗാനമായി പരിമിതപ്പെട്ടു. അതുകൊണ്ടുതന്നെ ഗുരുസ്തവത്തിൽ വിരിഞ്ഞ ഗുരുവിന്റെ സുന്ദരരൂപം സമൂഹശ്രദ്ധയിൽ പെടാതെ പോയി.

നമ്മുടെ പ്രിയ കവി വയലാറിന്റെ ഗുരു സ്തുതി തികച്ചും വ്യത്യസ്തമാണ്. അത് കേട്ടവരധികമില്ല.

വയലാറിന്റെ ചിന്തയെ പ്രകോപിപ്പിച്ചത് ഗുരുവിന്റെ മതദർശനമാണ്. മതത്തെക്കുറിച്ചുള്ള ഉദ്ബോധനങ്ങളാണ്. ഉദ്ബോധനങ്ങളുടെ ലാളിത്യമാണ്. ഗുരുവാക്കുകളെ മന്ത്രമായാണ് വയലാർ കാണുന്നത്. ഉച്ചരിക്കുമ്പോൾ മനസ്സിന് ശാന്തിനൽകുന്ന വാക്കുകളെയാണ് മന്ത്രങ്ങൾ എന്ന് പറയുന്നത്. ഗുരുവിന്റെ വാക്കുകൾ മനസ്സുകൾക്ക് ശാന്തിപകരുന്നവയാണ്. വയലാർ ഗുരുവാക്യങ്ങളെ വെറും മന്ത്രങ്ങളായല്ല, മധുരാക്ഷരമന്ത്രങ്ങളാ യാണ് വിശേഷിപ്പിക്കുന്നത്.

അക്ഷരം മധുരമാകുന്നത് അത് സന്നിവേശിപ്പിക്കുന്ന ആശയങ്ങളുടെ ഗഗനതയിലാണ്. ആശയങ്ങളുടെ സൗന്ദര്യത്താലാണ്. ആശയങ്ങൾ നൽകുന്ന പ്രത്യാശയിലാണ്.

മനുഷ്യനെ മതങ്ങൾക്കതീതനക്കുന്ന മറ്റാരും ചൊല്ലാത്ത മധുരക്ഷരമന്ത്രം ചൊല്ലിയ ഗുരുവിനെയാണ് വയലാറിന് പ്രിയം.

മരണം മരണമെന്നെപ്പോഴും ഓർമ്മിപ്പിച്ച് മതങ്ങൾ മനുഷ്യനെ ഭയപ്പെടുത്തുമ്പോൾ മരണത്തെ ഗുരു ലളിതവത്കരിക്കുന്നു.
മരണം മനുഷ്യന് അനിവാര്യമാണ്. അത് എപ്പോഴും മനുഷ്യന്റെ കൂടെയുണ്ട്. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അനിവാര്യമായ മരണത്തെയോർത്ത് ആശങ്കപ്പെടാതെ അനുഭവിക്കുന്ന ജീവിതത്തെ ആസ്വദ്യകരമാക്കുന്നതിലാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നതെന്ന് ഗുരു പഠിപ്പിച്ചു. മരണത്തോടെ ജീവിതത്തിന്റെ അന്ത്യ വിധിയുണ്ടാകുമെന്നും മതത്തെ അനുസരിക്കാത്ത മനുഷ്യന് നരകയാതന അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞാണ് മതങ്ങൾ മനുഷ്യനെ വരുതിക്കുള്ളിലാക്കുന്നത്. മരണാനന്തരം ഈശ്വരപ്രാപ്തിയുണ്ടാകുന്നതിന് മതങ്ങളെ പറ്റിനിന്നെങ്കിൽ മാത്രമേ സാധിക്കുകയുള്ളുവെന്ന ധാരണയാണ് മതങ്ങൾ സൃഷ്ടിക്കുന്നത്. അതിന് ഏറ്റവും നല്ല മതമിതാണെന്ന് ഓരോമതവും അവകാശപ്പെടുന്നു.

ദൈവം മതത്തിന്റെ സ്വത്താണെന്ന മട്ടിലാണ് മതങ്ങൾ മനുഷ്യനെ കീഴ്പ്പെടുത്തുന്നത്. കോഴിയുടെ മുലയൂട്ടൽ പോലെ മതം ദൈവത്തെ പ്രാപ്തമാ ക്കാമെന്ന് മനുഷ്യനെ ആശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദൈവത്തിന്റെ മൊത്ത വ്യാപാരികളുടെ മട്ടിൽ മതങ്ങൾ പെരുമാറുമ്പോൾ ദൈവത്തെ അറിയാത്ത മനുഷ്യൻ മതത്തിനടിമപ്പെട്ടുപോകുന്നു. അടിമപ്പെട്ട മനുഷ്യനെ ഒരു ദാക്ഷിണ്യവുമില്ലാതെ മതങ്ങൾ കലാകാലങ്ങളായി ചൂഷണം ചെയ്യുമ്പോൾ അതിനെ തിരിച്ചറിയുവാനോ അതിനോട് പ്രതികരിക്കുവാനോ അധികമാർക്കും കഴിഞ്ഞില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിന്റ ഉദ്ബോധനം അത്ഭുതത്തോടെയാണ് ലോകം കേട്ടത്. മതത്തിന്റെ ലഹരിയിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കുവാൻ മാർക്സിന്റെ ഉദ്ബോധനം മാത്രം മതിയായിരുന്നില്ല.

സമൂഹത്തിലെ ഏറ്റവും ശക്തമായ സ്ഥാപനത്തെ ഒറ്റയടിക്ക് തള്ളിപ്പറയുന്ന സമീപനമായിരുന്നില്ല ഗുരുവിന്റേത്.
മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള മനുഷ്യന്റെ അറിവില്ലായ്മയാണ് മതങ്ങൾ മനുഷ്യനെ കീഴ്പ്പെടുത്തുവാൻ ആയുധമാക്കുന്നത്.

മതത്തിന്റെ ലഹരിയിൽ നിന്നും മനുഷ്യനെ മോചിപ്പിച്ചാൽ മാത്രമേ ദൈവത്തിന്റെ പേരിൽ മതങ്ങൾ നടത്തുന്ന ചൂഷണത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ കഴിയൂ. അതിന് മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മനുഷ്യനെ പഠിപ്പിക്കേണ്ടതുണ്ട്. അതായിരുന്നു ഗുരു അത്യന്തികമായി ചെയ്തതും. ആലുവയിലെ സർവ്വമതസമ്മേളനവും ശിവഗിരിയിൽ സ്ഥാപിക്കാനാഗ്രഹിച്ച മത മഹാപാഠശാലയും മെല്ലാം മതബോധനത്തിന്റെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങ ളാണ്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന സന്ദേശത്തിലൂടെ ഗുരു മതങ്ങൾക്ക് മനുഷ്യന്റെ മേലുള്ള അധിപത്യത്തെ ചോദ്യം ചെയ്യുന്നു. മതം മനുഷ്യ നുവേണ്ടിയാണെന്നും മനുഷ്യൻ മതത്തിനുവേണ്ടിയലല്ലെന്നും, മതമല്ല പ്രധാനം മനുഷ്യനാണ് എന്ന വലിയ തിരുത്താണ് ഗുരുവിന്റെ സന്ദേശത്തിൽ വയലാർ കാണുന്നത്. അതുകൊണ്ടാണ് മതങ്ങൾ ശിവഗിരികുന്നിൽ ഹരി ശ്രീ കുറിക്കണമെന്ന് പരിഹാസരൂപേണ വയലാർ ഓർമ്മപ്പെടുത്തുന്നത്.

മനുഷ്യന് അഞ്ജാതവും അപ്രപ്യവുമായ ദൈവത്തെ മനുഷ്യന് സുപ്രപ്യവും സുഗ്രാഹ്യവുമാക്കുകയാണ് ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകൾ. കല്ലിൽ തുടങ്ങി പ്രണാവലേഖിതമായ കണ്ണാടിയിൽ അവസാനിക്കുന്ന ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠ പ്രക്രിയ മനുഷ്യന്റെ ദൈവവിശ്വാസത്തിൽ നിന്നും അറിവിലേക്കുള്ള ക്രമാനുഗതമായ വികാസത്തിന്റെ പ്രതീകത്മകമായ ആവിഷ്കാരമാണ്.

ദൈവദശകത്തിലൂടെ ഗുരു ദൈവത്തെയും മനുഷ്യനെയും ഒരേപോലെ മതത്തിൽ നിന്ന് മോചിപ്പിക്കുന്നു. ദൈവം കൈവിട്ടുപോയ മതങ്ങൾ കാറ്റുപോയ ബലൂൺ പോലെയാണ്. മതങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ ഗുരുവിൽ വയലാർ അഭിമാനിക്കുന്നു. കവിയുടെ അഭിമാനം കവിതയിൽ നിറഞ്ഞുതുളുമ്പുമ്പോഴാണ് അനുവാചകർക്കത് ആസ്വാദ്യകരമാകുന്നത്.
ഗുരുവിനെക്കുറിച്ച് ഒരുപാട് വിശേഷണങ്ങളുണ്ടെങ്കിലും മതത്തെ ഞെട്ടിച്ച മനുഷ്യൻ എന്നുപടിയത് വയലാർ മാത്രമാണ്. ഗുരുവിന്റെ വാക്കും പ്രവർത്തിയും മതങ്ങൾ ഭയക്കുന്നവയായിരുന്നു. അരുവിപ്പുറത്തുനിന്നുതുടങ്ങിയ ഗുരുവിന്റെ ചെയ്തികൾ പൗരോഹിത്യത്തെ ചെറുതായൊന്നുമല്ല അസ്വസ്ഥമാക്കിയത്.

മതങ്ങളെയും പൗരോഹിത്യത്തെയും ഞെട്ടിച്ച ഗുരുവിനെ മതത്തിന്റെ ഭാഗമായവതരിപ്പിക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ആ വൈരുധ്യമാണ് വാർത്തമാനകാലത്തെ പരിഹാസ്യമാക്കുന്നത്. മതത്തെ അറിയാതെ മതവിശ്വാസികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന മതങ്ങൾ മത്സരിക്കുമ്പോഴുണ്ടാകുന്ന കാലുഷ്യങ്ങളെ അതിജീവിക്കുവാൻ ഗുരുവിന്റെ ഈ പരിനിർവാണ സുദിനം പ്രേരകമാകട്ടെ.

ഡോ. എം. ആർ. യശോധരൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: