“ഊസ് ദേശത്തു ഇയ്യോബ് എന്ന് പേരുള്ളൊരു പുരുഷൻ ഉണ്ടായിരുന്നു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായിരുന്നു.”എന്നാൽ ഇയ്യോബിന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയം കൊണ്ടു ത്യജിച്ചു ജീവിച്ചു. അതിനെല്ലാം പരിഹാരം ഇയ്യോബ് ചെയ്തു പോന്നു. എങ്കിലും സാത്താൻ (ദൈവസന്നിധിയിൽ ദൂതന്മാരായിരുന്ന ഇവർ ദൈവവുമായി കലഹിച്ചു സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് )ഭൂമിയിലെങ്ങും ഊടാടി സഞ്ചരിച്ചു എവിടെ സമാധാനവും സന്തോഷവും നശിപ്പിക്കാമെന്ന ചിന്തയിൽ ഇയ്യോബ്ബിലും ഇവരുടെ കണ്ണുകൾ പതിച്ചു.
അവിടെയാണ് ഇയ്യോബിന് ദൈവത്തിലുള്ള വിശ്വാസത്തിന്റെ പൂർത്തികരണം നിലനിന്നത്. വസ്തുവകകൾ നശിച്ചിട്ടും, ഭാരങ്ങളും രോഗങ്ങളും തളർത്തിയിട്ടും ദൈവത്തിലുള്ള വിശ്വാസം തകരാതെ ഹൃദയത്തെ നിലനിർത്തി. ഇയ്യോബ് തനിക്കു പ്രാത്ഥിക്കുന്നതിൽ കൂടുതൽ തന്റെ ബന്ധു ജനങ്ങൾക്ക് വേണ്ടിയും,സ്നേഹിതർക്കുമായി പ്രാത്ഥിച്ചു, സാത്താന്റെ തന്ത്രങ്ങളോട് ഏതിർത്തു ദൈവത്തിലുള്ള വിശ്വാസത്തിൽ ഉറച്ചപ്പോൾ സ്ഥിതികൾക്ക് ഭേദം വന്നു വീണ്ടും സമൃദ്ധിയായി അനുഗ്രഹിക്കപ്പെട്ടവനായി.
“സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ട സമ്പൂർണ്ണനുമാകുന്നു.അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞു പോകുന്നു. നിലനിൽക്കാത്ത നിഴൽ പോലെ ഓടിപ്പോകുന്നു.”
എന്താണ് വിശ്വാസം
എബ്രയാർ 11 =1,2 “വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിച്ഛയവും ആകുന്നു. “
എല്ലാ മനുഷ്യരും വിശ്വസിക്കുന്നു ഈ ലോകത്തിനൊരു സൃഷ്ടി കർത്താവുണ്ടെന്നും ആ സൃഷ്ടിയ്ക്കു ചൈതന്യവും, മഹത്വവും ഉണ്ടെന്നും എന്നാൽ ആരും ഒരുനാളും ദൈവത്തെ കണ്ടിട്ടുമില്ല. (ദൈവത്തിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രനത് വെളിപ്പെടുത്തി)അവിടെയാണ് ദൈവമേന്നു വിളിക്കുന്ന ഏതൊരാൾക്കും ദൈവം സമീപസ്ഥൻ ആകുന്നത്. ദൈവത്തിന് മുഖ പക്ഷമില്ല ഏതു ജാതിയിൽ പെട്ടും അവനെ വിളിക്കുന്നവർക്ക് കൂടെയുണ്ടാകും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ കാണുമെന്നും വചനം പറയുന്നു.
ഭൂമിയിലുള്ളയേതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്. വിശ്വാസം നഷ്ടപ്പെടുന്നിടത്തു ബന്ധങ്ങൾ താനേ അടർന്നു മാറും. കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം ഭാര്യഭർത്യ ബന്ധത്തിലുള്ള വിശ്വാസമാണ്.ജഡമോഹങ്ങൾ നൈമിഷിക മാണെന്നുള്ള തിരിച്ചറിവ് കിട്ടുന്ന വ്യക്തികൾ കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൊടുത്തു ജീവിതത്തിൽ സന്തോഷവും,സമാധാനവും, സ്നേഹവും കൊടുത്തും വാങ്ങിയും ജീവിക്കും.
ജഡമോഹങ്ങളായ ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധാന (ബിംബങ്ങളെ നമിക്കുക മാത്രമല്ല ഹൃദയത്തിൽ ഒരു വ്യക്തിയോട് അല്ലെങ്കിൽ ഏതെങ്കിലും വസ്തുവിനോട് തോന്നുന്ന അമിത താല്പര്യമുള്ള ആരാധന ഇതിൽപ്പെടും) ആഭിചാരം,പക,പിണക്കം,ജാരശങ്ക, ക്രോധം,ദ്വന്ദപക്ഷം, ഭിന്നത, അസൂയ, മദ്യപാനം,വെറിക്കൂത്ത് ഇവയെല്ലാം ജീവിതത്തിൽ നിന്ന് അകറ്റി.
ആത്മാവിന്റെ ഫലമായ സ്നേഹം, സന്തോഷം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്ഥത, സൗമ്യത, ഇന്ദ്രിയജയം ഇതെല്ലാം ജീവിതത്തോട് ചേർത്തു നിർത്തുക.
വ്യക്തികളുടെ ജീവിതത്തിൽ രണ്ടു നിലവാരത്തിലുള്ള ചിന്തകളാണ് ഭരിക്കുന്നത് ജഡവും,ആത്മാവും തമ്മിൽ നിരന്തരം ജയിക്കുവാനുള്ള ആസക്തി നിലനിർത്തും. ആർക്കുമാരെയും ഒരു പരിധി വരെ മാത്രമേ നിയന്ത്രണങ്ങൾക്ക് വിധേയമാക്കപ്പെടാൻ സാധിക്കു. ഏതു രീതിയിൽ സഞ്ചരിക്കണമെന്നും, എങ്ങനെ ജീവിക്കണമെന്നുമുള്ള തീരുമാനം വ്യക്തിയുടെ സ്വാതന്ത്ര്യവും, ചിന്തകളുടെ മൂല്യത്തെയും ആശ്രയിച്ചിരിക്കും.
വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്നതല്ല. ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവമുണ്ടെന്ന് വിശ്വസിക്കുകയും അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുമെന്നും വിശ്വസിക്കണം.
വിശ്വാസത്തിന്റെ അടിസ്ഥാനം സ്നേഹമാണ്.
അറിവ് ചീർപ്പിക്കുന്നു. സ്നേഹമോ ആത്‍മീക വർദ്ധന വരുത്തുന്നു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഉയരുന്ന സ്നേഹം ദീർഘമായി ക്ഷമിക്കും, ദയ കാണിക്കും, സ്പർദ്ധിക്കുന്നില്ല, നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വർത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല, അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കും, എല്ലാം പൊറുക്കുന്നു, വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു, സഹിക്കുന്നു.
പകരത്തിനു പകരാം കൊടുക്കാതെ സ്നേഹത്തിൽ ആശ്രയിക്കാം.സ്നേഹത്തിൽ അടിയുറച്ച വിശ്വാസവുമായി ഈ ലോകത്തെ പ്രവാസ ജീവിതം നമ്മുക്ക് സന്തോഷത്തോടെ നയിക്കാം.എല്ലാ നന്മകളാലും സമൃദ്ധമാകട്ടെ ഈ ദിനം 🙏🙏
പ്രീതി രാധാകൃഷ്ണൻ ✍️