മിഡില്‍ടൗണ്‍(ഒഹായൊ): ആറു വയസ്സുള്ള മകനെ കൊലപ്പെടുത്തി ഒഹായൊ നദിയിലെറിഞ്ഞ മാതാവിനെയും കാമുകനേയും അറസ്റ്റു ചെയ്തതായി ഒഹായൊ പോലീസ് അറിയിച്ചു.ബ്രിട്ടിനി ഗോസ്‌നി(29) കാമുകന്‍ ജെയിംസ് ഹാമില്‍ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച മകനേയും കൂട്ടി മാതാവ് പ്രിബിള്‍ കൗണ്ടിയില്‍ പാര്‍ക്കില്‍ എത്തി. മകനെ അവിടെ ഉപേക്ഷിക്കുകയായിരുന്നു മാതാവിന്റെ ലക്ഷ്യം. കാറില്‍ നിന്നും മകനെ പാര്‍ക്കില്‍ ഇറക്കിവിട്ടശേഷം കാര്‍ മുന്നോട്ടു എടുക്കുന്നതിനിടയില്‍ മകന്‍ നിലവിളിച്ചു കാറിന് പുറകില്‍ കയറി പിടിച്ചു. കാര്‍ നിര്‍ത്താതെ ഓടിച്ചു പോയ മാതാവ് കുട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചു എന്ന് ഉറപ്പുവരുത്തി. അരമണിക്കൂറിന് ശേഷം പാര്‍ക്കില്‍ തിരിച്ചെത്തിയ മാതാവ് തലക്ക് പരിക്കേറ്റു മരിച്ചു കിടക്കുന്ന മകനെയാണ് കണ്ടത്. ഉടന്‍ കുട്ടിയെ കാറില്‍ കിടത്തി നേരെ മാതാവും, കാമുകനും താമസിക്കുന്ന വീടിനു മുകളിലുള്ള മുറിയില്‍ കിടത്തി. അടുത്ത ദിവസം അവിടെ നിന്നും മൃതദ്ദേഹം പുഴയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. കാമുകനും സഹായത്തിനുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ശരീരം പുഴയില്‍ നിന്നും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തു

തുടര്‍ന്നു മാതാവിനെതിരെ കൊലപാതകം, മൃതദ്ദേഹം ഒളിച്ചുവെക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തപ്പോള്‍ കാമുകനെതിരെ അവസാന രണ്ടു കുറ്റങ്ങളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെ പോലീസ് അവിടെ നിന്നു മാറ്റി. മാതാവും, ഹാമില്‍ട്ടനും തമ്മിലുള്ള വ്യക്തമായ ബന്ധം വെളിപ്പെടുത്തുവാന്‍ പോലീസ് തയ്യാറായിട്ടില്ല.
