ഫിലഡല്‍ഫിയ: കോവിഡ് മാരക പകര്‍ച്ചവ്യാധിയുടെ ഇപ്പോഴുള്ള ഏക പ്രതിവിധി വാക്സിനേഷന്‍ മാത്രമാണ്. 1849-ല്‍ ബ്രൂക്ലിന്‍, ന്യൂയോര്‍ക്കില്‍ ചാള്‍സ് ഫൈസര്‍ സ്ഥാപിച്ച ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടേയും ആഗോളതലത്തില്‍ അറിയപ്പെടുന്ന ആസ്ട്ര സെനേക, മെര്‍ക്, ലോണ്‍സാ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ പങ്കാളിത്വത്തോടെ 2010-ല്‍ കേംബ്രിഡ്ജ്, മാസാചുസെറ്റ്സില്‍ തുടക്കമിട്ട മോഡേണയുടെയും വാക്സീനുകള്‍ മൂന്നാഴ്ച മുതല്‍ നാലാഴ്ച വ്യതിയാനത്തിലുള്ള രണ്ടു ഡോസുകളും പൂര്‍ണ്ണ ഫലപ്രാപ്തിക്കു നിര്‍ബന്ധിതമാണ്. അപ്രതീക്ഷിതമായി നിര്‍ദ്ദിഷ്ട ദിവസത്തിനുള്ളില്‍ സെക്കഡ് ഡോസ് സ്വീകരിക്കുവാന്‍ തടസ്സം നേരിട്ടാല്‍ 42 ദിവസം വരെ അനുവാദകമാണെന്നു ഫൈസറും മൊഡേണയും 2020 ഡിസംബര്‍ മാസം അമേരിക്കന്‍ ഫുഡ് & ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാം ഡോസ് വാക്സിനേഷന്‍ ലഭിച്ചശേഷം പ്രതിരോധ ശക്തി ലളിതമായി മാത്രം ബാധിക്കുകയും രണ്ടാം ഡോസ് ആഴ്ചകള്‍ക്കുശേഷം കിട്ടിയശേഷം പൂര്‍ണ്ണമായും കൊറോണ വൈറസ് നശിപ്പിക്കുവാനുള്ള ശക്തി ശരീരത്തിനു കിട്ടുന്നു. വിവിധ സുദീര്‍ഘ പരീക്ഷണങ്ങള്‍ക്കുശേഷം വാക്സീന്‍ ഉൽപാദകരായ രണ്ടു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടേയും റിസേര്‍ച്ച് പേപ്പറുകള്‍ അനുമതിക്കുവേണ്ടി അമേരിക്കന്‍ ഫുഡ് & ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന് സമര്‍പ്പിച്ചത്. ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍റെ മാര്‍ച്ചുമാസത്തെ പ്രസിദ്ധീകരണപ്രകാരം ഒരു ഡോസ് മാത്രം ലഭിച്ചാലുള്ള പ്രതികരണ ശേഷിയെക്കുറിച്ചോ വിപത്തുകളെക്കുറിച്ചോ ഉള്ള പൂര്‍ണ്ണ അറിവ് ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു ഡോസ് മാത്രം സ്വീകരിച്ചു രണ്ടാം ഡോസ് ഉപേക്ഷിച്ചാല്‍ ലളിതമായ രീതിയില്‍ മാത്രം പ്രതിരോധശക്തി ശരീരത്തിലുണ്ടായി കൂടുതല്‍ അപകട മേഖലയില്‍ എത്തിപ്പെടുവാന്‍ വളരെ സാധ്യതയുണ്ട്
മാരകമായ കോവിഡ്-19 ന്‍റെ പ്രതിരോധത്തിനുള്ള വാക്സീന്‍റെ ഉൽപാദനം വളരെ മന്ദഗതിയിലാകുന്നതിനെ സംബന്ധിച്ചു ആരോഗ്യ പരിരക്ഷ മേഖലകളില്‍ പരാതിയും വിവിധ തര്‍ക്കങ്ങളും ശക്തമായുണ്ട്. സിഡിസിയുടെയും, എഫ്ഡിഎയുടെയും അനുമതി നേടിയ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സിംഗിള്‍ ഡോസ് വാക്സിനേഷന്‍ കൂടി സുലഭമായി പ്രായപരിധിയില്ലാതെ പൊതുജനങ്ങളില്‍ എത്തുമ്പോള്‍ കോവിഡ്-19 വ്യാപനം നിശ്ശേഷം നിർത്താൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്. മേയ് മാസം അവസാനത്തോടെ അമേരിക്കന്‍ ജനത പൂര്‍ണ്ണമായും കൊറോണ വൈറസ് വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുമെന്നു പ്രസിഡന്‍റ് ജോസഫ് ബൈഡന്‍ ഉറപ്പായി പറയുന്നു.
കോവിഡ്-19 ന്‍റെ വേരിയന്‍റ് അഥവാ വകഭേദം വളരെ ആര്‍ജ്ജവത്തോടെ സൗത്ത് ആഫ്രിക്കയില്‍ ആദ്യം കാണപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇംഗ്ലണ്ടിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും വളരെ വ്യതിയാനത്തോടും ഭീകരത്വത്തോടുംകൂടി വേരിയന്‍റ് പ്രത്യക്ഷപ്പെട്ടു. പുതുതായി കാണപ്പെട്ട കൊറോണ വൈറസിന്‍റെ വേരിയന്‍റ് അതിവേഗം പടര്‍ന്നുപിടിച്ച് കൂടുതല്‍ മാരകമായി മനുഷ്യസംഹാരം തുടങ്ങുന്നതിനു മുന്‍പായി വാക്സിനേഷന്‍ ഏവര്‍ക്കും ലഭിക്കുവാനുള്ള നടപടിക്രമങ്ങള്‍ വാക്സീന്‍ ഉൽപാദകരും വിവിധ രാജ്യങ്ങളും ഗൗരവകരമായിതന്നെ കൈക്കൊള്ളണം. ജോണ്‍സണ്‍ & ജോണ്‍സണ്‍ അടക്കം ഇപ്പോള്‍ നിലവിലുള്ള 3 വാക്സീനുകളും നവാഗതമായ കോവിഡ്-19 ന്‍റെ വേരിയന്‍റിനേയും പ്രതിരോധിക്കുവാന്‍ പ്രാപ്തമെന്നു വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെയും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍റേഷന്‍റെയും മാര്‍ച്ച് മാസം പുറപ്പെടുവിച്ച സംയുക്ത പ്രസ്ഥാവനയില്‍ പറയുന്നു. അപ്രതീക്ഷതിമായി ഇപ്പോള്‍ രൂപപ്പെടുന്ന വിവിധതരം വേരിയന്‍റിനെ സംബന്ധിച്ച അഘാതമായ തുടര്‍ന്ന പഠനങ്ങളും പരീക്ഷണങ്ങളും അത്യധികം ആവശ്യമെന്നും പ്രസ്ഥാവനയില്‍ പറയുന്നു.
ഇന്ത്യയിലെ എല്ലാനഗരങ്ങളിലും സംസ്ഥാനങ്ങളിലും കൊറോണ വൈറസ് വാക്സിനേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായും പ്രൈവറ്റ് ആശുപത്രികളില്‍ 250 രൂപാ വസൂല്‍ ആക്കുന്നതായും വിവിധ മേഖലകളില്‍നിന്നും അറിയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ആതുരസേവനത്തിലും ഉപരിയായി സാമ്പത്തികനേട്ടം മാത്രം എന്ന അശുദ്ധവീക്ഷണത്തോടെ ആരംഭിച്ച അനേകം സ്വകാര്യ ആശുപത്രികള്‍ ഇന്‍ഡ്യയിലും പ്രത്യേകിച്ച് കേരളത്തിലും വിരളമല്ല. കൊറോണ വൈറസിന്‍റെ ക്രൂരത ഭയന്ന് വാക്സിനേഷനുവേണ്ടി വന്‍ ജനാവലിയുടെ സുദീര്‍ഘമായ ക്യൂവിന്‍റെ ഏറ്റവും പിന്നില്‍കൂടി എത്തിച്ചേരുന്ന സാധുക്കളുടെ തോളില്‍ കുത്തിയിറക്കുന്ന പ്ലാസ്റ്റിക്ക് സിറിഞ്ചിന്‍റെ ഉള്ളിലുള്ള പരിശുദ്ധമായ പച്ച വെള്ളത്തിന്‍റെ നിറത്തിലും ഭാവത്തിലുമുള്ള വാക്സീന്‍റെ പരിശുദ്ധത തികച്ചും സുരക്ഷിതം ആയിരിക്കണം. 250 രൂപ സമ്പാദനത്തിനുവേണ്ടി ഏതു ഹീനപ്രവര്‍ത്തികളും ചെയ്യുവാന്‍ മടിയ്ക്കാത്തവര്‍ ഈ കാലയളവില്‍ കുറവല്ല.
വാക്സിനേഷന്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ വളരെ വിദൂരതയില്‍നിന്നും എത്തിച്ചേരുന്ന വാക്സീന്‍ യഥോചിതം സൂക്ഷിക്കുവാനുള്ള പ്രത്യേകതരം ഫ്രിഡ്ജും ഫ്രീസറും ഉണ്ടായിരിക്കണം. വൈദ്യുതി തടസ്സം അനുഭവപ്പെട്ടാല്‍ ഉടനെ പ്രവര്‍ത്തിക്കുവാനുള്ള ജനറേറ്റര്‍ സജ്ജമായിരിക്കണം. നിര്‍ദ്ദിഷ്ടമായ താപനില പരിരക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കണം. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും ബഹുദൂരത്തായി ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചു അന്വേഷിച്ചശേഷം വാക്സിനേഷന്‍ സ്വീകരിക്കുന്നതായിരിക്കും ഉത്തമം.
