ന്യൂയോര്‍ക്ക്: അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ റവ.ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികം മാര്‍ച്ച് 27-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സൂം മീറ്റിംഗിലൂടെ ആഘോഷിക്കുന്നു. കഴിഞ്ഞ മെയ് മാസം 85 വയസ് തികഞ്ഞ ജോസ് അച്ചന്‍ ഇടവക സേവനങ്ങളില്‍ നിന്നും വിരമിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിച്ചുവരികയാണ്.
1945 മെയ് 30-ന് കണ്ടത്തിക്കുടി ജോണ്‍ – ത്രേസ്യക്കുട്ടി ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ച ജോസച്ചന്‍, 1962-ല്‍ തലശേരി മൈനര്‍ സെമിനാരിയില്‍ ചേരുകയും, തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെമിനാരിയിലും, റോമിലെ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലും പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1971 മാര്‍ച്ച് 27-നു വത്തിക്കാനില്‍ വച്ചു കര്‍ദിനാള്‍ ആഗ്നെലോ റോസ്സിയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ച് വൈദീകനായി.
1973-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശേരി രൂപതയിലെ മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ച ജോസച്ചന്‍, കല്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടവകകള്‍ ആരംഭിക്കുകയും, വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ തമിഴ്‌നാട്ടിലെ കൂനൂര്‍, ബര്‍ളിയാര്‍, അറുവന്‍കാട് തുടങ്ങിയ സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിക്കുകയും, വികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
തലശേരി രൂപതയിലെ വിവിധ ആദ്ധ്യാത്മിക മേഖലകളിലും ജോസച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ് പ്രസിന്റെ മാനേജര്‍, മാനന്തവാടി രൂപതാ ചാന്‍സിലര്‍, രൂപതയുടെ സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, തൂങ്കുഴി പിതാവിന്റെ സെക്രട്ടറി തുടങ്ങി വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് 1995-ല്‍ അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുക എന്ന ദൗത്യവുമായി, സീറോ മലബാര്‍ ബിഷപ്‌സ് സിനഡിന്റെ തീരുമാന പ്രകാരം അമേരിക്കയിലെത്തുന്നത്. ചിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ജോസച്ചന്‍ തുടര്‍ന്ന് ന്യൂജഴേസിയിലേയും, ന്യൂയോര്‍ക്കിലേയും വിവിധ സ്ഥലങ്ങളില്‍ താമസിച്ച് സീറോ മലബാര്‍ വിശ്വാസികളെ സംഘടിപ്പിക്കുകയും വിവിധ ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു.
2002 മാര്‍ച്ച് 24-ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം സ്ഥാപിക്കുകയും, വികാരിയായി നിയമിതനാകുകയും ചെയ്തു. അന്നു മുതല്‍ ഇടവക ഭരണത്തില്‍ നിന്നും വിരമിച്ച 2020 മെയ് മാസം വരെയും ജോസച്ചന്‍ തന്നെയായിരുന്നു ബ്രോങ്ക്‌സ് ഫൊറോന ഇടവകയുടെ വികാരിയായി സേവനം ചെയ്തുവന്നത്. ഇതിനിടയില്‍ ന്യൂയോര്‍ക്കിലും കണക്ടിക്കട്ടിലും വിവിധ സ്ഥലങ്ങളില്‍ സീറോ മലബാര്‍ ഇടവകകളും മിഷനുകളും സ്ഥാപിക്കാനും ജോസച്ചന് കഴിഞ്ഞു.
ഈ മാസം 27-ന് ശനിയാഴ്ച പൗരോഹിത്യത്തില്‍ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഫാ. ജോസ് കണ്ടത്തിക്കുടിയുടെ സുവര്‍ണ ജൂബിലി, അച്ചന്‍ ഏതാണ്ട് പത്തൊമ്പത് വര്‍ഷത്തോളം സേവനം ചെയ്ത ബ്രോങ്ക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിക്കുന്നു. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സൂം മീറ്റിംഗ് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. നിരവധി വൈദീകരും അത്മായരും ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
സൂം മീറ്റിംഗില്‍ പങ്കെടുത്ത് ജോസച്ചനെ ആദരിക്കുവാന്‍ എല്ലാ വിശ്വാസികളോടും, അച്ചന്റെ സുഹൃത്തുക്കളോടും ബ്രോങ്ക്‌സ് ഇടവക വികാരി റവ.ഫാ. ജോഷി എളംബാശേരി അഭ്യര്‍ത്ഥിക്കുന്നു.
Zoom Details: ID: #917 5285 6512.
Date: Saturday, March 27, 20021, Time: 6 PM (NY)