നാളെയുടെ വാഗ്ദാനങ്ങളായ ഇന്നത്തെ കുട്ടികൾ രാജ്യത്തിന്റെ അമൂല്യ സമ്പത്താണ്. അതുകൊണ്ടു തന്നെ അവരുടെ വ്യക്തിത്വവികസനത്തിന്റെയും അവകാശ സംരക്ഷണത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വം സർക്കാരിൽ നിക്ഷിപ്തമാണ്.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് 14 വയസ്സിൽ താഴെയുള്ളവരാണ് കുട്ടികൾ. 1986 ലെ ചൈൽഡ് ലേബർ പ്രൊഹിബിഷൻ ആന്റ് റെഗുലേഷൻ ആക്ട് അനുസരിച്ച് 14 വയസ്സു തികയാത്തവരാണ് കുട്ടികൾ. 23-മത് അന്തർദേശീയ ലേബർ കോൺഫറൻസിൽ പാസ്സാക്കിയ നിയമമനുസരിച്ച് കുട്ടികളുടെ ഏറ്റവും കുറഞ്ഞ പ്രായം 13 ആണ്. 31-മത് അന്തർദേശീയ സമ്മേളനം അംഗീകരിച്ച ഉടമ്പടി അനുസരിച്ചു 15 മുതൽ 17വരെ വയസ്സുള്ളവർ ഉൾപ്പെടുന്നതാണ് കുട്ടികൾ.
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി ആയ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരമാണ് 2002 മുതൽ ജൂൺ 12 ബാല വേലവിരുദ്ധ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള 318 മില്യൻ കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു എന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്ക്. എന്നാൽ ഇതിൽ മൂന്നിൽ ഒന്ന് കുട്ടികളുടെ ജോലി ബാലവേലയായി കണക്കാക്കിയിട്ടില്ല.അവർ തങ്ങളുടെ പഠനസമയം കഴിഞ്ഞ് കുടുംബത്തെ സഹായിക്കുന്നതിനായി ജോലി ചെയ്യുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ബാക്കി 218 മില്യൻ കുട്ടികളും
ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നു. ഇതിൽ 126 മില്യൻ കുട്ടികൾ വളരെ
അപകടകരവും കഠിനവുമായ ജോലികളാണ് ചെയ്യുന്നത്. അനാരോഗ്യകരവും സംരക്ഷണവുമില്ലാത്ത സാഹചര്യം, മുറിവുകൾ, മരണം എന്നിവ സംഭവിക്കാവുന്നവ, ഭാരമേറിയ വസ്തുക്കൾ ചുമക്കുന്ന ജോലി, കൊല്ലപ്പെടുന്നസ്ഥിതി, ദീർഘസമയ,ജോലി, അധികഠിനമായചൂട്, അപകടകരമായ ഉപകരണങ്ങളുടെ ഉപയോഗം, മൃഗങ്ങളിൽ നിന്നുള്ള ആക്രമണം, ഖനികൾ,പടക്കശാലകൾ എന്നിവയിലെ ജോലി തുടങ്ങിയവയാണ് അപകടകരമായ അവസ്ഥ എന്ന് പറയുന്നത്.150 മില്യൺ കുട്ടികൾ കൃഷിപ്പണിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.
കളിച്ചു രസിച്ചു പഠിക്കേണ്ട സമയം അവർ നിർബന്ധിതജോലികളിലേയ്ക്ക് തള്ളിവിടപ്പെടുന്നു. ഈ സാഹചര്യത്തിൽ ബാലവേല ഗണ്യമായി കുറയ്ക്കുന്നതിനും കുട്ടികളെ അവരുടെ അവകാശങ്ങൾപറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുന്നതിനും വേണ്ടിയാണു അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനം ആചരിക്കുന്നത്.
ദാരിദ്ര്യം, വലിയ കുടുംബം, തൊഴിലില്ലായ്മ, വരുമാനമില്ലാത്ത അവസ്ഥ, രോഗികളായ മാതാപിതാക്കൾ, നിക്ഷരത, അറിവില്ലായ്മ, അനാഥത്വം തുടങ്ങിയവയാണ് ബാലവേലയിൽ ഏർപ്പെടുവാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുൻപ് കേരളത്തിൽ അങ്ങോളമിങ്ങോളം തൊഴിലെടുക്കുന്ന കുട്ടികളെ കാണാമായിരുന്നു. ഹോട്ടലുകളിലും മറ്റും പണിയെടിത്തിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ നിയമം കർശനമായി നടപ്പാക്കിയതോടെ ബാലവേല കുറയ്ക്കാൻ സധിച്ചു
ബാലവേല നിരുത്സാഹപ്പെടുത്തുന്നതിനും കുറയ്ക്കുന്നതിനുമായി 1992ൽ അന്താരാഷ്ട്ര തൊഴിൽ സംഘടന ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി. ബ്രസീലിലാണ് അത് ആദ്യമായി പരീക്ഷിച്ചു നോക്കിയത്. വേല എടുക്കുന്ന 2000 കുട്ടികളെ അവരുടെ അവകാശങ്ങൾ പറഞ്ഞു മനസ്സിലാക്കി.2500 കുട്ടികളെ ജോലിയിൽ നിന്നും പിന്തിരിപ്പിച്ചു. 190 കുട്ടികൾക്കു പ്രവൃത്തിപരിശീല
നം നൽകി.ഇപ്രകാരം 2000-2016 ൽ 94മില്യൻ കുട്ടികളെ ബാലവേലയിൽ
നിന്നും പിന്തിരിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ
ബാലവേലയിൽ 11ശതമാനം കുറവുണ്ടാക്കാനും സാധിച്ചു.
1986-ലെ ചൈൽഡ് ലേബർ പ്രൊ ഹിബിഷൻ ആൻറ് റെഗുലേഷൻ
ആക്ട് അനുസരിച്ച് ചില നിശ്ചിത തൊഴിലുകളും പ്രവർത്തനങ്ങളും
രണ്ടു വിഭാഗമായി തിരിച്ചിട്ടുണ്ട്. വാഹന ഗതാഗതം, റെയിൽവേ പരിസരത്തുള്ള കെട്ടിട നിർമ്മാണം, റെയിൽവേ സ്റ്റേഷനിൽ സാധന
ങ്ങൾ കൊണ്ടു നടന്നു വിൽക്കുക, റെയിൽവേ സ്റ്റേഷൻ നിർമ്മാണം, തുറമുഖവുമായി ബന്ധപ്പെട്ട തൊഴിലുകൾ എന്നിവ ഒന്നാമത്തെ വിഭാഗത്തിലും ബീഡി നിർമ്മാണം, തീപ്പെട്ടിക്കമ്പനി, സിമെന്റ് ഉൽപ്പാദനം , പരവതാനി നിർമ്മാണം, സ്ഫോടക വസ്തുക്കളുടെ നിർമ്മാണം, അരക്കുനിർമ്മാണം, മൈക്ക മുറിക്കൽ ,സോപ്പ് നിർമ്മാണം, തോൽ ഉറയ്ക്കിടൽ, കമ്പിളി ശുദ്ധീകരണം, കെട്ടിടനിർമ്മാണം എന്നിവ രണ്ടാമത്തെ വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ രണ്ടു വിഭാഗത്തിലെയും ജോലികൾക്ക് യാതൊരു കാരണവശാലും കുട്ടികളെ നിയോഗിക്കാൻ പാടില്ല എന്ന് ഈ നിയമം അനുശാസിക്കുന്നു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശം,ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയുവാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സംരക്ഷണത്തിനുള്ള അവകാശം,
വികസനത്തിൽ പങ്കാളികളകാനുള്ള അവകാശം, അഭിപ്രായം പറയുന്നതിനുള്ള അവകാശം, തുടങ്ങിയവ നിയമം കുട്ടികൾക്കു നൽകുന്ന അവകാശങ്ങളാണ്.
കുട്ടികൾ പല രീതിയിൽ ചൂഷണം ചെയ്യപ്പെടുന്നു എന്നതും നമ്മെ ആശങ്കപ്പെടുത്തുന്നു. മയക്കുമരുന്ന് കടത്ത്, മോഷണം, ലഹരിക്കടത്ത്, ലൈംഗിക പ്രവർത്തനങ്ങൾ, വ്യഭിചാരം ഇവയിലെല്ലാം കുട്ടികൾ ഉൾപ്പെടുന്നു എന്നത് മാതാപിതാക്കളെ ഭയപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്താനുള്ള ഓപ്പറേഷൻ പി.ഹണ്ട് 21.1. റെയ്ഡിൽ 370 കേസുകൾ റെജിസ്റ്റർ ചെയ്തതായി കഴിഞ്ഞ ദിവസം നാം കണ്ടു. കുട്ടികൾ ചൂഷണം ചെയ്യപ്പെടുമ്പോൾ അത് രാഷ്ട്രത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുകയാണ്.
നിയമങ്ങളേറെയുണ്ടെങ്കിലും ബാലവേല നിർബാധം തുടരുകയാണ്. നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതുണ്ട്.കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കൂടി കടമയാണ്.
ഷീജ ഡേവിഡ്✍
എവിടെ ഒക്കെയോ എന്തൊക്കെയോ നിയമപരമായി ശരിയാവേണ്ടതുണ്ട്. പട്ടിണിയും പരിവട്ടവുമായി നടക്കുന്ന കുടുംബങ്ങൾക്ക് അടിയന്തരാവശ്യമായ കാര്യങ്ങൾ നടപ്പിലാക്കാൻ വൈകുന്നത് അനുസരിച്ച് ഈ സാമൂഹ്യ പ്രശ്നം തുടർന്ന് കൊണ്ടേ ഇരിക്കും.
വളരെ നല്ല ലേഖനം എഴുതിയ തൂലികയ്ക്ക് അഭിനന്ദനങ്ങൾ ❤️🙏