യോഹന്നാൻ ശെമ്മാശ്ശൻ്റെ ആദ്യത്തെ സുവിശേഷപ്രസംഗമായിരുന്നു അത്:
യോഹന്നാൻ്റെ സുവിശേഷം 15-ാം അദ്ധ്യായം ഒന്നാം വാക്യം വിഷയമാക്കി വമ്പിച്ച സദസിനെ അഭിമുഖകരിക്കുന്ന ആദ്യപ്രസംഗത്തിൻ്റെ അമ്പരപ്പോടെ സദസ്സിനെ നോക്കി ശെമ്മാശ്ശൻ പറഞ്ഞു. “ഞാൻ സാക്ഷാൽ മുന്തിരി വള്ളിയും എൻ്റെ പിതാവ് തോട്ടക്കാരനുമാകുന്നു.” അതുകേട്ട് സദസ്യർ പൊട്ടിച്ചിരിച്ചു. കാരണം ശെമ്മാശ്ശൻ്റെ പിതാവിനെ നാട്ടിൽ മിക്കവരും ‘തോട്ടക്കാരൻ മത്തായിച്ചൻ’ എന്നായിരുന്നു വിളിച്ചിരുന്നത്. (പെരുമണ്ണു തോട്ടത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ശങ്കരത്തിൽ കുഞ്ഞുമ്മൻ മത്തായി).
ഇടവകപ്പള്ളിയായ കുമ്പഴ സെൻറ് മേരീസ് വലിയ കത്തീഡ്രലിൽ പ്രശസ്തമായ എട്ടുനോമ്പു പെരുന്നാൾ വന്നത് പട്ടം കിട്ടി രണ്ടു ദിവസം കഴിഞ്ഞപ്പോൾ. ഇടവകപട്ടക്കാരനും, എട്ടുനോമ്പിൻ്റെ ചുമതലക്കാരനുമായിരുന്ന, ശെമ്മാശ്ശൻ്റെ പിതൃ സഹോദരപുത്രൻ ശങ്കരത്തിൽ ജ്ഞാനശിഖാമണി കത്തനാർ യോഹന്നാൻ ശെമ്മാശ്ശനെ എട്ടുനോമ്പു വിടുന്ന ദിവസം രാവിലെ അടുത്തു വിളിച്ചു പറഞ്ഞു: “വിശുദ്ധ കുർബാനമദ്ധ്യേ പ്രസംഗിക്കണം, ശെമ്മാശ്ശൻ അല്പം പരുങ്ങി, ചിന്തിച്ചു. ഏതാണ്ട് രണ്ടായിരത്തോളം ആൾക്കാർ മുന്നിൽ. ‘പ്രയാസം’ എന്നായി വിഷമത്തോടെ ശെമ്മാശ്ശൻ. പിന്നാലെ അച്ചൻ്റെ ശകാരവും വന്നു. അന്ന് ആരാധനയിൽ പങ്കെടുത്തത് മിടിക്കുന്ന ഹൃദയത്തോടെ ആയിരുന്നു. ഇടയ്ക്ക് മറയിട്ടപ്പോൾ അച്ചനോട് ശെമ്മാശ്ശൻ പറഞ്ഞു: “പ്രസംഗിക്കാം’ അങ്ങനെയായിരുന്നു ‘മുന്തിരിവള്ളിയും തോട്ടക്കാരനും’ വേദിയിൽ എത്തിയതും, കേട്ടവർ പൊട്ടിച്ചിരിച്ചതും. തന്നെ വിശുദ്ധ മദ്ബഹായിലേക്ക് കയറ്റിയ സുപ്രസിദ്ധവേദശാസ്ത്ര വാഗ്മിയായ പുത്തൻകാവിൽ കൊച്ചു തിരുമേനിയെ സ്മരിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത് എന്ന് ശെമ്മാശ്ശൻ പിന്നീട് പറഞ്ഞു. അന്ന് 40 മിനിട്ടോളം ശെമ്മാശ്ശൻ പ്രസംഗിച്ചു. ആദ്ധ്യാത്മികതയുടെ ആഴിത്തിരകളിൽ കയറിയിറങ്ങുകയായിരുന്നു കേൾവിക്കാർ. പതിനേഴു വയസ്സുള്ള കൊച്ചുശെമ്മാശ്ശൻ്റെ വാഗ്മിത പൂർണ്ണനിശ്ശബ്ദതയോടെ ഏറ്റുവാങ്ങിയ അവർ ഒരു മഹത്തായ യാത്രയുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഇരുപത് വയസ്സ് തികയും മുമ്പ്, കേരളത്തിലും പുറത്തും പ്രസംഗപാടവം തെളിയിച്ച ഒരു ആദ്ധ്യാത്മികപ്രതിഭയുടെ തിളക്കത്തിന് കാഴ്ച്ചക്കാരാകുകയായിരുന്നു.
കുമ്പഴ ശെമ്മാശ്ശൻ അഥവാ ശങ്കരത്തിൽ ശെമ്മാശ്ശൻ എന്നു വാത്സല്യത്തോടെ വിളിക്കപ്പെട്ടിരുന്ന യോഹന്നാൻ ശെമ്മാശ്ശൻ, പിൽക്കാലം മലങ്കരസഭയുടെ പതാക ഇങ്ങു കിഴക്കുനിന്ന് കൊണ്ടുപോയി അമേരിക്കൻ മണ്ണിൽ ഉറപ്പിച്ച വൈദികശ്രേഷ്ഠനായ വന്ദ്യ ദിവ്യശ്രീ. ഡോ. ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്കോപ്പയായി. പുണ്യ ജീവിതത്തിൻ്റെ എട്ടര പതിറ്റാണ്ടുകൾ സമ്മാനിച്ച മഹത്വം പേറുന്ന ആ ജീവിതത്തിലേക്ക്…..
നാലു സഹോദരന്മാരിൽ കുഞ്ഞനുജനായിരുന്നു കുഞ്ഞൂഞ്ഞുകുട്ടി. പെങ്ങന്മാരില്ല. പുരാതന പൗരോഹിത്യ പാരമ്പര്യമുള്ള ശങ്കരത്തിൽ കുടുംബത്തിൽ കുഞ്ഞുമ്മൻ മത്തായിയുടെയും ഏലിയാമ്മയുടെയും പുത്രനായി 1936 മാർച്ച് ഒന്നിന് പത്തനംതിട്ട ജില്ലയിൽ കുമ്പഴയിൽ ജനിച്ചു . മൂന്നര വയസ്സിൽ മാതൃ വിയോഗം. അനുജനെ വളർത്താൻ മൂത്ത ജ്യേഷ്ഠൻ ജോർജ് (ഈ ലേഖകൻ്റെ പിതാവ് ) വിദ്യാഭ്യാസം മുടക്കി പിതാവിനെ സഹായിച്ചു. മറ്റു സഹോദരന്മാരായ പാപ്പച്ചനും ബേബിയും കൂടി അനുജൻ്റെ രക്ഷാകർത്താക്കളായി. അങ്ങനെ പിതാവിൻ്റെയൂം ജ്യേഷ്ഠന്മാരുടെയും വാത്സല്യം ഒഴുകിയ ബാല്യം.
കുഞ്ഞൂഞ്ഞുകുട്ടിയുടെ ഏഴാം വയസ്സിൽ മൂത്ത ജ്യേഷ്ഠൻ്റെ വിവാഹം . പിന്നെ അമ്മയുടെ സ്ഥാനം ഏറ്റു വളർത്താൻ ആളുണ്ടായി . ജ്യേഷ്ഠൻ്റെ ഭാര്യ പൊടിയമ്മയുടെ വാത്സല്യവും തുണയും മാതൃതുല്യമായ പരിലാളനയും , പരിചരണവും എന്നും വൈദികസ്മരണയിലെ വെള്ളിത്തിളക്കം.
കുഞ്ഞൂഞ്ഞുകുട്ടിയുടെ ആദ്ധ്യാത്മിക ചൈതന്യം ആദ്യം കണ്ടറിഞ്ഞത് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന കാലംചെയ്ത പുത്തൻകാവിൽ മാർ പീലക്സിനോസ് തിരുമേനിയായിരുന്നു. (കൊച്ചു തിരുമേനി )12ാം വയസ്സിൽ ഈ ബാലനെ കൊച്ചുതിരുമേനി വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷയ്ക്കു കൈപിടിച്ച്കയറ്റി അഞ്ചാണ്ടുകൾക്കുശേഷം മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് ഗീവറൂഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ ദേവലോകം അരമന ചാപ്പലിൽ വച്ച് കുഞ്ഞൂഞ്ഞുകുട്ടിയെ യോഹന്നാൻ ശെമ്മാശ്ശനാക്കി. വിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമ്മദിവസമായിരുന്നു 1953 ആഗസ്റ്റ് 29. അതേ ദിവസം തന്നെയാണ് ശങ്കരത്തിൽ യോഹന്നാൻ ശെമ്മാശ്ശനായതും. പട്ട മേൽക്കുന്ന പുത്രനു കുർബാന ചൊല്ലാൻ ഒരു പള്ളിക്ക് അടിസ്ഥാനം കെട്ടിക്കഴിഞ്ഞിരുന്നു. അപ്പോൾ ശെമ്മാശ്ശൻ്റെ പിതാവ് പരിശുദ്ധ ബാവയക്ക് ഈ വിവരം അറിയാമായിരുന്നു.
പട്ടം ഏൽക്കുന്നതിനു തലേന്നാൾ സന്ധ്യാനമസ്ക്കാരത്തിനുശേഷം യോഹന്നാനെ പിതൃസഹോദരനായ ശങ്കരത്തിൽ മാത്യു കോർ എപ്പിസ്കോപ്പ, പുലിത്തിട്ട ശങ്കരത്തിൽ എബ്രഹാം കത്തനാർ, പിതാവ്, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരെയൊക്കെ പരിശുദ്ധ ബാവാ വിളിച്ചു ചേർത്തു. സദസ്സിൽ വച്ച് യോഹന്നാനോട് പള്ളിയിൽ കയറുമ്പോൾ ചൊല്ലുന്ന പ്രാർത്ഥന ചൊല്ലുവാൻ ആവശ്യപ്പെട്ടു ബാവ.
“ദൈവമേ നിൻ്റെ ഭവനത്തിലേക്ക് ഞാൻ പ്രവേശിച്ചു…..”
“നിർത്ത് “, ബാവാ കല്പിച്ചു. തുടർന്ന് ഒരു ചോദ്യം “പള്ളി ആരുടേത്?”
“ദൈവത്തിൻ്റേത്” യോഹന്നാൻ്റെ മറുപടി.
“നിൻ്റെ അപ്പൻ നിനക്കായി പള്ളി പണിയുന്നുണ്ടോ?”
“ഉണ്ട്”.
“ശരി. കശ്ശീശ്ശാ ആകും മുൻപ് അത് നിൻ്റെ ഇടവകപ്പള്ളിക്ക് എഴുതി ക്കോടുക്കണം”
അങ്ങനെ ചെയ്യാമെന്നായി യോഹന്നാൻ. വീണ്ടും ചോദ്യങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ശങ്കരത്തിൽ മാത്യൂസ് കോർ എപ്പിസ്കോപ്പായുടെ സമീപത്തേക്ക് നീങ്ങി. പക്ഷേ, സൂര്യസമാനം ശോഭിക്കുന്നതും ഗൗരവം നിറഞ്ഞതുമായ ആ മുഖത്തുനിന്ന് വീണ്ടും ചോദ്യം:
“എടാ നിൻ്റെ പേരെന്താ?”
“യോഹന്നാൻ”
“നിനക്കെത്ര കണ്ണുകളുണ്ട്?”
കാര്യം മനസ്സിലാക്കാതെ അമ്പരപ്പോടെ യോഹന്നാൻ പറഞ്ഞു.
“രണ്ട്”
“നാളെ നിനക്ക് പട്ടം തരികയാണ് . നാളെ വിശുദ്ധ മദ്ബഹായിൽ നിന്ന് നീ പടിഞ്ഞാറേക്കു നോക്കും.”
“ഉവ്വ് “
“എത്ര കണ്ണുകൾ കാണും നീ”
“നൂറുപേരുണ്ടെങ്കിൽ ഇരുനുറു കണ്ണുകൾ കാണു.”
മറുപടികേട്ട് തിരുമേനി ഗൗരവം വിട്ട് പുഞ്ചിരി തൂവി ഇങ്ങനെ പറഞ്ഞു:
“ഓർക്കുക നീ രണ്ടു കണ്ണുകൾകൊണ്ട് കാണുമ്പോൾ നിന്നെ കാണുന്നത് നുറ് നുറ് കണ്ണുകളായിരിക്കും.”
പിന്നെ വേദപുസ്തകം യോഹന്നാൻ്റെ കൈയിൽ കൊടുത്തു. പള്ളിയിൽ പോയി രാത്രി സങ്കീർത്തനങ്ങൾ വായിക്കാൻ പരിശുദ്ധ ബാവാ കല്പിച്ചു.
കുമ്പഴ പ്രൈമറിസ്കൂൾ, ചുട്ടിപ്പാറ മിഡിൽ സ്കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം( B.A.) നേടി. രണ്ടു വർഷക്കാലം ഔഗേൻ തിമോത്തിയോസ് തിരുമേനിയുടെ (കാലംചെയ്ത പരിശുദ്ധ ബസേലിയോസ് ഔഗേൻ കാതോലിക്കാ ബാവാ ) സെക്രട്ടറിയായി മൂവാറ്റുപുഴയിലും, കോടനാട്ടും താമസിച്ച് സുറിയാനി വിദ്യാഭ്യാസം നേടി. പിന്നീട് കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ കോളേജിൽ നിന്ന് വേദ ശാസ്ത്രപഠനം( G.S.T.) പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽനിന്ന് മലയാളം സംസ്കൃതം എന്നിവയിൽ എം.എ. ആയിടെയാണ് പത്തനാപുരം കോളേജിൽ മലയാളം അധ്യാപകനായി നിയമനം ലഭിച്ചത്. പക്ഷേ, അന്നു ബാഹ്യ കേരള മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ് മാർ അത്താനാസ്യോസ് (പിന്നീട് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്ക) ആവശ്യപ്പെട്ടു, ‘മലങ്കരസഭ’ മാസികയുടെ എഡിറ്ററായി ദേവലോകത്തു വരുവാൻ. അത് സ്വീകരിച്ചു. അങ്ങനെ സഭാപ്രവർത്തനങ്ങളുടെ പവിത്രഭൂമിയിലേക്ക്……
1961 ജൂൺ 6 ന് പിതാവിൻ്റെ നിര്യാണം. അക്കാലം സെമിനാരി വിദ്യാഭ്യാസം നടത്തുകയായിരുന്നു ശെമ്മാശ്ശൻ. കടമ്പനാട് താഴേതിൽ കുടുംബത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായ മുണ്ടപ്പള്ളിൽ ടി. ജി. തോമസിൻ്റെയും തങ്കമ്മയുടെയും പുത്രിയും ഹൈസ്കൂൾ അധ്യാപികയുമായിരുന്ന എൽസി ശെമ്മാശ്ശൻ്റെ ജീവിതത്തിലേക്കു കടന്നുവന്നത് 1970 ജൂലൈ 27-ന്.
യോഹന്നാൻ അച്ചൻ്റെ ആദ്ധ്യാത്മികചൈതന്യം കടലുകൾ കടന്നു വരുന്നത് എഴുപതുകളിൽ, ന്യൂയോർക്കിലെ തിയോളജിക്കൽ സെമിനാരിയിൽനിന്ന് 1970-ൽ വേദ ശാസ്ത്രത്തിൽ എക്യുമിനിക്കൽ സ്കോളർഷിപ്പ് നേടി വന്നതാണ് നിമിത്തമായത്. 1970 സെപ്റ്റംബർ 12-ന് ന്യൂയോർക്കിലെത്തി പഠനം ആരംഭിച്ചു. 1970 ആഗസ്റ്റ് 21-ന് പത്തനംതിട്ട ബേസിൽ ദയറാ ചാപ്പലിൽവച്ചു തുമ്പമൺ ഭദ്രാസനാധിപൻ ദാനിയേൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്ത കാശീശാപട്ടം നൽകി. അങ്ങനെ യോഹന്നാൻ അച്ചൻ ന്യൂയോർക്കിലെത്തുമ്പോൾ അവിടെ ഓർത്തഡോക്സ് സഭയിലെ അച്ചന്മാർ ആരുമുണ്ടായിരുന്നില്ല. അന്ന് യൂണിയൻ സെമിനാരിയിൽ ക്നാനായ ഭദ്രാസനത്തിൽ പെട്ട സൈമൺ കോർ എപ്പിസ്ക്കോപ്പ നടത്തിയിരുന്ന കുർബാനയായിരുന്നു എല്ലാ സഭക്കാർക്കും അനുഗ്രഹമേകിയിരുന്നത്. അച്ചൻ്റെ വരവ് സഭാംഗങ്ങൾക്ക് പുത്തൻ ഉണർവായി.
യൂണിയൻ സെമിനാരിയിലെ പഠനം പൂർത്തിയാക്കിയ യോഹന്നാൻ അച്ചനെ (1971 ജൂണിൽ) മലങ്കരസഭയുടെ അന്നത്തെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൺ പ്രഥമൻ കാതോലിക്കാ ബാവാ, അമേരിക്കൻ മണ്ണിൽ മലങ്കരസഭയുടെ ഇടവകകൾ രൂപവല്‍ക്കരിക്കാൻ കൽപ്പന മൂലം നിയമിച്ചു. തുടർന്ന് അമേരിക്കയിലെ ആദ്യത്തെ ഇടവകയായ ന്യൂയോർക്ക് സെന്‍റ് തോമസ് പള്ളിയുടെ പിറവി കെ .സി. ജോർജച്ചനായിരുന്നു യോഹന്നാനച്ചൻ്റെ വലംകൈയായത്. ചെറിയാൻ നീലാങ്കൽ ശെമ്മാശ്ശനും സഭാംഗങ്ങളും സഹകരിച്ചു പ്രവർത്തിച്ചു. ബാഹ്യ കേരള ഭദ്രാസന മെത്രാപ്പോലീത്ത ഈ ഇടവകയുടെ ചുമതല യോഹന്നാനച്ചനെ ഏൽപ്പിച്ചു നിയമിച്ചു. സഹപട്ടക്കാരനായത് കെ. സി ജോർജച്ചൻ അന്ന് പതിനഞ്ചു കുടുംബങ്ങളേ ഇടവകയിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് യോഹന്നാൻ കത്തനാർ ഈ ഇടവകയുടെ വികാരിയായി 1977 വരെ പ്രവർത്തിച്ചു. ഈ സെൻറ് തോമസ് ഇടവകയ്ക്ക് സ്വന്തമായ ഒരു ദേവാലയം ഉണ്ടാക്കാൻ ഇടവകയെ ആഹ്വാനം ചെയ്തുകൊണ്ട് 1974-ൽ ആയിരത്തൊന്ന് ഡോളര്‍ സംഭാവന ചെയ്തുകൊണ്ട് ദേവാലയ നിർമ്മാണ ഫണ്ടിൻ്റെ ഉദ്ഘാടനം യോഹന്നാൻ അച്ചൻ നിർവ്വഹിച്ചത് പുതിയ വഴിത്തിരിവായിരുന്നു.
വിദേശത്തെ സഭ വികസനപ്രവർത്തനങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. പിന്നീട് അച്ചൻ്റെ നേതൃത്വത്തിൽ 700 മൈൽ അകലെയുള്ള ഡിട്രോയിറ്റിലും 250 മൈൽ അകലെയുള്ള വാഷിംങ്ടണിലും ഇടവകകൾ രൂപീകരിച്ച് രണ്ടു വർഷക്കാലം മാസത്തിലൊരിക്കൽ അവിടെയൊക്കെ പോയി വിശുദ്ധ കുർബാന അർപ്പിച്ചു വന്നിരുന്നു. 1977-ൽ ക്വീൻസ് സെൻറ് ഗ്രിഗോറിയോസ് (ഇപ്പോൾ എൽമോണ്ട് സെൻറ് ഗ്രിഗോറിയോസ്) ഇടവക രൂപീകരിച്ചു. ഇതിൻ്റെ വികാരിയായി അച്ചനെ തന്നെ ഭദ്രാസനാധിപൻ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്താ നിയമിച്ചു.അച്ചൻ്റെ നേതൃത്വത്തിൽ താമസംവിനാ ഒരു ദേവാലയം ഉണ്ടാക്കി വിശുദ്ധ മദ്ബഹായുടെ ഉൾപ്പണികളും വിശുദ്ധ ത്രോണോസ് മുതലായ പണികളും അച്ചൻ്റെ സ്വന്തം കൈപ്പണിയായിരുന്നു.1986 വരെ അവിടുത്തെ ആദ്ധ്യാത്മിക നേതൃത്വം. 1986 ഏപ്രിലിൽ ലോംഗ് ഐലൻഡ് സെൻറ് തോമസ് ഇടവക അച്ചൻ്റെ പരിശ്രമ ഫലമായി രൂപംകൊണ്ടു. അവിടെ വികാരിയായി.
ന്യൂയോർക്ക് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് വേദശാസ്ത്രത്തിൽ S.T.M.ഉം എക്യുമിനിക്കൽ ഫെലോ എന്ന ബഹുമതിയും നേടിയ ശേഷം അമേരിക്കൻ കൗൺസിൽ ഓഫ് പാസ്റ്ററൽ എഡ്യുക്കേഷൻ്റെ കീഴിൽ രണ്ടുവർഷക്കാലം clinical pastrol counseling പഠിച്ചു. പിന്നീട് ലോംഗ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രം, ഫാമിലി കൗൺസിലിംഗ് ഇവയിൽ എം. എസ് . ബിരുദം . തുടർന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് എം.എ. ബിരുദം ( തെറാപ്യൂട്ടിക് റെക്രിയേഷൻ ) Hoftra University-ൽനിന്ന് എം. എസ്. ബിരുദം ( റീഹാബിലിറ്റേഷൻ കൗൺസിലിംഗ് ) C.W. post കോളേജിൽനിന്ന് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ പരിശീലനം ( certfication) വേദശാസ്ത്രത്തിൽ ഡോക്ടറേറ്റും ലഭിച്ചു.
ചരിത്രമാകുകയായിരുന്നു 1980 ലെ ഏപ്രിൽ 26 . അന്ന് പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ തിരുമേനി യോഹന്നാൻ അച്ചന് കുമ്പഴ സെൻറ് മേരീസ് വലിയ കത്തീഡ്രലിൽ മാത്യൂസ് മാർ കൂറിലോസ് , പിന്നീട് കാതോലിക്കാ ബാവാ തോമസ് മാർ മക്കാറിയോസ് , ഗീവർഗീസ് മാർ ദിയസ്കോറോസ് , സഖറിയാസ് മാർ ദിവന്നാസിയോസ് , നൂറിൽപരം വൈദികർ , രണ്ടായിരത്തോളംവിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ കോർ എപ്പിസ്ക്കോപ്പാ സ്ഥാനം നൽകി . തിരുമേനി സ്വർണ്ണമാല സമ്മാനമായി അണിയിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു : ഈ കോർ എപ്പിസ്കോപ്പയെ നാം വൈദീക സെമിനാരിയിൽ പഠിപ്പിച്ചു . നാം 1979- ൽ അമേരിക്ക സന്ദർശിച്ചപ്പോൾ അഞ്ചാഴ്ചക്കാലം അച്ചൻ്റെ കൂടെ അച്ചൻ്റെ വീട്ടിൽ താമസിച്ച് ഇയാളുടെ ജീവിതം നേരിൽ കണ്ടുമനസ്സിലാക്കി . അച്ചൻ്റെ പക്വതയും , സഭാസ്നേഹവും പിതാക്കന്മാരോടുള്ള ആദരവും സ്നേഹ തല്പരതയും നമ്മെ വളരെ ആകർഷിച്ചു . സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞതും അമേരിക്കയിലെ ആദ്യത്തെയും കോർ എപ്പിസ്കോപ്പായാണ് ഈ നവ കോർ എപ്പിസ്കോപ്പ.” ശേഷം ബാവാ തിരുമേനിയുടെ അഭിനന്ദന പ്രവാഹമായിരുന്നു . പിന്നീട് ദന്തനിർമ്മിതവും സ്വർണ്ണംകെട്ടിച്ചിതുമായ അംശവടിയും സമ്മാനിച്ചു.
കിഴക്കിൻ്റെ കാതോലിക്ക ( പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ) ചരിത്രത്തിൽ ആദ്യമായി അമേരിക്ക സന്ദർശിക്കുന്ന അവസരത്തിൽ (1979-ൽ) അതിനുവേണ്ട ക്രമീകരണങ്ങൾ , ഭദ്രാസന മെത്രാപ്പോലിത്തയോടൂകൂടി ചെയ്യുകയും സ്വീകരണകമ്മറ്റിയുടെ ജനറൽ കൺവീനറായി പ്രവർത്തിക്കുകയും ചെയ്തു . ഭദ്രാസന കൗൺസിൽ മെമ്പർ , ഭദ്രാസന ക്ലേർജി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. വേദശാസ്ത്രപണ്ഡിതൻ, കൺവെൻഷൻ പ്രസംഗകൻ സംഘാടകൻ എന്നിങ്ങനെ പല നിലകളിലും അച്ചൻ ശോഭിച്ചു .
ഭാര്യ എൽസി ന്യൂയോർക്ക് സ്റ്റേറ്റിൻ്റെ നാസാ കൗണ്ടിയിൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് വർക്ക്സിൽ എൻജിനീയറായി രുന്നു. പേരുകേട്ട കവിയത്രികൂടിയാണ്. മക്കൾ മാത്യു ഇൻ വെസ്റ്റ് മെൻ്റ്ബാങ്കർ, തോമസ് കോർപ്പറേറ്റ് അറ്റോർണി.
പരിശുദ്ധരായ ഗിവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ എന്നീ തിരുമേനിമാരോടൊപ്പം താമസിച്ച് അവരുടെ ശിക്ഷണത്തിൽ വേദശാസ്ത്രത്തിൻ്റെയും ആരാധനയുടെയും നേരായവഴി കണ്ടെത്തുവാൻ അച്ചന് ഭാഗ്യം ലഭിച്ചു.
ആദ്ധ്യാത്മികതയുടെ ആഴങ്ങൾ തേടിയ ഇക്കാലത്തൊക്കെ ജീവിതത്തിൻ്റെ പച്ച അച്ചൻ്റെ വീട്ടുമുറ്റത്തുതന്നെയുണ്ടായിരുന്നു. ആ പച്ചയുടെ രഹസ്യം എന്താണെന്നോ? മുറ്റത്തെ പച്ചക്കറിത്തോട്ടം വെറുമൊരു ഹോബിയായി തുടങ്ങിയ പ്രകൃതി സ്നേഹം ന്യൂയോർക്കിലെമ്പാടും അറിയപ്പെടുന്ന പച്ചക്കറിത്തോട്ടമായി തലയുർത്തിയപ്പോൾ അമേരിക്ക മലയാളത്തിൻ്റെ പ്രകൃതിപ്രേമം അറിയുകയായിരുന്നു. പാവൽ, പടവലം, പയറ്, പച്ചമുളക്, കാന്താരി, തക്കാളി തുടങ്ങിയ വിളകൾക്കിടയിലൂടെ പച്ചയെ തൊട്ടറിഞ്ഞുലാത്തുന്ന കോർ എപ്പിസ്കോപ്പയോടു ചോദിക്കാം. ഈ നല്ല തോട്ടത്തിൻ്റെ രഹസ്യമെന്താണെന്ന്? ‘വെറും സിമ്പിൾ’
ആത്മാർത്ഥമായ ശുശ്രൂഷ, തക്കസമത്തെ പരിചരണം, ഇഷ്ടപ്പെടുന്നതിനെ അല്ല, ചെയ്യേണ്ടതിനെ ഇഷ്ടപ്പെട്ട് താല്പര്യത്തോടും ശുഷ്ക്കാന്തിയോടും പ്രവർത്തിക്കുന്ന ‘തോട്ടക്കാരൻ’
ഭക്തിപാതയിലെ തീർത്ഥയാത്രയ്ക്ക് 85-ാം വയസ്സിൽ വിരാമമായിരിക്കുന്നു. ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണുവാനുളള അസുലഭ സൗഭാഗ്യം ലഭിച്ച കോർ എപ്പിസ്കോപ്പാ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മാതൃദേവാലയമായ പത്തനംതിട്ട കുമ്പഴ സെൻ്റ് മേരിസ് ഓർത്തഡോക്സ് വലിയ കത്തീഡറലിൽ ശതാബ്ദി ആഘോഷിച്ചപ്പോൾ സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയും ശങ്കരത്തിൽ കുടുംബത്തിൻ്റെ അഭിമാനമായ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയും ഉൾപ്പെടെ ജീവിതത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട പ്രശസ്ത ആശംസകൾ അർപ്പിക്കുവാൻ എത്തിയിരുന്നു.
നാട്ടിലേക്കുള്ള അച്ചൻ്റെ അവസാനത്തെ യാത്രയാണതെന്ന് ആരും കരുതിയില്ല. വർഷം ഒന്നു കടന്നു പോയിരിക്കുന്നു. ദൈവം തൻ്റെ വാത്സല്യ മകനെ ഇമ്പങ്ങളുടെ പറുദീസയിലേക്കു തിരിച്ചു വിളിച്ചിരിക്കുന്നു.
എൻ്റെ കുഞ്ഞുപ്പാപ്പാ- അങ്ങ് നല്ലപോർ പൊരുതി. ഓട്ടം തികച്ചു. വിശ്വാസം കാത്തു. നീതിയുടെ കിരീടം അണിയിക്കുവാനായി സർവ്വേശ്വരൻ അങ്ങയെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. അങ്ങേയ്ക്ക് മരണമില്ല. ദൂതന്മാരുടെ സംഘം ഇതാ കാവൽ നിൽക്കുന്നു.
പന്തളം കടയ്ക്കാട് തലയനാട്ടെ നമ്മുടെ പുണ്യ പൂർവികന്മാരോടും സ്വർഗ്ഗീയ സേനകളോടുമോപ്പം രാജാധിരാജവായ കർത്താവിനെ എതിരേൽക്കുവാനുളള അസുലഭ ഭാഗ്യം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്നു. വാത്സല്യനിധിയായ കുഞ്ഞുപ്പാപ്പാ! ഈ മകൻ്റെ അന്ത്യ പ്രണാമം.
Salute to a Legendary Humanitarian Priest Rev. Dr. Yohannan Sankarathil Cor Episcopa, whom I knew personally and interacted many times. His name will be remembered in the history of humanity for ever.
With unending love and prayers.
Rest In Peace.
Thomas Koovalloor