സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗങ്ങളിലെ നിരന്തരമായ സാന്നിദ്ധ്യത്തിലൂടെ സമൂഹത്തിന്റെ മുൻനിരയിൽ വനിതകളുടെ നിസ്തുലമായ പങ്ക് അടയാളപ്പെടുത്തുകയും, തദ്വാരാ വനിതാ ശാക്തീകരണം ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കും, പെൺകുട്ടികൾക്കുമായി അവരുടെ പ്രതിഭകളെ പരിപോഷിപ്പിക്കാനും അവരുടെ ദൗർബല്യങ്ങളെ തിരിച്ചറിയാനും, ആത്മവിശ്വാസവും, ദൃഡനിശ്ചയവും, വളർത്തിയെടുക്കാനും, ഫോമാ വനിതാ വേദിയും, ഫ്ലവർസ് യു.എസ് .എ യും, കൈകോർത്ത് വടക്കേ അമേരിക്കയിലെ വനിതകൾക്കായി “മയൂഖം” എന്ന വേഷ വിധാന മത്സരം കാഴ്ചവെക്കുകയാണ്.
അമേരിക്കയിലെ പന്ത്രണ്ടു മേഖലകളിലായി നടക്കുന്ന മയൂഖത്തിന്റെ പ്രാരംഭ മത്സരങ്ങൾക്ക് 2021 മാർച്ചു 20 നു ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ ദീപം തെളിക്കുന്നതോടെ തിരശീല ഉയരും. വേഷ വിധാന മത്സരങ്ങളുടെ ഓൺലെൻ പോർട്ടൽ ഉദ്ഘാടനം രംഗത്ത് വെന്നിക്കൊടി പാറിച്ച പ്രശസ്ത നിർമ്മാതാവും, അഭിനേത്രിയുമായ സാന്ദ്ര തോമസ് നിർവഹിക്കും. . മേഖല മത്സരങ്ങളിലെ വിജയികൾ ദേശീയ തലത്തിൽ നടക്കുന്ന അവസാന വട്ട മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും.
സ്ത്രീയുടെ വ്യക്തിത്വ വികാസത്തിന്റെയും , ആത്‌മവിശ്വാസത്തിന്റെയും അളവുകോലിൽ ഒന്നാണ് മലയാളി വനിതകളെ സംബന്ധിച്ചു സാരി എന്ന വസ്ത്രം. കലാ പ്രതിഭയും, പണ്ഡിത സ്രേഷ്ഠയുമായ ആയില്യം തിരുനാളിന്റെ പത്നിയായ കല്യാണിക്കുട്ടിയമ്മ ആദ്യമായി സാരിയുടുത്ത് മലയാളി വനിതകളുടെ മാത്യകയായ കാലം മുതൽ മലയാളി വനിതകൾ സാരിയെ പ്രണയിച്ചു തുടങ്ങിയതാണ് ചരിത്രം. ഒന്നര നൂറ്റാണ്ടു പിന്നിടുമ്പോൾ, മലയാളി വനിതകളുടെ വസ്ത്ര ശാഖയിൽ സാരിയുടെ രൂപത്തിലും ഭാവത്തിലും ഉണ്ടായ മാറ്റങ്ങൾ ഉൾകൊണ്ട് ആത്മവിശ്വാസത്തിന്റെ പുതിയ ഏടുകൾ എഴുതിച്ചേർത്തിരിക്കുന്ന ഈ കാലഘട്ടത്തിൽ സാരിയുടെ സൗന്ദര്യവും, മറ്റു വേഷ വിധാനങ്ങളിലെ തനിമയും ബോധ്യപ്പെടുത്തുകയും, സ്ത്രീകളുടെ വസ്ത്രധാരണത്തിലെയും വേഷ പകർച്ചയിലേയും അറിവിനെ പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെയുമാണ് ഫോമാ വനിതാ വേദി വേഷ വിധാന മത്സരം സംഘടിപ്പിക്കുന്നത്.
വിവിധങ്ങളായ രീതികളിലുള്ള സാരിയെ പരിചയപ്പെടുത്തുകയും, വിവിധ വേഷ വിധാനങ്ങളിലെ വൈവിധ്യങ്ങളും കലാചാരുതയും വെളിവാക്കുകയും ചെയ്യുക എന്നത് മാത്രമല്ല, മറിച്ചു സ്ത്രീ രത്നങ്ങളിലെ കഴിവിനെ പരിപോഷിപ്പിക്കുകയും, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൊണ്ട് വരികയും ചെയ്യുക എന്നതും ഈ മത്സരത്തിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു. വീട്ടമ്മ വത്കരിക്കപ്പെടുന്ന തത്വസംഹിതകളിൽനിന്നും അന്ധ വിശ്വാസങ്ങളിൽ നിന്നും മോചിതയാക്കി സ്ത്രീ ശാക്തീകരണ പാതയിൽ മുന്നേറാൻ കരൂത്ത് നൽകുവാനും വനിതാ വേദി ഈ മത്സരങ്ങളെ ഉപയോഗിക്കും.
ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം രചന നാരായണൻ കുട്ടി ആശംസ പ്രസംഗം നടത്തും.വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹ്യ വികസനം എന്ന കാഴ്ചപ്പാടിലൂടെ വനിതാ വേദി നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്കും, പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥിനികൾക്കുമായി തുടങ്ങിയ സഞ്ചയിനിയിലേക്കുള്ള ആദ്യ സംഭാവന ശ്രീമതി കുസുമം ടൈറ്റസിൽ നിന്നും ചലച്ചിത്ര നടി രേണുക മേനോൻ ഏറ്റു വാങ്ങും. ഫ്ലവർഴ്സ് യു.എസ് .എ ടി.വിക്കുവേണ്ടി ബിജു സക്കറിയ പരിപാടികൾ സംവിധാനം ചെയ്യും.
എല്ലാ മലയാളികളും, അഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നും, വരുംകാല പ്രവർത്തനങ്ങളിൽ ഫോമയോടൊപ്പം കൈകോർത്ത് വനിതാ ദേശീയ സമിതിയുടെ പ്രവർത്തന പങ്കാളികളാകാൻ വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.
ഫോമയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് കൂടുതൽ ഉയരങ്ങളിലേക്ക് സംഘടനയെ എത്തിക്കുവാൻ സഹായിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.