സന്ന്യാസമെന്തെന്നറിയുമോ ബാലാ
സന്തോഷമെന്തെന്നറിയാനായ് തേടും.
സകലതുമുപേക്ഷിപ്പതോ ത്യാഗം
സത്യമതന്വേഷണമാകും തോഴാ.
കുരുന്നിനു ദൈവസരണിയേറാൻ
കുട്ടിക്കളികളറിയാതെ വേണോ.
കുസൃതികൾകാണാതെ രക്ഷിതാക്കൾ,
കുകർമംചെയ്തു ലഭിക്കുമോമോക്ഷം?
ജീവിച്ചു കഷ്ടപ്പാടുകളെന്തെല്ലാം
ജീർണതകാട്ടിത്തരുമെന്നുമോർക്ക,
ജനിച്ചുവന്നാലനുഭവിക്കാതേ
ജനനതത്ഥ്യമേതു പരതേണ്ടൂ?
ബന്ധങ്ങൾ വ്യസനമാണെന്ന ബോധ്യം
ബന്ധുത്വമീശനിലാക്കും സന്ന്യാസം
ബന്ധനാലയമാകുന്നതാം ലോകം,
ബന്ധനത്തിലൂടറിഞ്ഞു നേടേണം.
മാപ്പിനാൽ നേടുമാനന്ദമോ സ്നേഹം
മൂഡത്വമാകും സ്വഭാവേന രോഷം.
മഠത്തിന്നകങ്ങളിൽ മുക്തിമാർഗ്ഗം,
മനക്കാമ്പതിൽ വിടരും നിർബാധം.
Dr. സുകേഷ്…
Facebook Comments