ചിക്കാഗൊ: ഇന്ത്യയില്‍ ഈയിടെ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനേയും, ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നതിന് ചിക്കാഗൊ സിറ്റി കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം തള്ളി. മാര്‍ച്ച് 24 നായിരുന്നു പ്രമേയം തള്ളിയത്.
സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയിലെ സൗഹൃദം തകര്‍ക്കുമെന്നതിനാലും, ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ ശക്തമായ പ്രതിഷേധവുമാണ് പ്രമേയം തള്ളാന്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചത്.
ഇന്ത്യയുടെ ആഭ്യന്ത വിഷയങ്ങളെകുറിച്ചും, വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങളും ഉള്‍കൊള്ളുന്ന പ്രമേയം ചിക്കാഗൊ 49-ാം വാര്‍ഡില്‍ നിന്നുള്ള വനിതാ കൗണ്‍സില്‍ അംഗം മറിയ ഹാഡനാണ് കൗണ്‍സിലില്‍ അവതരിപ്പിച്ചത്.
ഇന്ത്യയുടെ ജനാധിപത്യത്തേയും, സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുന്നു എന്നു തുടങ്ങുന്ന പ്രമേയം ചര്‍ച്ച കൂടാതെ പാസ്സാക്കുമെന്നായിരുന്നു ഇവരുടെ താല്‍പര്യമെന്ന് യു.എസ്. ഇന്ത്യ ഫ്രൗണ്ട്ഷിപ്പ് കൗണ്‍സില്‍ ഒരു പ്രസ്താവനയില്‍ പറയുന്നു.
പൗരത്വഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധവും, പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ബി.ജെ.പി. ഗവണ്‍മെന്റും ഹിന്ദുത്വ തീവ്രവാദം നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗുരുതര ആരോപണവും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രമേയത്തെ എതിർത്ത് 26 കൗണ്‍സില്‍ അംഗങ്ങള്‍ വോട്ടു ചെയ്തപ്പോള്‍ 18 പേര്‍ എതിര്‍ത്തു. പ്രമേയ ചര്‍ച്ചക്കിടെ ചില അംഗങ്ങള്‍ ചിക്കാഗൊ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ വിഭാഗീയത വളര്‍ത്തുവാനേ ഇതു ഉപകരിക്കൂ എന്നും ചൂണ്ടികാട്ടി. ചിക്കാഗോയിലെ നിരവധി പേര്‍ പ്രമേയത്തെ അനുകൂലിച്ചും, എതിര്‍ത്തും രംഗത്തെത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയില്‍ അടച്ചിട്ട മുറികള്‍ക്കുള്ളിലിരുന്നു പ്രമേയം അവതരിപ്പിച്ചത്. ഇതേ പ്രമേയം മറ്റു ഏഴു സിറ്റികള്‍ പാസ്സാക്കിയിരുന്നു.
