മച്ചിലെ മാറാലകളിൽ മൂടിയ
പുസ്തകത്താളിൽ
മാഞ്ഞുപോയ കുറെ അക്ഷരങ്ങൾ
ആ അക്ഷരങ്ങൾ കണ്ണുനീരാൽ
മാഞ്ഞതോ
മഴത്തുള്ളികൾ മായിച്ചതോ ?
മാഞ്ഞുപോയ ലിപികളിൽ
തെളിഞ്ഞതോ
ഹൃദ്യമാം കുറെ ഓർമ്മകൾ
അക്ഷരങ്ങൾക്കുള്ളിലെ
ഹൃദയകാവ്യങ്ങൾ
ഹൃദയസാരംഗിയിൽ മീട്ടിയ നേർത്ത
രാഗങ്ങൾ
ഓർമ്മകളുടെ മായികവർണങ്ങളിൽ
ഞാൻ അലിഞ്ഞു ..
ഓരോ തുഷാരബിന്ദുക്കളിലും
തെളിഞ്ഞു സ്‌മൃതി..
നീഹാരബിന്ദുക്കളും ,
മിന്നാമിങ്ങുകളും ,
നനുത്ത കാറ്റും ,മച്ചിൽ ഊർന്ന
കിരണങ്ങളും ,
വീണ്ടുമേകി പാഴ്ശ്രുതികളുടെ
ഓർമ്മകൾ.
മച്ചിലെ നരിച്ചീർ ഒന്ന് തേങ്ങിയോ
അതോ വേദനിച്ച ഒരു ഹൃദയമോ ?
നരിച്ചീറിൻ ചിറകടിയിൽ ഒരു
നീർക്കണം അക്ഷരങ്ങളിൽ പതിഞ്ഞു
ആ മിഴിനീർകണങ്ങളിൽ തെളിഞ്ഞു
കാലം മറച്ച ഒരു വദനം ….
കണ്ണീരാൽ വീണ്ടും ലിപികൾ മാഞ്ഞു…
വിധിയാൽ തിരുത്തിയ ഓർമക്കളും
വ്യഥയോടു മായിച്ചു …
മില്ലി ഫിലിപ്പ്, ഫിലാഡൽഫിയ ✍