(ഫോമാ ന്യൂസ് ടീം)
കോവിഡ് കാല-കോവിടാനന്തര യാത്ര സംബന്ധിയായ പ്രശ്നങ്ങളും, വിവരങ്ങളും ബോധ്യപ്പെടുത്താനും, പ്രവാസികൾക്ക് കോൺസുലേറ്റ് നൽകുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ഫോമാ ദേശീയ നിർവാഹക സമിതിയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിൽ ഷിക്കാഗോ കോൺസുലേറ്റ് സന്ദർശിച്ചു.
കോൺസുലർ ജനറൽ ശ്രീ അമിത് കുമാറുമായും, കോൺസുലേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരായ പി.കെ മിശ്ര , എൽ.പി,ഗുപ്ത എന്നിവരുമായും , ഫോമാ ദേശീയ സമിതി ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട് , സെൻട്രൽ റീജിയൻ ആർ.വി.പി. ജോൺ പാട്ടപതിയിൽ, ഫോമാ ദേശീയ കമ്മറ്റി അംഗം ജോൺസൺ കണ്ണൂക്കാടൻ, എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ചു പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ സംസാരിച്ചു.
ഷിക്കാഗോ കോൺസുലേറ്റിന്റെ കീഴിൽ വരുന്ന മലയാളികളുടെ കോൺസുലേറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ കാര്യങ്ങൾക്കും പ്രശ്ന പരിഹാരത്തിനും കോൺസുലർ ശ്രീ അമിത് കുമാറും , മറ്റു ഉദ്യോഗസ്ഥരും, പരിപൂര്ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. ഫോമാ, ഈ കോവിഡ് കാലയളവിൽ നാട്ടിലേക്ക് പോകുന്നവരുടെ യാത്ര ക്ലേശങ്ങൾ പരിഹരിക്കുന്നതിന് കോൺസുലെറ്റ്മായി ബന്ധപ്പെട്ട് നൽകിയ സഹായങ്ങളെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു. പ്രവാസി മലയാളികൾക്ക് ഫോമ നൽകുന്ന സേവനങ്ങളും, നാടുമായി ബന്ധപ്പെട്ടു ഫോമാ ചെയ്യുന്ന വിവിധ പദ്ധതികളെ കുറിച്ചും അദ്ദേഹത്തെ ശ്രീ ജോസ് മണക്കാട് ബോധ്യപ്പെടുത്തി.

ഫോമയുടെ വരുംകാല പരിപാടികളിൽ പങ്കെടുക്കുന്നതിനു കോൺസുലർ ജനറൽ ശ്രീ അമിത് കുമാറിനെ സെൻട്രൽ റീജിയൻ ആർ.വി.പി. ജോൺ പാട്ടപതിയിൽ ക്ഷണിക്കുകയും പങ്കെടുക്കാമെന്ന് അദ്ദേഹം പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഓ.സി.ഐ കാർഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും, അത് സംബന്ധിച്ച മലയാളികളുടെ നിലപാടുകളും കോൺസുലർ ഹെഡായ ശ്രീ പി.കെ മിശ്രയുമായും, ഓ.സി.ഐ. വിഭാഗം തലവൻ ശ്രീ എൽ.പി.ഗുപ്തയുമായി ഫോമാ ദേശീയ സമിതി അംഗം ജോൺസൺ കണ്ണൂക്കാടൻ പ്രത്യേകമായി ചർച്ച ചെയ്തു.
ഫോമാ ദേശീയ നിർവ്വാഹക സമിതി ജോയിന്റ് സെക്രട്ടറി ജോസ് മണകാട് മുൻകയ്യെടുത്ത് നടത്തിയ സന്ദർശനവും , ചർച്ചയും വളരെ വിജയമായിരുന്നു.
ഷിക്കാഗോ ഇന്ത്യൻ കോൺസുലാർ പ്രവാസി മലയാളികൾക്ക് നൽകുന്ന സേവനങ്ങൾക്കും സഹായങ്ങൾക്കും ഫോമാ ദേശീയ വനിതാ സമിതി പ്രതിനിധി ജൂബി വള്ളിക്കളം, ഫോമാ ദേശീയ യുവജന വിഭാഗം പ്രതിനിധി കാൽവിൻ കവലക്കൽ, ഫോമാ ഉപദേശക സമിതി വൈസ് ചെയർമാൻ പീറ്റർ കുളങ്ങര എന്നിവർ പ്രത്യേക നന്ദി രേഖപ്പെടുത്തി.
