17.1 C
New York
Wednesday, January 19, 2022
Home Travel “ബാൻഫ് -കാനഡയിലെ സ്വിറ്റ്സർലൻഡ്- ഭാഗം രണ്ട്”

“ബാൻഫ് -കാനഡയിലെ സ്വിറ്റ്സർലൻഡ്- ഭാഗം രണ്ട്”

(ജ്യോതിസ് പോൾ)

അടുത്തതായി ഞങ്ങൾക്ക് പോകേണ്ടത് ജോൺസ്റ്റൻ കന്യനിലേക്ക് ആണ്, സമയം ഏകദേശം വൈകുന്നേരം ആയതിനാൽ ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ അങ്ങോട്ട് യാത്ര തുടങ്ങി. ഇവിടുത്തെ സന്ദർശിക്കേണ്ട ഓരോ സ്ഥലവും തമ്മിൽ കുറച്ചധികം കിലോമീറ്ററുകൾ ദൂര വ്യത്യാസമുണ്ട്‌, മഞ്ഞുമലകൾക്കിടയിലൂടെ ഉള്ള ഈ യാത്രയാണ് ഇവിടുത്തെ ഏറ്റവും ആകർഷകമായ കാര്യം എന്ന് എനിക്ക് തോന്നി. മാനംമുട്ടെ ഉയർന്നുനിൽക്കുന്ന പർവ്വതങ്ങളും അതിന്റെ പാർശ്വഭാഗത്തായുള്ള പൈൻ മരത്തോട്ടങ്ങളും അവിടിവിടെയായി ഒഴുകുന്ന പുഴകളും, തടാകങ്ങളും ഈ യാത്രയെ മനോഹരമാക്കുന്നു. ഈ മനോഹാരിതയാണ് ഈ പ്രദേശത്തെ ഞാൻ സ്വിറ്റ്സ്‌ർലാൻഡിനോട് ഉപമിക്കുന്നതിന്റെ കാരണം. ഈ യാത്രയിൽ ഉടനീളം എന്റെ ക്യാമെറാക്കണ്ണുകൾ തുറന്നുതന്നെ ഇരുന്നു കാരണം ഓരോ കാഴ്ചകളും അത്രമേൽ സുന്ദരമായിരുന്നു.

ജോൺസ്റ്റൻ ക്യാനിയൻ എന്ന് പറയുന്നത് വളരെയധികം ട്രക്ക് ചെയ്തു കയറി കാണേണ്ട ഒരു പ്രദേശമാണ്. ചുണ്ണാമ്പ് കല്ലുകളാൽ സമൃദ്ധമായ രണ്ടു മലകൾക്കിടയിലൂടെ മനുഷ്യ നിർമ്മിതമായ പടവുകളിലൂടെ മുകളിലേക്ക് പോയാലേ ഈ കാന്യന്റെ ഭംഗി ആസ്വദിക്കാൻ പറ്റുകയുള്ളു. രാത്രിയോട് അടുത്തതിനാൽ ബാക്കിയുള്ളവരെയെല്ലാം തനിച്ചാക്കി ഞാൻ വളരെ പെട്ടെന്നുതന്നെ കന്യനിലേക്ക് നടക്കുവാൻ തുടങ്ങി.

പൈൻ മരങ്ങൾ തിങ്ങിനിറഞ്ഞ ഈ വനത്തിലൂടെ മുകളിലേക്കുള്ള എന്റെ യാത്ര ആസ്വാദ്യകരമായിരുന്നു, മരങ്ങൾ പരസ്പ്പരം കൂട്ടിയുരഞ്ഞു ഒരു പ്രത്യേക ശബ്ദവും പലപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. ദ്രവിച്ച പൈൻ മരങ്ങൾ താഴോട്ട് വീഴുന്ന ശബ്‍ദമാണോ എന്ന് ഞാൻ പലപ്പോഴും തെറ്റിദ്ധരിച്ചു. മുകളിലോട്ട് കയറുംതോറും ഈ കന്യോന്റെ ഭംഗി കൂടുതലായി ദൃശ്യമായികൊണ്ടിരുന്നു.

കാന്യന്റെ നടുവിലൂടെ നീല നിറത്തിലുള്ള ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്, ഈ അരുവിയിൽ ഉള്ള രണ്ട് വെള്ളച്ചാട്ടങ്ങൾ കാണുക എന്നുള്ളതാണ് എൻറെ ഉദ്ദേശം. പക്ഷേ ഇവിടെയുള്ള ദിശാസൂചിക നോക്കുമ്പോൾ ഏകദേശം ഒരു കിലോമീറ്ററിലധികം മുകളിലേക്ക് കയറിയെങ്കിൽ മാത്രമേ ആദ്യത്തെ വെള്ളച്ചാട്ടം കാണുവാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലായി. രാത്രിയായാൽ ഈ കന്യോനിൽ നിന്നും ഈ പടവുകളിലൂടെ തിരിക്കിറങ്ങുക ദുഷ്കരമാകും അതിനാൽ വെളിച്ചം പോകുന്നതിന് മുൻപ് ഈ മലയിറങ്ങണം. പക്ഷെ അത് സാധിക്കുമോ? ധൈര്യം സംഭരിച്ച് ഞാൻ മുകളിലേക്ക് നടന്നു, അധികം സ്റ്റാമിന ഒന്നും ഇല്ലെങ്കിലും ഏകദേശം 20 മിനിറ്റ് കൊണ്ട് ഞാൻ ആദ്യത്തെ വെള്ളച്ചാട്ടത്തിൽ എത്തിച്ചേർന്നു. ഇവിടെയുള്ള ഈ വെള്ളച്ചാട്ടം കാണാൻ വളരെ ഭംഗിയായിരുന്നു. നീല നിറത്തിലുള്ള ജലം പാറയിടുക്കിലൂടെ താഴോട്ട് ചാടുന്നതു നോക്കിനിന്നുപോയി. ഇവിടെ വിസ്താരം കുറഞ്ഞ ഒരു തുരങ്കം ഉണ്ട്, അതിന്റെ ഉള്ളിലൂടെ മറുവശം ചെന്നാൽ ഈ വെള്ളച്ചാട്ടത്തിന് വളരെ അടുത്ത് എത്താം. ഇത്ര അടുത്തുനിന്നു ഈ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ആസ്വദിക്കാൻ എന്ത് രാസമാണെന്നോ!

അടുത്ത വെള്ളച്ചാട്ടത്തിലേക്ക് പോയാൽ ഒരുപക്ഷേ രാത്രി ആകും എന്ന് സംശയം ഉള്ളതിനാൽ ഞാൻ താഴോട്ട് തിരിച്ചു നടന്നു, എന്നാൽ അധികം താഴെ എത്തുന്നതിനു മുമ്പ് തന്നെ എൻറെ കൂടെയുള്ള ബാക്കിയുള്ള കുട്ടിപ്പട്ടാളങ്ങളെല്ലാം മുകളിലോട്ട് വരുന്നുണ്ട്. അവിടുന്ന് അവരെയും കൂട്ടി വീണ്ടും മുകളിലേക്ക് നടന്നു. അങ്ങനെ ഏകദേശം ഒന്നര കിലോമീറ്റർ പടികൾ കയറി നടന്നു ഞങ്ങൾ ഏറ്റവും മുകളിലുള്ള വെള്ളച്ചാട്ടത്തിൽ എത്തി. താഴെ കണ്ടതിനേക്കാൾ വലിയ വെള്ളച്ചാട്ടമാണ് മുകളിലുള്ള നാൽപതു മീറ്റർ താഴ്ചയിലേക്ക് വീഴുന്ന ഈ വെള്ളച്ചാട്ടം. നേരം ഇരുട്ടിയതോടെ ഞങ്ങൾ ആ മലയിറങ്ങി.

ഇന്ന് രാത്രി ഞങ്ങൾ താമസിക്കുന്നത് ബാൻഫ് പട്ടണത്തിലെ ഒരു ഹോട്ടലിൽ ആണ്. ടൂറിസമാണ് ഈ പട്ടണത്തിലെ പ്രധാന വരുമാനം, അതിനാൽ എവിടെ നോക്കിയാലും ഹോട്ടലുകളും റെസ്റ്റോറന്റുകളും മാത്രം. ചെക്കിൻ ചെയ്തു സിംഗിൾ മാൾട്ടിന്റെ സന്തോഷത്തിൽ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതിവീണു. രാവിലെ എഴുന്നേറ്റപ്പോൾ ആണ് ബാൻഫ് എന്ന പട്ടണത്തിന് ഇത്ര ഭംഗിയുണ്ട് എന്ന് അറിഞ്ഞത്. മഞ്ഞു കൊടുമുടികളുടെ നടുക്കായി ഉള്ള ഒരു ചെറുപട്ടണം. സിമ്പിൾ ആയി പറഞ്ഞാൽ സ്വിറ്റ്സർലണ്ടിലെ ഇന്റർലേക്കൻ പട്ടണത്തിന്റെ ഒരു ചെറിയ രൂപം.

പ്രഭാതത്തിൽ ഞങ്ങൾ ആദ്യം പോയത് ഈ പട്ടണത്തിന് അടുത്തുള്ള ഒരു വ്യൂ പോയിന്റിലേക്കാണ്. നോർക്ക്യ് എന്ന മഞ്ഞു കൊടുമുടിയിലേക്ക് ഉള്ള വഴിയിലൂടെ വളഞ്ഞും പുളഞ്ഞും കയറിയാണ് ഈ വ്യൂ പോയിന്റിൽ എത്തിച്ചേർന്നത്. മഞ്ഞുമലകളിൽനിന്നും സൂര്യകിരണങ്ങൾ പ്രതിഫലിച്ചു മനോഹാരിയായി നിൽക്കുന്ന ബാൻഫ് ഇവിടെനിന്നും ഒന്ന് കാണേണ്ടത് തന്നെയാണ്. ഈ വ്യൂ പോയിന്റിൽ നിന്നും മുകളിലോട്ട് കയറിയാൽ നോർക്ക്യ് എന്ന മലയാണ്, അങ്ങോടു കയറാൻ ഒരു ശ്രമം നടത്തിയെങ്കിലും അമിത മഞ്ഞുവീഴച്ചകൊണ്ട് അങ്ങോട്ട് ഉള്ള പാത അടച്ചതിനാൽ ആ ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു.

അടുത്ത ഞങ്ങളുടെ ലക്ഷ്യം കേവ് ആൻഡ് ബേസിൻ എന്ന ചരിത്രപ്രധാനമായ ഭാഗമാണ്. ബാൻഫ് എന്ന അത്ഭുത ലോകത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. സ്പഷ്ടമായി പറഞ്ഞാൽ കേവ് ഉം ബേസിനും കണ്ടുപിടിച്ചതാണ് ബാൻഫ് എന്ന നാഷണൽ പാർക്ക് ഉടലെടുക്കാൻ കാരണം. നമുക്ക് അതിന്റെ ചരിത്രത്തിലേക്ക് ഒന്ന് പോകാം.

1883 ൽ കനേഡിയൻ പസഫിക് റെയിൽവേ ജോലിക്കാരായ രണ്ടുപേർ ഈ കാട്ടിലൂടെ അലയുമ്പോൾ ഒരു ഇടുങ്ങിയ ഗർത്തം കണ്ടു. ഗർത്തത്തിനുള്ളിൽ എന്താണ് എന്നറിയാനുള്ള ആകാംഷമൂലം അവർ ഒരു മരം ഈ ഗർത്തത്തിനുള്ളിൽ ഇറക്കി ശേഷം അതിലൂടെ ചവിട്ടി താഴോട്ടിറങ്ങി. താഴെ ഇറങ്ങിയ അവർ കുടം പോലെ ഉള്ളിലേക്ക് വിസ്താരമായുള്ള മറ്റൊരു ലോകമാണ് കണ്ടത്. ആ കുടത്തിൽ ചൂടു നീരുറവയും. ഈ അത്ഭുത പ്രതിഭാസം മനസ്സിലാക്കിയ അവർ ഇതിന്റെ വിനോദ സാധ്യതകൾ മനസ്സിൽ കണ്ടു. അതിനാൽ അവർ അവിടെ ഒരു ചെറിയ ഹോട്ടൽ നിർമ്മിക്കുകയും ചെയ്തു. ഉടമസ്ഥാവകാശത്തിനുള്ള പിടിവലികൾക്കൊടുവിൽ കാനഡ സർക്കാരിന് ഇടപെടേണ്ടി വന്നു.

അങ്ങനെ 1885 ൽ കാനഡ സർക്കാർ ഇതിനു ചുറ്റും 26 സ്കോയർ കിലോമീറ്റർ ചുറ്റളവിൽ ബാൻഫ് ഹോട്ട് സ്പ്രിങ് റിസേർവ് എന്ന നാമത്തിൽ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു അങ്ങനെ അത് കാനഡയിലെ ആദ്യത്തെ നാഷണൽ പാർക്കായി. അതൊരു ചരിത്രപരമായ തുടക്കമായിരുന്നു കാരണം ഇന്ന് കാനഡയിൽ എണ്ണിയാൽ തീരാത്ത അത്രയും നാഷണൽ പാർക്കുകൾ ഉണ്ട്.

ഈ കെവ്‌ ആൻഡ് ബേസിൻ സ്ഥിതിചെയ്യുന്നത് സൾഫർ മലയിലാണ്.

സൾഫർ എന്ന് കേൾക്കുന്നതെ ചൂട് എന്ന് മനസ്സിൽ തോന്നാൻ സാധ്യതയുണ്ട്. അതെ, ഈ മലയിൽ നിന്ന് വരുന്ന ഉറവകളെല്ലാം ചൂടുവെള്ളമാണ് തരുന്നത്. കൂടാതെ ഇവിടുത്തെ വായുവിന് ഗന്ധകത്തിന്റെ മണവും. 1886 ൽ ബേസിന്റെ ഉള്ളിലേക്ക് ഞങ്ങൾ പോകാനായി ഒരു തുരങ്കം നിർമ്മിച്ചു, അതിലൂടെയാണ് ഇന്ന് ഞങ്ങൾ കെവിനുള്ളിൽ കയറുന്നത്. അതിലൂടെ അതിനുള്ളിൽ കയറാൻ പാസ് എടുക്കാൻ എത്തിയപ്പോൾ പട്ടിയെ അകത്തു കയറ്റില്ല എന്ന് അവിടെയുള്ള ജീവനക്കാരി പറഞ്ഞത്. ഈ ശ്വാനനാണേൽ ഞങ്ങളെക്കാൾ ഉത്സാഹത്തോടെയാണ് ഇവിടെ വന്നിരിക്കുന്നത്. പറ്റില്ല എന്ന് പറയുമ്പോൾ പോലും എത്ര വിനയം ആയിരുന്നു ആ ഉദ്യോഗസ്ഥക്ക് എന്നോ! കൂടാതെ ഉപചാരമായി നായയോട് ഒന്ന് സല്ലപിക്കാനും അവന്റെ സൗന്ദര്യത്തെ പൊക്കി പറയാനും അവർ ശ്രമിച്ചു (നമ്മുടെ നാട്ടിൽ ആയിരുന്നേൽ “നായെ ഇതുപോലുള്ള സ്ഥലത്തു കേറ്റില്ല എന്ന് നിങ്ങൾക്കെന്താ അറിയില്ലേ, പെട്ടന്ന് പട്ടിയെ പുറത്തു കൊണ്ടുപോകൂ” എന്ന് ഒരുപക്ഷെ ആക്രോശിച്ചാനെ). അവസാനം ഒരാൾ നായയോടൊപ്പം നിന്നിട്ട് ബാക്കിയുള്ളവർ ഈ തുരങ്കത്തിലൂടെ അകത്തുകയറി. അങ്ങനെ അതിനുള്ളിലെ ഒളിച്ചുവച്ച മായിക ലോകം ഞങ്ങളും കണ്ടു. ഇതിനുള്ളിലെ കെട്ടികിടക്കുന്ന നീല നിറത്തിൽ ഉള്ള ജലം ഈ കേവിനു ഒരു പ്രത്യേക ഭംഗി നൽകി. ഇതിന്റെ ചരിത്രം സംബന്ധിച്ചു ഒരു ദൃശ്യ പ്രദർശനവും ഈ കോംപ്ലെക്സിൽ ഉണ്ടായിരുന്നു അതും കണ്ടശേഷമാണ് ഞങ്ങൾ പുറത്തിറങ്ങിയത്. അവിടെ ഈ സ്ഥാപനത്തിലെ ജോലിക്കാർ തീ കാഞ്ഞുകൊണ്ടിരിക്കുന്നു, ഞങ്ങളും അവരോടൊപ്പം കുശലം പറഞ്ഞു കൂടി. സർക്കാർ ജോലിക്കാർ ആണെങ്കിലും അവരുടെ ആതിഥ്യമര്യാദയും വിനയവും വളരെ എടുത്തുപറയേണ്ടതാണ്.

പടികൾ കയറി ഞാൻ കേവിന്റെ അടുത്തെത്തി, പണ്ട് അവർ മരം താഴോട്ടിറക്കിയ ആ ചെറിയ ദ്വാരം അതുപോലെ തന്നെ ഇന്നും സംരക്ഷിച്ചിരിക്കുന്നു. കൂടാതെ അവർ അന്ന് നിർമ്മിച്ച ഹോട്ടലിന്റെ ഒരു രൂപവും അവിടെ നിലനിർത്തിയിട്ടുണ്ട്. ഞാൻ വീണ്ടും മുകളിലോട്ട് പടികളിലൂടെ കുറെ കയറിനോക്കി. അവിടെയെല്ലാം നീരാവി പൊങ്ങുന്ന ഉറവകൾ മാത്രം. ഈ നീരാവി പൊങ്ങുന്നത് മൈനസ് 10 ഡിഗ്രി തണുപ്പിൽ ആണ് എന്നോർക്കുമ്പോൾ അതിന്റെ അവസ്ഥ വായനക്കാർ മനസിലാക്കും എന്ന് വിചാരിക്കുന്നു. ഉറവയിൽ നിന്നും പുറത്തുവരുന്ന വെള്ളത്തെ ഒന്ന് തൊട്ടറിയാൻ ഞാൻ ശ്രമിച്ചു നോക്കി, നല്ല ചൂടുണ്ട്, പെട്ടന്നാണ് അവിടെയുള്ള ഒരു ബോർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്. അതിൽ ഈ വെള്ളത്തിന് റേഡിയോ ആക്റ്റീവ് അടങ്ങിയിട്ടുണ്ട് എന്ന് എഴുതിത്തിയിരിക്കുന്നു. അതു വായിച്ചതോടെ പിന്നീട് ഈ വെള്ളത്തിൽ തൊടാൻ എനിക്ക് തോന്നിയില്ല. 1912 മുതൽ ഇവിടുത്തെ സൾഫർ ജലം ഔഷധ ഗുണമുണ്ട് എന്ന പേരിൽ വില്പന നടത്തുന്നുമുണ്ടായിരുന്നു എന്നാൽ പിന്നെ എപ്പോഴോ അത് നിർത്തൽ ചെയ്തു.

ഇവിടെ എല്ലുവരെ തുളച്ചു കയറുന്ന തണുപ്പാണ്, അതിനാൽ തന്നെ അതികം നേരം പുറത്തു നിൽക്കുവാൻ ബുദ്ധിമുട്ടാണ്. കൈകൾ കൂട്ടിത്തിരുമ്മി ഞാൻ അവിടെയുള്ള ശോച്യാലയ കെട്ടിടത്തിലെത്തിയപ്പോൾ ചമ്മിയ മുഖവുമായി രണ്ടുപേർ അവിടെ നിൽക്കുന്നു. തണുപ്പ് സഹിക്കാൻ പറ്റാതെ അവർ ഓടിക്കയറിയത് സ്ത്രീകളുടെ കക്കൂസിലാണ്. വനിതകൾ ആരും അതിനുള്ളിൽ ഇല്ലാത്തതിനാൽ അവരുടെ പല്ലുകൾ എല്ലാം വായിൽ തന്നെ ഉണ്ട്. എങ്കിലും ഘടാഘടിയന്മാരുടെ മുഖത്തെ ജാള്യത എനിക്ക് മറക്കാൻ പറ്റില്ല.

(ജ്യോതിസ് പോൾ)

travelwithjyothis

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: