വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ കൊണ്ടും തനതായ എഴുത്ത് ശൈലി കൊണ്ടും മലയാളത്തെ സമ്പുഷ്ടമാക്കിയ എഴുത്തുകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും ഒന്നിനൊന്ന് മികച്ചതാണ്. ഭാഷയുടെ ലാളിത്യം കൊണ്ടും ജീവിതത്തോട് സമരസപ്പെട്ടു പോകുന്ന കഥകൾ കൊണ്ടും സാധാരണക്കാരായ വായനക്കാരന്റെ ഏറെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുകയായിരുന്നു സുൽത്താൻ. അദ്ദേഹത്തിന്റെ ‘ബാല്യകാലസഖി’ എന്ന നോവലും ലാളിത്യമുള്ള ഭാഷ കൊണ്ടും ഹൃദയസ്പർശിയായ പ്രമേയം കൊണ്ടും വേറിട്ടു നിൽക്കുന്നു.

മജീദിന്റെയും സുഹ്റയുടെയും ബാല്യകാലത്തിൽ നിന്ന് തുടങ്ങുന്നു കഥ. ബാല്യത്തെ ഇത്രത്തോളം നിഷ്കളങ്കമായി അവതരിപ്പിച്ചിട്ടുള്ള മറ്റൊരു സൃഷ്ടി മലയാളത്തിലുണ്ടോയെന്നു സംശയമാണ്.
ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി വല്യ ഒന്നാണെന്നും രാജകുമാരിമാർ പിച്ചാൻ പാടില്ലെന്നുമൊക്കെ വിശ്വസിക്കുന്ന മജീദിന്റെയും സുഹ്‌റയുടെയും ബാല്യം വായനക്കാരെയും അവരുടെ ബാല്യത്തിൽ എത്തിക്കുമെന്ന് നിസ്സംശയം പറയാം.
മനോഹരമായ ചില ഗൃഹാതുര സ്മരണകൾക്കൊപ്പം പൊള്ളിക്കുന്ന ജീവിത യാഥാർഥ്യങ്ങളിലേക്കു കൂടി ഈ കഥ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരിക്കലും സഫലമാകാത്ത അനശ്വര പ്രണയത്തിന്റെ പ്രതിരൂപങ്ങൾ പോലെ മജീദും സുഹ്‌റയും മനസ്സിൽ പതിഞ്ഞു കിടക്കും. ബാല്യത്തിലെ കളിക്കൂട്ടുകാരി കൗമാര യൗവനങ്ങളിൽ പ്രണയിനിയായി മാറുമ്പോഴേക്കും ജീവിതം അവരെ വഴിപിരിക്കുന്നു. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ അവർ വീണ്ടും കണ്ടുമുട്ടുമ്പോഴും എന്നെന്നേക്കുമായി ഒരുമിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായിരുന്നില്ല. സഫലമാകാത്ത ഒരു തീവ്ര പ്രണയത്തിന്റെ കനലാണ് ബാല്യകാലസഖി അവശേഷിപ്പിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.
കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് ബാല്യകാലസഖി. “ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയും ” ഈ ഒരു വാചകത്തിൽ തന്നെ എഴുത്തുകാരൻ ഒരുപാട് പറഞ്ഞു വയ്ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപുള്ള നാളുകളിൽ ആളുകൾ അനുഭവിച്ച ദാരിദ്ര്യവും സാമൂഹ്യ അസമത്വവും രോഗപീഡകളുമെല്ലാം കഥയിലെ പ്രധാന വഴിത്തിരിവുകളാണ്.
‘നാം വളരേണ്ടായിരുന്നു ‘ എന്ന് മജീദിനെയും സുഹ്‌റയെയും പോലെ ഓരോ വായനക്കാരനും ആഗ്രഹിക്കുന്നുണ്ടാവും. ദുഃഖങ്ങളുടെയും ആഗ്രഹങ്ങളുടെയും കെട്ടുപാടുകളില്ലാത്ത ബാല്യത്തെ അവർ അത്രമേൽ പ്രണയിച്ചിരുന്നിരിക്കണം… നാം ഓരോരുത്തരെയും പോലെ.
സഫലമാകാത്ത പ്രണയത്തിന്റെ അവസാന ഓർമ്മ മരണം പോലെ വേദനാജനകം തന്നെയാവണം…
മജീദ് യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. സുഹ്‌റ എന്തോ പറയുവാൻ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുൻപ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്ദിച്ചു.മജീദ് മുറ്റത്തേക്കിറങ്ങി, പൂന്തോട്ടത്തിലൂടെ പടിയിറങ്ങി… ഒന്ന് തിരിഞ്ഞു നോക്കി.
നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചു കൊണ്ട് പൂന്തോട്ടത്തിൽ സുഹ്‌റ.
പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാൻ തുടങ്ങിയത്?
ബാല്യകാലസഖി അവശേഷിപ്പിക്കുന്നത് ഓരോ വായനക്കാരന്റെ മനസ്സിനെയും വേട്ടയാടാൻ പോന്ന ഒരു ചോദ്യമാണ്. കണ്ണുകളെ ഈറനണിയിക്കുന്ന ഒരു കഥാന്ത്യം.
“ബാല്യകാലസഖി ജീവിതത്തിൽ നിന്ന് വലിച്ച് ചീന്തിയ ഒരേടാണ്. അതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു ” എന്ന എം പി പോളിന്റെ വിലയിരുത്തൽ വളരെ കൃത്യമാണ്. വലിച്ചു ചീന്തിയ ഏടിൽ എവിടെയെങ്കിലും നമുക്ക് നമ്മെ തന്നെ കാണാൻ കഴിയും. പൊടിഞ്ഞ രക്തത്തിലെ ഒരു തുള്ളി നമ്മുടേത് തന്നെ!
ദിവ്യ എസ് മേനോൻ
ഒരു പുനർവായനക്ക് അവസരം തന്നതിന് നന്ദി.