മെൽബൺ: അടുത്ത ഫെബ്രുവരിയിൽ ബെയ്ജിങ്ങിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന് നയതന്ത്രപ്രതിനിധികളെ അയക്കില്ലെന്ന് ഓസ്ട്രേലിയയും. പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ പ്രശ്നങ്ങളിൽ നയതന്ത്ര ചർച്ചയ്ക്ക് ചൈന തയ്യാറാകാത്തതാണ് ബഹിഷ്കരണത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിലെ മനുഷ്യാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, ഓസ്ട്രേലിയൻ ഉദ്യോഗസ്ഥരെ ക്ഷണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ വന്നാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.
നേരത്തേ യു.എസും ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടെ ജപ്പാനും സമാനമായ നടപടികളിലേക്കു കടന്നേക്കുെമന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പ്രഖ്യാപനത്തോടെ ചൈനയ്ക്കെതിരായ പോരിൽ യു.എസിനൊപ്പംനിൽക്കുമെന്ന നിലപാട് ആവർത്തിക്കുകയാണ് ഓസ്‌ട്രേലിയ. നേരത്തേ തയ്‌വാനെ ചൈന ആക്രമിച്ചാൽ പ്രതിരോധിക്കാൻ യു.എസിനൊപ്പം ചേരുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.