(വാർത്ത: പി.പി. ചെറിയാൻ)
വാഷിങ്ടൻ ഡിസി: നവംബർ 3ന് നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം ആഴ്ചകൾ പിന്നിട്ടിട്ടും ബൈഡന്റേയും കമലാ ഹാരിസിന്റേയും വിജയം അംഗീകരിക്കാതിരുന്ന യുഎസ് സെനറ്റ് ഭൂരിപക്ഷ കക്ഷി റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിച്ച് മെക്കോണൽ ഒടുവിൽ ബൈഡന്റെ വിജയത്തിന് ആശംസകൾ അറിയിച്ചു കൊണ്ടു സന്ദേശം അയച്ചു.
ഡിസംബർ 13 തിങ്കളാഴ്ച ജയിക്കാനാവശ്യമായ ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭിച്ചു എന്നുറപ്പായതോടെയാണ് മിച്ച് അഭിനന്ദനവുമായി രംഗത്തെത്തിയത്. ജോർജിയായിൽ നടക്കുന്ന സെനറ്റ് മത്സരങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കി. ആദ്യമായാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സീനിയർ നേതാവായ ഒരാൾ ബൈഡന്റെ വിജയത്തിനു അഭിനന്ദനം നേരുന്നത് .
ഡിസംബർ 6ന് ഇലക്ടറൽ കോളജ് വോട്ടുകൾ യുഎസ് സെനറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ റിപ്പബ്ലിക്കൻ സെനറ്റർമാർ യാതൊരു കാരണവശാലും തടസ്സവാദങ്ങൾ ഉന്നയിക്കരുതെന്നും മിച്ച് മെക്കോണൽ മുന്നറിയിപ്പ് നൽകി. ഡിസംബർ 4ന് ജോർജിയായിൽ നടക്കുന്ന വാശിയേറിയ റൺ ഓഫ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ഇരു പാർട്ടികൾക്കും അത്യന്താപേക്ഷിതമാണ്. ഇപ്പോൾ യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ (50), ഡമോക്രാറ്റിക് (48) സീറ്റുകളാണ് ഉള്ളത്. ജോർജിയായിലെ രണ്ടു സീറ്റുകളിലും ജയിക്കേണ്ടത് ഡമോക്രാറ്റിക് അനിവാര്യമാണ്. എന്നാൽ മാത്രമേ വൈസ് പ്രസിഡന്റിന്റെ വോട്ടോടെ ഭൂരിപക്ഷം നേടാനാകൂ. റിപ്പബ്ലിക്കൻ പാർട്ടി വളരെ ജാഗ്രതയോടെയാണ് റൺ ഓഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്
