രാഷ്ട്രീയം അനുദിനം അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്ന പരാതി എല്ലാവരും ആവര്‍ത്തിക്കുന്നതാണ്. ബഹുജാതി -ബഹുമത-ബഹുഭാഷാ സമുദായങ്ങളെ ഇന്ത്യക്കാര്‍ എന്ന ഒരു രാഷ്ട്രീയ (civil) സമൂഹമായി വളര്‍ത്തിയെടുക്കുന്നതില്‍ നമ്മുടെ സ്വാതന്ത്രാനന്തര കാലത്തെ പ്രമുഖരാഷ്ട്രീയ കക്ഷികള്‍ പരാജയപ്പെട്ടു. ജനങ്ങളുടെ ജാതി -മത-പ്രാദേശിക തനിമകളെ ,ഇന്ത്യക്കാരന്, അല്ലെങ്കില്‍ ഭാരതീയന് , എന്ന തനിമയില്‍ വിലയിപ്പിക്കാനുള്ള ഇച്ഛാശക്തി രാഷ്ട്രനിര്മ്മാതാക്കള്ക്ക് ഇല്ലാതെ പോയി. അതുള്ള അപൂര്‍വ്വം ചിലരാകട്ടെ ആദ്യം രക്തസാക്ഷികളായും പിന്നെ സ്മാരകശിലകളായും പാഠപുസ്തകങ്ങളുടെ ഏടുകളിലേയ്ക്ക് ചുരുങ്ങി.
രാഷ്ട്രത്തെ കുറിച്ചുള്ള ഉത്ക്കണ്ഠ (അതാവണം രാഷ്ട്രീയം)യുള്ള ഒരു ജനതയുടെ ആധിപത്യം എന്ന ജനാധിപത്യസങ്കല്‍പ്പത്തിന് ,അതുകൊണ്ടുതന്നെ, ഇവിടെ തഴച്ചു വളരാനാവുന്നില്ല.. ഭൂരിപക്ഷം ഭരിക്കണം എന്ന ആശയം അത്ര ലളിതമല്ല എന്ന് കാട്ടിത്തരുന്നതാണ് നമുടെ തിരഞ്ഞൃടുപ്പുകള്
.. ജാതി-മത-പ്രാദേശിക തനിമയില്‍ അധിഷ്ഠിതമായ ഉപജീവനം ജനങ്ങളെ വെെകാരികമായി അവരുടെ സമുദായത്തിലേയ്ക്ക് ബന്ധിപ്പിച്ചു നിര്‍ത്തുകയാണ്. മതവും ജാതിയും പ്രാദേശിക വികാരവും ആണ ഇവിടെ ജനങ്ങളുടെ ജീവിതത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്.
ഹെെന്ദവേതരമതങ്ങളും ഹിന്ദുമതത്തിലെ അനേകം ജാതി-ഉപജാതികളും സമൂഹത്തെ അപ്പാടെ അനേകം ന്യൂനപക്ഷ സമുദായങ്ങളായി വിഘടിപ്പിക്കുന്നു.തെലുഗുദേശം, തെലുഗാന രാഷ്ട്ര സമിതി, ദ്രാവിഡ കഴകം, കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ പ്രാദേശികതയില്‍ അടിയൂന്നിയ രാഷ്ട്രീയകക്ഷികള്‍ക്ക് ഇന്ത്യ എന്ന അജന്റ ഇല്ല തന്നെ.കര്‍ണ്ണാടകയ്ക്ക് അതിന്റേതു മാത്രമായ ഒരു പ്രാദേശിക പതാക പോലുമുണ്ട്.
ന്യൂനപക്ഷങ്ങളുടെ ഒരു സംഘാതമാണ് ഇവിടെ ഭൂരിപക്ഷം.കുറെ ന്യൂന പക്ഷങ്ങള്‍ ചേര്‍ന്നുണ്ടാക്കുന്ന ഭൂരിപക്ഷം എന്ന കൂട്ടായ്മയുടെ ഘടന ഏതെങ്കിലും ഒരു ന്യൂനപക്ഷം കാലുമാറി മറ്റൊന്നിലേയ്ക്ക് നീങ്ങുന്നതോടെ അസ്വസ്ഥമാവുന്നു.ഇന്ത്യയില്‍ മുഴുവന്‍ സാന്നിദ്ധ്യമുള്ള രാഷ്ട്രീയകക്ഷിക്കു പോലും പ്രാദേശിക കക്ഷികളേയും മഠാധിപതിമാരുടേയും അജന്റക്കു വഴങ്ങി കൊടുടക്കണം.അങ്ങനെയുള്ള മുന്നണിയുടെ സഹായത്തോടെ മാത്രമെ ഏതു കക്ഷിക്കും ഭൂരിപക്ഷം നേടാന്‍ കഴിയുന്നുള്ളു.അതിന്റെ സുസ്ഥിരതയാവാട്ടെ മണല്‍ക്കൊട്ടാരം പോലെ ഏതു നിമിഷവും ഉതിര്‍ന്നു വീണു പോവാം.
ജനാധിപത്യ ഭരണകൂടത്തിന് അവശ്യം ആവശ്യമായ മത -ജാതി -പ്രാദേശിക വികാരത്തിനതീതമായ രാഷ്ട്രീയ ബോധമുള്ള ഭൂരിപക്ഷം ഇല്ലെന്നു മാത്രമല്ല, ഉണ്ടാവാനുള്ള സാദ്ധ്യതയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷമായി മാറിനില്‍ക്കാനാണ് ,ഓരോ സമുദായവും ആഗ്രഹിക്കുന്നത്.
ഓരോ മതവും, ജാതിയും, പ്രദേശവും ന്യൂനപക്ഷമാണ്. ഓരോന്നും ന്യുനപക്ഷ അവകാശത്തിനു വേണ്ടി പൊരുതുന്നു. തങ്ങളുടെ പോരാട്ടത്തിന് സഹായമയേക്കാവുന്ന കൂട്ടായ്മകള്‍ ഉണ്ടാക്കുന്നു. സഹായകരമല്ലാത്ത കൂട്ടായ്മ വിട്ട് മറ്റൊന്നിന് ഒരുക്കം കൂട്ടുന്നു. വാദങ്ങള്‍ മാറുന്നു, ന്യായങ്ങള്‍ മാറുന്നു. എങ്ങനെയെങ്കിലും ന്യൂനപക്ഷ പദവി നേടിയെടുക്കുക എന്നതാണ് ഓരോ സമുദായത്തിന്റേയും അജന്റ.
രാഷ്ട്രം എന്ന സങ്കല്പ്പത്തിനെ പോഷിപ്പിക്കുന്ന രാഷ്ട്രീയ സങ്കല്‍പ്പമുള്ള കക്ഷികളില്ല.അമ്പലങ്ങളും പള്ളികളും പൊളിച്ച് ഭൂരിപക്ഷമുറപ്പിക്കാമെന്ന വ്യാമോഹം കൂടുതല്‍ നൃൂനപക്ഷങ്ങളെ സൃഷ്ടിക്കുകമാത്രമാണ് ചെയ്യുന്നത്.
ഇത് ചരിത്രത്തിന്റെ ഗതിയിലെ ഒരു നാഴികക്കല്ലാവാം.ലോകത്തിലുള്ളത് സാംസ്കാരികമായി വിഘടിച്ചു നില്ക്കുന്ന അണുമാത്രകള് മാത്രമാണെന്നത് ഒരു ആഗോള സത്യമാണ്. ഭൂരിപക്ഷം അനേകം ന്യൂനപക്ഷങ്ങളുള്ക്കൊള്ളുന്ന ഹിരണ്മയമായ ഒരു പാത്രം മത്രമാണ്. അത് മിഥ്യയാണ്, മായയാണ്.
രാജൻ പടുതോൾ✍