(ജോർജ്ജ് ഓലിക്കൽ)
ന്യൂയോർക്ക്: ഇന്ത്യ സ്വതന്ത്ര ഡെമോക്രാറ്റിക് റിപ്പബിള്ക്കായി ഭരണഘടന നിലവിൽ വന്നതിൻ്റെ 72ാം വാർഷികം നോർത്ത് അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂർവ്വം കൊണ്ടാടി. ജാനുവരി 23ാം തീയതി ശനിയാഴ്ച രാവിലെ 11 -മണിക്ക് സൂം ഫ്‌ളാറ്റ്‌ഫോമിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

നോർത്ത് അമേരിക്കയിലെ ഫൊക്കാനാ പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികൾ ഇന്ത്യയിലെയും അമേരിക്കയിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളാൽ സമ്പന്നമായിരുന്നു.
ഫൊക്കാനാ പ്രസിഡൻ്റ് സുധാ കർത്തയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവൻ ബലി കഴിച്ച സ്വാതന്ത്ര്യ സമരസേനാനികളെയും സൈനികരെയും അനുസ്മരിയ്ക്കുകയും, കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ വർക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കുകയും ചെയ്തു. ഫൊക്കാനാ ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖ പ്രസംഗം നടത്തി, ജോയിൻ്റ് സെക്രട്ടറി ഡോ: സുജ ജോസ് ഏവരെയും സ്വാഗതം ചെയ്തു.
മുഖ്യ പ്രഭാഷണം നടത്തിയ കേരള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖർ റിപ്പബ്ളിക്ക് ദിനാശംസകൾ നേർന്നു. ഈ അടുത്ത നാളുകളിൽ അമേരിയ്ക്കയിലും ഇന്ത്യയിലും നടന്ന ജനാധിപത്യ ധ്വംസനങ്ങളെ അപലപിക്കുകയും ചെയ്തു. അമേരിയ്ക്കയിൽ എന്തുതന്നെ മാറ്റങ്ങൾ വന്നാലും ലോകത്തിനു മുന്നിൽ അമേരിക്ക ഓർമ്മിക്കപ്പെടുന്നത് എബ്രഹാം ലിങ്കൻ്റെയും മാർട്ടിൻ ലുഥർ കിംഗിൻ്റെയും പേരിലായിരിക്കുമെന്നും, അതുപോലെ ഇന്ത്യ അറിയപ്പെടുന്നത് മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിൻ്റെയും പേരിലായിരിക്കമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള രാജ്യസഭ എം. പി കെ. കൃഷ്ണ പ്രസാദ് തൻ്റെ സന്ദേശത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്ക ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യക്ക് എക്കാലവും മാതൃകയായിരുന്നെന്നും പറഞ്ഞു. കേരളത്തിലെ ശക്തനായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സന്ദേശത്തിൽ പൊക്കാന നാളിതുവരെ കേരളനാടിനു നൽകിയ സേവനങ്ങളെ അഭിനന്ദിയ്ക്കുകയും, മലയാളി സംഘടനകളുടെ കൂട്ടായ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണ മുണ്ടാകുമെന്നും അതിനായി പ്രവർത്തിക്കണ മെന്നും പറഞ്ഞു.

കേരളത്തിലെ ഗർജ്ജിക്കുന്ന സിംഹമായ പി.സി ജോർജ്ജ് എം.എൽ.എ അമേരിയ്ക്കൻ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും പ്രത്യേകിച്ചും പ്രളയകാല പ്രവർത്തനങ്ങളിൽ ഫൊക്കാന നൽകിയ സംഭാവനകളെ അഭിനന്ദിയ്ക്കുകയും ചെയ്തു.
ആദർശ രാഷ്ട്രീയത്തിൽ അടിയുറച്ച കേരള നിയമസഭയിലെ കരുത്തനായ എം.എൽ.എ വി.ഡി സതീശൻ ഏറെ വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ജനാധിപത്യം പുലരുന്നതും പുലർത്തുന്നതും അത്ഭുതമാ ണെന്നും അതിലേയ്ക്കു നയിച്ച നേതാക്കളെയും ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്തവരെയും ഈ സന്ദർഭത്തിൽ അനുസ്മരിയ്ക്കുകയാ ണെന്നും, അതാടൊപ്പം ഫൊക്കാനയുടെരാജ്യസ്നേഹ പരമായ പ്രവർത്തനങ്ങളെ അഭിനന്ദിയ്ക്കുകയും ചെയ്തു.
റിപ്പബ്ളിക്ക് ദിനാഘോഷങ്ങളിൽ ന്യൂയോർക്കിലെ റോക്ക്ലൻ്റ് കൗണ്ട്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ടെക്സ്സാസ് ഫോർട്ട് ബെൻ്റ് കൗണ്ട്ടി ജഡ്ജ് ജൂലി മാത്യു, മലയാളത്തിലെ പ്രശസ്ത സിനിമ സംവിധായകൻ വിനയൻ, കേരള ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഏഷ്യാനെറ്റ് പ്രതിനിധി അനിൽ അടൂർ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ രാജൻ പടത്തിൽ, ബിജെപി നേതാവ് സുരേഷ് കുമാർ ആശംസകൾ നേർന്നു.
പൊതു സമ്മേളനത്തിനുശേഷം റിപ്പബ്ളിക്ക് ദിനത്തെ അനുസ്മരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികളും, ഇന്ത്യയുടെ മുൻ പ്രസിഡൻ്റ് മാരെയും പ്രധാനമന്ത്രിമാരെയും ആദരിക്കുന്ന വീഡിയോ പ്രദർശനവും, ടെസ്സ ജോൺ, ഷെറിൻ ജോയി, സുമോദ് നെല്ലിക്കാല, ജോസ് ജോയി, ബ്രയൻ ജേക്കബ്, ബിജു, ഇന്ത്യൻ ലവേഴ്സ്, എന്നിവരുടെ ദേശഭക്തി ഗാനങ്ങളും നൃത്ത പരിപാടികളും സാബു തിരുവല്ലയുടെ മിമിക്സും സുരജ് ദിനമണിയുടെ കോമഡി ഷോയും ആഘോഷപരിപാടികൾക്ക് ചാരുതയേകി.
ബിജു തൂമ്പിൽ പരിപാടികൾ ക്രമീകരിച്ചു. അലക്സ് മുരിക്കനാനി സാങ്കേതിക സഹായവും, പ്രസാദ് ജോൺ പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു. എബ്രാഹം കളത്തിൽ, ജോർജ്ജ് ഓലിക്കൽ, രാജൻ പടവത്തിൽ, ഷിബു വെൺന്മണി, രാജു സക്കറിയ, ജോസഫ് കുര്യാപ്പുറം, അലക്സ് തോമസ്, വിനോദ് കെയാർകെ, ലൈസി അലക്സ്, എന്നിവർ പ്രോഗ്രാം കോഡിനേറ്ററുമാരായിരുന്നു. ട്രഷറർ ഷീല ജോസഫ് നന്ദി പ്രകാശിപ്പിച്ചു.




