വി. മദർ തെരേസയുടെ പ്രാവചനിക വചനങ്ങൾ പ്രചരിപ്പിക്കുന്നത് “നിങ്ങൾക്ക് നൂറ് പേരെ പോറ്റാൻ കഴിയുന്നില്ലെങ്കിൽ ഒരാളെ എങ്കിലും പോറ്റുക” എന്നാണ്. കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേലിന്റെ ഏറ്റവും പുതിയ സംരംഭമായ ഹംഗർ ഹണ്ട് പദ്ധതി മേൽപ്പറഞ്ഞ വചനത്തെ ആധാരമാക്കിയാണ്.
മാർച്ച് അഞ്ചാം തീയതി നടന്ന ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 42–ാം [ICAA] പ്രവർത്തനോദ്ഘാടന ചടങ്ങിൽ വച്ച് മേൽപ്പറഞ്ഞ പദ്ധതി അമേരിക്കയിൽ ഏറ്റെടുത്ത് നടത്തുവാൻ ഇന്ത്യൻ കാത്തലിക്ക് അസോസിയേഷനേയും [ICAA] ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്ററിനേയും [ICAW] അദ്ദേഹം ചുമതലപ്പെടുത്തി.
അനാഥരും ക്ലേശിതരും ദരിദ്രരുമായ നമ്മുടെ സഹോദരങ്ങളുടെ വിശപ്പകറ്റുവാൻ “വൺ ഡേ വൺ മീൽ” എന്ന പദ്ധതിയുമായി കേരളാ ജയിൽ വകുപ്പ് വൈ. എം. സി. എയുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന ബൃഹുത്തും മഹത്വരവുമായ ഈ സംരംഭത്തിലേക്ക് അമേരിക്കയിലുള്ള എല്ലാ മലയാളികളുടേയും സഹായ സഹകരണങ്ങൾ ഫാ. ചിറമേൽ അഭ്യർത്ഥിക്കുന്നു.
അമേരിക്കയിലെ ഹംഗർ ഹണ്ട് പദ്ധതിക്ക് ശ്‌ളാഘനീയമായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകിവരുന്ന ഐ.സി.എ.എ പ്രസിഡണ്ട് ശ്രീ. ലിജോ ജോണിനെയും ഐ.സി.എ.ഡബ്ലിയൂ പ്രസിഡണ്ട് ശ്രീ. ജോസ് മലയിലിനെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. അവരുടെ അർപ്പണാബോധവും നിസ്വാർത്ഥതയും അക്ഷീണപരിശ്രമവും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹായകമായി എന്നത് അദ്ദേഹം എടുത്തുപറഞ്ഞു.
സ്വന്തം ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കി പ്രവർത്തിക്കുന്ന ഫാ. ചിറമേലിന് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സംരംഭമായ ഹംഗർ ഹണ്ട് പദ്ധതിയിലേക്ക് എല്ലാ നല്ല വ്യക്തികളുടെയും സഹകരണം യാചിക്കുന്നതിനോടൊപ്പം ഈ പദ്ധതി ഒരു വൻവിജയം ആയി തീരട്ടെ എന്ന് ഐ.സി.എ.എയുടെയും ഐ.സി.എ.ഡബ്ലിയുടെയും ഭാരവാഹികൾ സംയുക്തമായി പ്രത്യാശിക്കുന്നു, പ്രാർത്ഥിക്കുന്നു.