കോവിഡ് മഹാമാരി ഒഴിയുന്നതിന് മുമ്പു ഇതാ മറ്റൊരു രോഗ ഭീഷണി. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർ മൈക്കോസ്സിസ്സ് എന്ന പൂപ്പൽ രോഗമാണിത്. ഇത് പുതിയ രോഗമല്ല. രോഗപ്രതിരോധശക്തി കുറഞ്ഞവരിലും മറ്റു ചില രോഗബാധയുള്ളവരിലും അപൂർവ്വമായി കണ്ടുവന്നിരുന്ന രോഗമാണിത്. ഇതിനു കാരണമാകുന്ന പൂപ്പൽ വർഗ്ഗം മണ്ണിലും ഈർപ്പം നിലനിൽക്കുന്ന മര ഉരുപ്പടികളിലുമെല്ലാം കണ്ടുവരുന്നു. ഇത് കൊറോണ വൈറസ്സ് പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നില്ല. രോഗപ്രതിരോധശക്തി വളരെ കുറഞ്ഞവർ ഈ ഫംഗസ് ഉള്ള മണ്ണുമായോ ഈർപ്പം നിറഞ്ഞ പ്രതലമായോ സമ്പർക്കത്തിൽ ഏർപ്പെടുമ്പോളാണ് ഈ രോഗം ബാധിക്കുക.
ബ്ലാക്ക് ഫംഗസ് ദന്ത ചികിത്സ വഴി പകരുമോ ?
ഒരിക്കലുമില്ല. ദന്തൽ ക്ലിനിക്കും ഉപകരണങ്ങളും ശ്രദ്ധയോടെ അണുവിമുക്തമാക്കിയ ശേഷമാണ് ചികിത്സകൾ നടത്തുന്നത് . കോവിഡ് അതിജീവിച്ച പലരും തങ്ങൾക്ക് ദന്തചികിത്സ നിഷേധിക്കപ്പെടുമോയെന്ന ഭയത്താൽ അക്കാര്യം മറച്ചു വെയ്ക്കുന്നു. ദന്ത ഡോക്ടർമാർ വാക്സിൻ എടുത്തിട്ടുള്ള വരും രോഗം പടരാതിരിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവരുമാകയാൽ ഒരിക്കലും ചികിത്സ നിഷേധിക്കുകയില്ല. ബ്ലാക്ക് ഫംഗസ്സിന്റെ ആദ്യ ലക്ഷണങ്ങൾ ചിലപ്പോൾ പ്രത്യക്ഷപ്പെടുക വായ്ക്കുള്ളിൽ ആയതിനാൽ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയാൽ രോഗനിർണ്ണയത്തിന് വളരെയധികം സഹായമാകും. പല്ലിനോ താടിയെല്ലിനോ പെട്ടെന്നുണ്ടാകുന്ന ഇളക്കം, വായ്ക്കുള്ളിലെ വ്രണങ്ങൾ, മോണയ്ക്കോ മുഖത്തിനോ ഉണ്ടാകുന്ന വീക്കം എന്നിവ ബ്ലാക്ക് ഫംഗസ്സിന്റെ ലക്ഷണങ്ങളാകാം. കോവിഡ് അതിജീവിച്ചവരിൽ ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ അത് ബ്ലാക്ക് ഫംഗസ്സല്ല എന്ന് ഉറപ്പുവരുത്തണം. ബ്ലാക്ക് ഫംഗസ് മരണകരമാണെങ്കിലും തുടക്കത്തിലേ ചികിത്സിച്ചാൽ ഭേദപ്പെടുത്താo.
നിങ്ങൾ കോവിഡ് അതിജീവിച്ചവരും താഴെപ്പറയുന്ന സ്ഥിതിയിലുള്ളവരുമാണെങ്കിൽ നിർബന്ധമായും അത് ദന്ത ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
- പ്രമേഹരോഗികൾ
- ക്യാൻസർ രോഗികൾ
- സ്റ്റിറോയ്ഡ് മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്നവർ
- അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ളവർ
- മണ്ണുമായി ബന്ധപ്പെട്ടും പൊടിയും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിലും ജോലി ചെയ്യുന്നവർ
മുകളിൽ പറഞ്ഞിരിക്കുന്ന അവസ്ഥയിലുള്ളവർ രോഗം വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ.
മണ്ണ് ,പൊടി ഈർപ്പം എന്നിവ തങ്ങി നിൽക്കുന്ന അന്തരീക്ഷവും പ്രതലങ്ങളുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
പാദവും കാലുകളും പൂർണമായി മൂടുന്ന തരത്തിലുള്ള പാദരക്ഷകളും വസ്ത്രങ്ങളും ധരിക്കുക.
മണ്ണും , ജൈവവളങ്ങളും മറ്റ് ഈർപ്പമുള്ള വസ്തുക്കളും കൈകാര്യം ചെയ്യുമ്പോൾ കൈകൾ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഗ്ലൗസും ധരിക്കണം.
അഴുക്കു പുരണ്ട കൈകൾ കൊണ്ട് മൂക്കിനുള്ളിലോ കണ്ണിലോ മുഖത്തോ സ്പർശിക്കരുത്.
N95 മാസ്കുകൾ ഉപയോഗിക്കുക. കഴുകി ഉപയോഗിക്കാൻ പറ്റുന്ന മാസ്ക്കുകൾ ദിവസവും കഴുകി നന്നായി ഉണങ്ങിയ ശേഷം ഉപയോഗിക്കുക. ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്ക്കുകൾ ഉപയോഗശേഷം നിർമാർജനം ചെയ്യണം.
രോഗലക്ഷണങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുക.
രോഗലക്ഷണങ്ങൾ :
മുഖത്തിൻറെ ഒരുവശത്ത് കാണുന്ന വീക്കം
തലവേദന
മൂക്കടപ്പ്
മൂക്കിൻറെ പാലത്തിലും വായ്ക്കുള്ളിലും കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയും പെട്ടന്ന് വഷളാവുകയും ചെയ്യുക.
കാഴ്ച മങ്ങൽ, കണ്ണുവേദന തുടങ്ങിയ പ്രശ്നങ്ങൾ പെട്ടെന്ന് ഉടലെടുക്കുക
പനി
ചുമ
നെഞ്ചുവേദന
ശ്വാസതടസ്സം
ചർമ്മത്തിൽ കുമിളകളോ വ്രണങ്ങളോ വരികയും അവ പെട്ടെന്ന് കറുത്ത നിറമായി തീരുകയും ചെയ്യുക.
വയറുവേദന
ഛർദ്ദിയും ഓക്കാനവും
വയറ്റിൽ നിന്ന് രക്തം പോവുക.
കോവിഡാനന്തരം മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും കാണുന്നുവെങ്കിൽ ഉടൻ ചികിത്സ തേടുക.
ഡോ. അനിൽ കുര്യൻ, സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം✍