(റിപ്പോർട്ട്: പി.പി. ചെറിയാൻ)
മയാമി ഡെയ്ഡ്: ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ച 32 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മയാമി ഡെയ്ഡില്‍ മാത്രം കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,011 ആയി. ഫ്‌ളോറിഡ സംസ്ഥാനത്ത് ഞായറാഴ്ച 6624 പുതിയ കൊറോണ വൈറസ് പോസ്റ്റീവ് കേസുകള്‍ സ്ഥിരീകരിക്കുകയും, 103 മരണം സംഭവിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1777983 ഉം, മരിച്ചവരുടെ എണ്ണം 28161 ഉം ആയി ഉയര്‍ന്നു. മരിച്ചവരില്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ 27696 ഉം, സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ 465 ഉം ആണ്. പോസിറ്റീവ് റേറ്റില്‍ വളരെ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 9.14 ശതമാനത്തില്‍ നിന്നും ശനിയാഴ്ച ശരാശരി 7.46 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 1326136 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 11465 പേര്‍ക്ക് നല്‍കി. രണ്ട് ഡോസ് വാക്‌സിന്‍ ശനിയാഴ്ച ലഭിച്ചവര്‍ 18308 പേരാണ്. ഇതോടെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം 667830 ആയി. മയാമി ഡെയ്ഡില്‍ ശനിയാഴ്ച 92417 പേര്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചു.
