17.1 C
New York
Wednesday, January 19, 2022
Home Travel “ബാൻഫ് -കാനഡയിലെ സ്വിറ്റ്സർലൻഡ്- (യാത്രാവിവരണം - ഭാഗം ഒന്ന്)

“ബാൻഫ് -കാനഡയിലെ സ്വിറ്റ്സർലൻഡ്- (യാത്രാവിവരണം – ഭാഗം ഒന്ന്)

(ജ്യോതിസ് പോൾ)

നയാഗ്ര കഴിഞ്ഞാൽ കാനഡയിലെ രണ്ടാമത്തെ പ്രധാനപ്പെട്ട ടൂറിസ്ററ് ലൊക്കേഷനും, ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതുമായ സ്ഥലമായി അറിയപ്പെടുന്നത് ബാൻഫ് എന്ന നാഷണൽ പാർക്കാണ്. ഞാൻ താമസിക്കുന്നിടത്തുനിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെയായതിനാൽ വണ്ടിയോടിച്ചു അവിടെയെത്തുക എന്നുള്ളത് ചിന്തിക്കാൻ പോലും എന്നെകൊണ്ട് സാധിക്കില്ല. കോവിഡുമായി ബന്ധപ്പെട്ടു വിമാനയാത്രകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അങ്ങനെ പോകുന്നതും അത്ര എളുപ്പമല്ല. അങ്ങനെ പ്രതീക്ഷകൾ ഒന്നുമില്ലാതിരിക്കുമ്പോഴാണ് എന്റെ ഒരു സുഹൃത്ത് എന്നെ എഡ്മൺറ്റണിലേക്ക് ക്ഷണിക്കുന്നത്.

ബാൻഫ് എന്ന കാനഡയിലെ ആദ്യത്തെ നാഷണൽ പാർക്കിനെപ്പറ്റി പറയാനാണേൽ ഏറെയുണ്ട്. കാനഡയുടെ ടൂറിസം രംഗത്തെ കുതിച്ചു ചാട്ടത്തിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ബാൻഫ് എന്ന അത്ഭുത ലോകത്തിന്റെ കണ്ടെത്തലോടെയാണ് എന്ന് പറയാം. ഓരോ വർഷവും നാൽപതുലക്ഷത്തോളം സഞ്ചാരികളാണ് ബാൻഫ് സന്ദർശിക്കുന്നത് എന്ന് പറയുമ്പോൾ ബാൻഫിന്റെ മഹത്വം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാകും.

മുൻനിശ്ചയിച്ച പോലെ ക്യാമറയയുടെ ഭാണ്ടവുമേറി എഡ്മൺറ്റണിലേക്ക് ഞാൻ വിമാനം കയറി. കൊറോണ കാലത്തിനു ശേഷമുള്ള എന്റെ ആദ്യ വിമാനയാത്രയായിരുന്നു അത്. മാസ്ക് വെച്ച് മണിക്കൂറുകൾ വിമാനത്തിൽ ഇരിക്കുക അത്ര എളുപ്പമായിരുന്നില്ലെങ്കിലും വേറെ വഴി ഇല്ലാത്തതിനാൽ അത് അനുസരിക്കേണ്ടിവന്നു. ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ മാസ്ക് ഊരാവൂ എന്നായിരുന്നു വിമാനത്തിലെ കല്പിത നിയമം. ഒരു പാക്കറ്റ് ലെയ്സ് ഇപ്പോൾ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി, അതാകുമ്പോൾ ഇടക്കിടെ തിന്നാനായി മാസ്ക് മറ്റാമായിരുന്നല്ലോ. എന്തായാലൂം അനുസരണയുള്ള കുട്ടിയായി പതിവുപോലെ താഴേക്ക് കണ്ണുംനട്ട് ഞാൻ വിമാനത്തിലിരുന്നു. എയർപോർട്ടിൽ എന്നെ സ്വീകരിക്കാനായി എന്റെ സുഹൃത്തായ അരുൺ എത്തിയിരുന്നു. ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു ബാല്യകാല സുഹൃത്തുക്കളായ ഞങ്ങളുടെ കണ്ടുമുട്ടൽ. പിന്നെ അവന്റെ വീട്ടിലെത്തി അവന്റെ ഭാര്യയുടെ കൈപുണ്യത്തിൽ കുശാലായി ശാപ്പാടും. സംഗതി അടിപൊളി. വൈകിട്ട് മാത്യൂസ് അച്ചായന്റെയും അനുപ ചേച്ചിയുടെയും വക കപ്പയും മീനും… ആഹാ കൊള്ളാലോ… അല്ല… ഞാൻ ശാപ്പാടടിക്കാനാണോ ആൽബെർട്ടയിൽ വന്നത്! ഫുഡ് കണ്ടാൽ എല്ലാം മറന്നുപോകും അതാണ് ശീലം .ശോ…ബാൻഫ്.. ഞാൻ അങ്ങ് മറന്നു പോയി എന്ന് വേണേൽ പറയാം…

ബാൻഫിനെപ്പറ്റി മനസ്സിലാക്കണമെങ്കിൽ ആൽബെർട്ട എന്ന നാടിനെപ്പറ്റി അറിയണം.. അവിടെയുള്ള റോക്കി മൗണ്ടൈൻ മേഖലയെപ്പറ്റി അറിയണം… അവിടുത്തെ ഓരോ പർവ്വതങ്ങളെപ്പറ്റിയും അറിയണം.. അവിടുത്തെ കാടുകളിലൂടെ തിന്ന് തിമിർത്തു നടക്കുന്ന മാനുകളെപ്പറ്റിയും കരടികളെപ്പറ്റിയും അറിയണം ….ജസ്റ്റ് റിമമ്പർ ദാറ്റ്!!

കാനഡയുടെ ഒരറ്റത്തുനിന്നും അമേരിക്കയുടെ അങ്ങേയറ്റം വരെ നീണ്ടു കിടക്കുന്ന വലിയ പർവ്വത മേഖലയാണ് റോക്കി മൗണ്ടൈൻസ്. അതിൽ തന്നെ കനേഡിയൻ റോക്കി എന്ന മേഖലയിലെ അതിന്റെ ഏറ്റവും മനോഹരമായ ഭാഗങ്ങൾ ആൽബെർട്ട എന്ന ‘വൈൽഡ് റോസ് കൺട്രി’ യിലൂടെയാണ് കടന്നുപോകുന്നത്. അതിലെ എണ്ണിയാൽ തീരാത്ത പർവ്വത മേഖലയാണ് ബാൻഫ് എന്ന അത്ഭുത ലോകം.

എഡ്മൺറ്റണിൽ നിന്നും ബാൻഫിലേക്ക് ഏകദേശം നാനൂറുകിലോമീറ്ററിൽ അധികമുണ്ട് അതിനാൽ തന്നെ രാവിലെ തന്നെ ഞങ്ങൾ രണ്ടു വണ്ടികളിലായി അങ്ങോടു യാത്ര തിരിച്ചു. രണ്ടു കുടുംബങ്ങളും അവരുടെ കൂടെ ‘ഏകാംഗനായി’ ഞാനും. എഡ്‌മണ്ടൻ കാൽഗരി ഹൈവേയുടെ സമീപത്തായി അവിടിവിടെയായി ചില എണ്ണക്കിണറുകൾ കാണാം. ധാരാളം എണ്ണപ്പാടങ്ങളുള്ള ഗൾഫിൽ ജോലിചെയ്തതിനാൽ എണ്ണപ്പാടം എത്ര അകലെനിന്ന് പോലും എനിക്ക് തിരിച്ചറിയാൻ സാധിച്ചു. വണ്ടി കാൽഗറിയുടെ സമീപത്തുകൂടി ബാൻഫിനെ ലക്ഷ്യമാക്കി തിരിഞ്ഞു, അവിടെ മുതൽ വഴിയിൽ നല്ലഹിമപാതവും തുടങ്ങി. വാഹനം ബെൻസിന്റെ മുന്തിയ മോഡൽ ആണെങ്കിലും അത് മഞ്ഞിൽ തെറ്റി ഞങ്ങളുടെ യാത്ര ദുഷ്കരമാക്കി. വാഹനത്തിന്റെ സാരഥി ഒരു പുപ്പുലി ആയതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ മുന്നോട്ട് നീങ്ങി.

അതികം താമസിക്കാതെ കനേഡിയൻ റോക്കി മൗണ്ടൈൻ ഞങ്ങൾക്ക് ദർശനം നൽകുവാൻ തുടങ്ങി. മഞ്ഞിൽ പുതച്ചു നോക്കെത്താ ദൂരത്തു നീണ്ടു നിവർന്നു തലപൊക്കി നിൽക്കുന്ന കൊടുമുടികൾ. പച്ചയാം ഭൂമിയുടെ അതിരിൽ വെള്ള നിറത്തിലുള്ള കോട്ടപോലെ തോന്നിക്കുന്നു. ഞങ്ങൾ പതിയെ മലനിരകളുടെ ഇടയിലേക്ക് കയറി. ഇനി മറ്റൊരു ലോകമാണ്, കൊടുമുടികളും പൈൻ മരങ്ങളും തടാകങ്ങങ്ങളും ആയി ഒരു ലോകം.

മലഞ്ചെരുവുകളിലൂടെ സഞ്ചരിച്ചു ഞങ്ങൾ ക്യാൻമോർ എന്ന പട്ടണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. റോഡിന്റെ ഇടതുഭാഗത്തായി ഇവിടുത്തെ പ്രധാന പർവ്വതങ്ങളിൽ ഒന്നായ ത്രീ സിസ്റ്റേഴ്സ് നിൽക്കുന്നു. ആഹാ… പർവ്വതങ്ങളിൽ ഒന്നായ ത്രീ സിസ്റ്റർസോ! അതെ… ഒരു പർവ്വതത്തിനു മൂന്ന് മുനകൾ. ബിഗ് സിസ്റ്റർ, മിഡ്‌ഡിൽ സിസ്റ്റർ, ലിറ്റൽ സിസ്റ്റർ എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ഈ പർവതങ്ങളുടെ മുകളിൽ കയറുവാൻ പല ട്രെക്കിങ്ങ് പാതകളുമുണ്ടെങ്കിലും പരിശീലനം ലഭിച്ചവർക്ക് മാത്രമേ മുകളിൽ എത്തുവാൻ സാധിക്കുകയുള്ളു. മൂന്നു സുന്ദരികളെ പിന്നിലാക്കി ഞങ്ങൾ ക്യാൻമോർ പട്ടണത്തിൽ എത്തി. മഞ്ഞുമലകൾക്കിടയിലെ മനോഹരമായ പട്ടണമാണ് ക്യാൻമോർ. ഇവിടെ നല്ല ഇന്ത്യൻ ബിരിയാണി ലഭിക്കും, അതാണ് ഞങ്ങൾ ഈ പട്ടണത്തിൽ പ്രവേശിച്ചത്. വണ്ടിനിർത്തി റെസ്റ്റോറന്റിൽ എത്തിയ ഞങ്ങളെ ഇന്ത്യൻ വേഷമണിഞ്ഞ മദാമ്മ സ്വീകരിച്ചു. ബിരിയാണി പാഴ്‌സലായി വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.

സമയം ഉച്ചയായിരിക്കുന്നു, ഞങ്ങൾ ഇതുവരെ ബാൻഫിന്റെ പ്രവേശന കവാടത്തിൽ പോലും എത്തിയിട്ടില്ല, തണുപ്പുകാലം തുടങ്ങിയതിനാൽ പകൽ വളരെ കുറവാണ്, ഏകദേശം നാലുമണിയോട് കൂടി സൂര്യൻ അസ്തമിക്കും, അതിനു മുൻപായി സാധിക്കുന്ന അത്രയും കാഴ്ചകൾ കണ്ടു തീർക്കണം, അതിനാൽ ബാൻഫിന്റെ പാസ്സുമെടുത്തു വണ്ടി മുന്നോട്ട് പായിച്ചു, ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണമായ ലേക്ക് ലൂയിസ് ആണ് ഞങ്ങളുടെ ലക്ഷ്യം. കുറേ യാത്രയുടെ ഒടുവിൽ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. തടാകം കാണണോ ഭക്ഷണം കഴിക്കണോ, അതാണ് അടുത്ത ആലോചന. ‘ഭക്ഷണമേ മുഖ്യം, ദർശനമേ ലക്ഷ്യം’.. ഒന്നും നോക്കിയില്ല, മൂക്കറ്റം ബിരിയാണി കുത്തിനിറച്ചു ലേക് ലൂയിസ് കാണാൻ ഇറങ്ങി.

ലേക്ക് ലൂയിസ്‌ ലോക പ്രശസ്തമാണ്, മഞ്ഞുമലകൾക്കിടയിലെ ത്രികോണാകൃതിയിൽ കിടക്കുന്ന ഒരു പച്ച തടാകം. ഈ തടാകത്തെ ഇത്രയും ആകർഷകമാക്കുന്നത് ഇവിടുത്തെ പച്ച നിറത്തിൽ ഉള്ള വെള്ളമാണ്. മഞ്ഞുരുകി ഉണ്ടാകുന്ന ഈ വെള്ളത്തിൽ പാറപ്പൊടിയുടെ അംശം ഉള്ളതിനാലാണ് തടാകത്തിലെ ജലത്തിന് ഇങ്ങനെ ഒരു പ്രത്യേക നിറം എന്നാണ് ഇൻറനെറ്റിൽ ഒന്ന് പരതിയപ്പോൾ എനിക്ക് കിട്ടിയ ഉത്തരം. ബാൻഫിലേക്ക് ഇറങ്ങിപുറപ്പെടും മുൻപ് നടത്തിയ സെർച്ചിൽ ലേക്ക് ലൂയിസിന്റെ മനോഹരമായ ധാരാളം ചിത്രങ്ങൾ ഇൻറർനെറ്റിൽ കണ്ടിരുന്നെങ്കിലും ആ മനോഹാരിതയിൽ ഒരു ചിത്രമെടുക്കാൻ ഇവിടെ വന്നപ്പോൾ എനിക്ക് സാധിച്ചില്ല. കാരണം സൂര്യൻ ലേക്കിന്റെ മറുവശത്തായതിനാൽ സൂര്യകിരണങ്ങൾ വെള്ളത്തിലേക്ക് വരാത്തതിനാൽ ഇരുൾവീണ ചിത്രങ്ങൾ മാത്രമാണ് എനിക്ക് ലഭിച്ചത്. ലേക്ക് ലൂയിസിന്റെ സമീപത്തായി ഏകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ള ഫെയ്‌ർമോണ്ട് ലേക്ക് ലൂയിസ് എന്ന ഒരു വമ്പൻ ഹോട്ടൽ ഉണ്ട്. ആവശ്യത്തിലധികം പണമുണ്ടെങ്കിൽ ഇവിടെ ഒരു രാത്രി താമസിച്ചു ഈ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും സാധിക്കും (പണമില്ലാത്തതിനാൽ ആ മോഹമില്ല എന്ന് മാത്രം). ഇവിടുത്തെ അന്തരീക്ഷ താപനില മൈനസ് 10 ഡിഗ്രിയിലും കുറവാണ്, കൂടാതെ നിലം മുഴുവൻ മഞ്ഞിൽ കുളിച്ചാണ് കിടക്കുന്നത്, അതികം സമയം ഈ താടകരയിലൂടെ നടന്നാൽ ശരീരം തണുത്തുറഞ്ഞുപോകും അതിനാൽ പെട്ടന്ന് വണ്ടിയിലേക്ക് തിരിച്ചു നടന്നു.

ഇതിനു അടുത്തായി മോറയിൻ എന്ന പേരുള്ള വേറൊരു തടാകമുണ്ട് അടുത്തതായി അവിടേക്ക് പോകാനാണ് ഞങ്ങളുടെ ശ്രമം. പക്ഷെ മഞ്ഞുവീഴ്ച്ച കൂടുതലുള്ളതിനാൽ അങ്ങോട്ട് ഉള്ള റോഡ് അടച്ചിരിക്കുന്നു എന്നുള്ളത് ഞങ്ങളെ നിരാശപ്പെടുത്തി. എന്നാൽ മിന്നെവാൻക എന്ന മറ്റൊരു തടാകം കാണാം എന്നായി ഞങ്ങളുടെ തീരുമാനം. പ്രധാന വഴിയിൽനിന്നും അല്പം ഉള്ളിലേക്ക് പോയാൽ മാത്രമേ അവിടെയെത്തുകയൊള്ളു. എനിക്ക് ബാൻഫിലെ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാണ് എന്ന് ചോദിച്ചാൽ മിന്നെവാൻക എന്നേ ഞാൻ പറയൂ കാരണം തടാകവും അതിന്റെ അരികിലായുള്ള ഒരു മഞ്ഞുമലയും കാഴ്ചക്ക് ഒരു പ്രത്യേക ചാരുത നൽകി. ശാന്ത സുന്ദരമായ തടാകം, ഓളങ്ങൾ അതികമില്ലാത്തതിനാൽ റിഫ്ലെക്ഷൻ ഉള്ള ഫോട്ടോ എടുക്കാൻ എളുപ്പം. അങ്ങനെ മനോഹരമായ ചില ഫോട്ടോകൾ ഞാൻ എടുത്തു. ഇവിടെ വെച്ച് ഞാൻ എടുത്ത ഫോട്ടോ കണ്ടാൽ തന്നെ ഞാൻ പറഞ്ഞത് വായനക്കാർക്ക് മനസ്സിലാകും.

ഞങ്ങളുടെ യാത്രയിൽ രണ്ടു കുടുംബങ്ങൾ ഉണ്ട് എന്ന് പറഞ്ഞിരുന്നല്ലോ, അതിൽ ഒന്നാണ് ഷാജൻ അച്ചായനും കുടുംബവും. റാം എന്ന ആടാറു ട്രെക്കൊക്കെ ഓടിച്ചു യാത്രക്കായി എത്തിയ അച്ചായൻ ആള് പുലിയാണ്. ധ്രുവത്തിലെ ഹൈദർ മരക്കാർ ലുക്കും അതിനു ഒത്ത പൗരുഷവും ഉള്ള ഹാഫ് മാൻ ഹാഫ് ലയൺ അച്ചായൻ. അദ്ദേത്തിന്റെ സഹധർമിണിയുടെ വാക്കുകളിൽ പറഞ്ഞാൽ ഭാര്യയെക്കാൾ കൂടുതൽ വണ്ടിയെ സ്നേഹിക്കുന്ന അച്ചായൻ. ഡ്രൈവിംഗ് അദ്ദേഹത്തിന് ഒരു ഹരമാണ്, നൂറ്റിപ്പത്തിൽ ലിമിറ്റ് ചെയ്ത ഹൈവേയിലൂടെ വണ്ടി നൂറ്റിയന്പതിനു മുകളിൽ പറപ്പിക്കുന്ന അച്ചായൻ.

ഈ യാത്രയിൽ ഞങ്ങളോടൊപ്പം ആഷ് എന്ന പട്ടിക്കുട്ടി കൂടിയുണ്ട്. അച്ചായന്റെ കുടുംബത്തിന്റെ നാലാമത്തെ അംഗമാണ് ആഷ്. ആള് ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും വഴിയിൽ കാണുന്ന ഏതു വലിയ പട്ടികളെയും ഒന്ന് വെല്ലുവിളിച്ചു നോക്കാൻ ആഷ്നു മടിയില്ല. എത്ര അകലെ നിന്നും ആഷ് എന്ന വിളികേട്ടാൽ അവനു മനസ്സിലാകുകയും ചെയ്യും. മഞ്ഞുകട്ടകളിലൂടെ നടക്കുമ്പോൾ പലപ്പോഴും അവൻ വിറക്കുന്നുണ്ടായിരുന്നു. ഈ യാത്രയിൽ ഞങ്ങളെക്കാൾ ഉത്സാഹം അവനായിരുന്നു എന്ന് ഒരുപക്ഷേ പറയാം.

വിവരണം തുടരും…

(ജ്യോതിസ് പോൾ)

COMMENTS

1 COMMENT

  1. മനോഹരമായി യാത്രാവിവരണവും ചിത്രങ്ങളും. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: