◼️രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം നാളെ മുതല്‍. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണമെന്ന് രാഷ്ട്രീയ കാര്യ സമിതി. ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി ആറു സമിതികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് പാര്‍ട്ടിയെ ശക്തമാക്കാനുള്ള നീക്കമാണ്. തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ നല്കിയ നിര്‍ദേശങ്ങളും ചര്‍ച്ചയാകും. ചിന്തന്‍ ശിബിരത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷയുടെ സൂര്യന് ഉദിച്ചുയരുമെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.
◼️വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എടുത്ത വായ്പ വിനിയോഗിച്ചതും തിരച്ചടച്ചതും അടക്കമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായി. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി പരിഗണിക്കണമെന്നാണു കേന്ദ്ര നിര്‍ദേശം. ഇത് അംഗീകരിക്കാതെ തയാറാക്കിയ കണക്കാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയത്.
◼️കേരളത്തില്‍ 2015 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 41 രാജ്യദ്രോഹക്കേസുകള്‍. 124 എ വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചതോടെ അന്വേഷണം പൂര്‍ത്തിയായ കേസുകളിലും കുറ്റപത്രം നല്കാന് പൊലീസിനു കഴിയില്ല. കേരളത്തില്‍ മാവോയിസ്റ്റുള്ക്കെതിരെയാണു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പിണറായി സര്‍ക്കാരിന്റെ രാജ്യദ്രോഹക്കുറ്റ കേസുകളില്‍ ഏറേയും തെളിവില്ലാതെ കോടതിയില്‍ പാളിപ്പോയിരുന്നു.
◼️ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ വന്‍ സ്വത്തു കണ്ട് അമ്പരന്ന് പോലീസ് ഉദ്യോഗസ്ഥര്‍. മുന്നൂറു കോടി രൂപയുടെ ആസ്ഥിയുണ്ടെന്നാണ് കണക്ക്. ഈ സാമ്പത്തിക വളര്‍ച്ച പത്തു വര്‍ഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് രണ്ടു കോടിയിലേറെ രൂപയ്ക്കാണ്. നിരവധി ആഡംബര വാഹനങ്ങളുമുണ്ട്. ഇത്രയേറെ സമ്പാദിച്ചത് എങ്ങനെയെന്നാണ് പോലീസിനെ അമ്പരപ്പിച്ചിരിക്കുന്നത്.
◼️വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന് അഷ്റഫിനെതിരെ പരാതിയുമായി മരിച്ച ബിസിനസ് പങ്കാളിയുടെ വീട്ടുകാര്‍. കോഴിക്കോട് മുക്കം മലയമ്മയിലെ ഹാരിസിന്റെ മരണം കൊലപാതകമെന്നാണ് പരാതി. 2020 മാര്‍ച്ചിലാണ് ഹാരിസിനെ അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസിന് ഷൈബിനില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് കുടുംബവും നാട്ടുകാരും പറയുന്നു.
◼️വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബത്തേരി സ്വദേശി നൗഷാദിനെ കോടതിയിലെത്തിച്ചു. കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം പൊലീസ് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികള്‍ മറ്റു രണ്ടു കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലാന്‍ പദ്ധതിയിട്ട് ഭിത്തിയില്‍ ഒട്ടിച്ച ചാര്‍ട്ടിന്റെ ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്. മുഖ്യ പ്രതി ഷൈബിന് അഷ്റഫിന്റെ ലാപ്ടോപില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.
◼️സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഇടുക്കിയിലും കാസര്‍കോടും യെല്ലോ അലര്‍ട്ട്.
◼️കൊച്ചി വെണ്ണലയില്‍ മത വിദ്വേഷ പ്രസംഗത്തിനു പി.സി. ജോര്‍ജ്ജിനെ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
◼️വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹനാസിനോട് അടിയന്തിരമായി ഹാജരാകണമെന്ന് അന്വേഷണസംഘം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പിയാണ് മെഹ്നാസിന്റെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മൊഴിയെടുക്കാനായി അന്വേഷണസംഘം കാസര്‍കോട്ടെ വീട്ടിലെത്തിയെങ്കിലും മെഹനാസിനെ കാണാനായില്ല. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി.
◼️നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിനു തെളിവുണ്ടോയെന്ന് പ്രോസിക്യൂഷനോടു കോടതി. നിഗമനങ്ങളും കഥകളുമായി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നു കോടതി ശാസിക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രോസിക്യൂഷന്റെ കൈയില്‍ എന്തെങ്കിലും തെളിവുണ്ടോയെന്നു കോടതി ചോദിച്ചു.
◼️പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊലക്കേസില്‍ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് ജിഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സഞ്ജിത് കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമേ സഞ്ജിത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തൂ.
◼️ആലപ്പുഴ മാന്നാര്‍ പരുമലയില്‍ മെട്രോ സില്‍ക്സ് തുണിക്കട കത്തിനശിച്ചു. രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്.
◼️കെഎസ്ആര്‍ടിസിയില്‍ ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ ട്രാന്‍സ്പോര്‍ട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിച്ചു.
◼️അഗതിമന്ദിരത്തിലെ അന്തേവാസികളെ മര്‍ദ്ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന് അറസ്റ്റില്‍. എരിക്കാവ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തുന്ന കായംകുളം പുളിവേലില്‍ പുത്തന്‍വീട്ടില്‍ സിറാജുദ്ദീനെ(46)യാണ് ഹരിപ്പാട് പോലീസ് അറസ്റ്റു ചെയ്തത്. ഇവിടെ 12 അന്തേവാസികളാണുള്ളത്.
◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് എന്‍എസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അനുഗ്രഹം തന്നെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം ജോ ജോസഫ് പറഞ്ഞു.
◼️വിലക്കുറവുള്ള മദ്യം കിട്ടാനില്ല. വില കൂടിയ മദ്യം വിറ്റ് മദ്യക്കമ്പനികള്‍ക്കും ബിവറേജസ് കോര്‍പറേഷനും ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. വിലക്കൂടുതലുള്ള മദ്യം കൂടുതലായി വിറ്റ ബെവ്കോയ്ക്ക് കഴിഞ്ഞ മാസം 440 കോടിയുടെ അധിക വരുമാനം ലഭിച്ചു. 1600 കോടിയാണ് കഴിഞ്ഞ മാസത്തെ ബെവ്കോയുടെ വിറ്റുവരവ്.
◼️വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍. കൊട്ടാരക്കര, മേലില സ്വദേശി അറുപതുകാരിയായ തുളസിയെയാണ് പൊലീസ് പിടികൂടിയത്. വിളവെടുക്കാന്‍ പാകമായ പത്തടി ഉയരമുള്ള ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്നത്.
◼️പെണ്‍കുട്ടികള്‍ തീപ്പന്തമായി കത്തിനില്‍ക്കുന്ന കാലമാണിതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. സമസ്ത വേദിയില്‍നിന്ന് പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ നല്ല മുന്നേറ്റം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
◼️പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികന് പിടിയിലായി. വ്യോമസേന സൈനികന് ദേവേന്ദ്ര ശര്‍മയെ ഡല്‍ഹി ക്രൈംബ്രാഞ്ചാണ് അറസ്റ്റു ചെയ്തത്. ഇയാളെ ഹണിട്രാപ്പില്‍ പെടുത്തി പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
◼️ഉത്തരകൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയില്‍ ഒമിക്രോണ്‍ വ്യാപനം. കിം ജോങ് ഉന്‍ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഉത്തര കൊറിയയില്‍ കോവിഡ് ബാധിച്ചതെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍, രണ്ടരക്കോടി ജനങ്ങള്‍ കഴിയുന്ന ഉത്തര കൊറിയയില്‍ നിരവധി പേര്‍ക്ക് ഇതിനകം കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം.
◼️പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ലണ്ടനിലെത്തി ജ്യേഷ്ഠനും പാക്കിസ്ഥാന് മുസ്ലിം ലീഗ് നേതാവുമായ നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളും ഏതാനും മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
◼️കുവൈറ്റില്‍ മദ്യനിര്‍മ്മാണശാല നടത്തിയ അഞ്ച് ഏഷ്യക്കാര്‍ അറസ്റ്റില്‍. വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 500 കന്നാസ് മദ്യവും ഇവ നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
◼️ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗ് സിംഗപ്പൂരിലെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ സ്ഥാപനമായ നോര്‍ത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എജ്യുക്കേഷനെ ഏറ്റെടുത്തു. ഏകദേശം 100 മില്യണ്‍ ഡോളറിനാണ് പുതിയ ഏറ്റെടുക്കല്‍. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 600 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ഗ്രേറ്റ് ലേണിംഗിനെ ബൈജൂസ് സ്വന്തമാക്കിയത്. എക്സിക്യൂട്ടീവ് വിദ്യാഭ്യാസ മേഖലയില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ബൈജൂസിന്റെ പുതിയ നിക്ഷേപമാണിത്. ഇപ്പോള്‍ 170-ലധികം രാജ്യങ്ങളില്‍ നിന്നായി നാല് ദശലക്ഷം പഠിതാക്കളാണുള്ളത്. മാര്‍ച്ചില്‍ 800 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് പ്രഖ്യാപിച്ചതിന് ശേഷം ബൈജൂസിന്റെ മൂല്യം 22 ബില്യണ്‍ ഡോളറാണ്.
◼️2022ലെ മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 143.93 ശതമാനത്തിന്റെ വര്‍ധനവാണ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. അറ്റാദായം 43.29 കോടി രൂപയില്‍നിന്ന് 105.60 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷം 54.73 കോടി രൂപയാണ് ഇസാഫിന്റെ അറ്റാദായം. നാലാം പാദ പ്രവര്‍ത്തന ലാഭം 174.99 ശതമാനം വര്‍ധിച്ച് 158.09 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 57.49 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 17.96 ശതമാനം വര്‍ധിച്ച് 491.84 കോടി രൂപയായി. മുന്‍ വര്‍ഷം 416.98 കോടി രൂപയായിരുന്നു ഇത്. നിക്ഷേപം 42.40 ശതമാനം വര്‍ധിച്ച് 12,815 കോടി രൂപയായി. വായ്പാ വിതരണം 44.15 ശതമാനം വര്‍ധിച്ച് 12,131 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 17425 കോടി രൂപയില്‍ നിന്നും 44.36 ശതമാനം വര്‍ധിച്ച് 25,156 കോടി രൂപയായി.
◼️തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. സിനിമാസ്വാദകരുടെ പ്രിതീക്ഷകള്‍ക്ക് മാറ്റ് കൂട്ടുന്ന തരത്തിലാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനും. മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആര്‍ആര്‍ആറിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെയ് 20ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സീ5 പ്ലാറ്റ്ഫോമില്‍ ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകള്‍ ലഭ്യമാകും. നെറ്റ്ഫ്ലിക്സിലൂടെയാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. 650 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളില്‍ തന്നെ ആയിരം കോടി കളക്ഷന്‍ നേടിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1133 കോടിയാണ് ഇതുവരെ ചിത്രം നേടിയത്.
◼️സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്’. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. സന്തോഷ് ശിവന്, അജില്‍ എസ് എം, സുരേഷ് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മെയ് 20ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രമെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ചിത്രത്തിലെ ‘കിം കിം’ എന്ന ഗാനവും ഏറെ തരംഗമായിരുന്നു. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്’. കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
◼️ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ബെനെല്ലി ലിയോണ്‍സിനോ 800, ലിയോണ്‍സിനോ 800 ട്രെയില്‍ എന്നിവയുടെ പരിഷ്കരിച്ച പതിപ്പിനെ അന്താരാഷ്ട്രതലത്തില്‍ അവതരിപ്പിച്ചു. ഈ ബൈക്കുകള്‍ക്ക് ഒരേ എഞ്ചിനും ഫ്രെയിമുകളും ലഭിക്കുന്നു. പക്ഷേ അവയെ വേറിട്ടു നിര്‍ത്തുന്ന ചില വ്യത്യാസങ്ങളുണ്ട്. ലിയോണ്‍സിനോ 800 ഒരു മിഡില്‍ വെയ്റ്റ് നേക്കഡ് മോഡലാണ്. അതേസമയം ലിയോണ്‍സിനോ 800 ട്രയല്‍ അടിസ്ഥാനപരമായി ഒരു സ്ക്രാംബ്ലറാണ്. ലിയോണ്‍സിനോ 800 ബെനെല്ലി ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞതായും 800 ട്രയലും ഉടന്‍ എത്തും.
◼️പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനമായ അവയവദാനം എന്ന ചിന്ത രൂപപ്പെട്ട സാഹചര്യവും അത് നേടിയെടുക്കാന്‍ താന്‍ താണ്ടിയ ദൂരങ്ങളും രേഖപ്പെടുത്തുന്നു. വൃക്കദാനത്തിലൂടെ താനനുഭവിച്ച ആത്മാനന്ദത്തെ വാക്കുകളിലേക്കാവാഹിക്കുമ്പോള്‍ ‘പാരിതോഷികം’ വായനക്കാരിലേക്കും ആനന്ദം പകരുന്നു. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പ്രതിസന്ധികളുണ്ടാകുമ്പോഴും തളരാതെ മുന്നേറാന്‍, നഷ്ടത്തെ നേട്ടമായി മാറ്റാന്‍ പ്രചോദനം നല്കുന്ന അനുഭവക്കുറിപ്പുകള്‍. മാതൃഭൂമി. വില 136 രൂപ.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 77.60, പൗണ്ട് – 94.61, യൂറോ – 81.50, സ്വിസ് ഫ്രാങ്ക് – 77.92, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.37, ബഹറിന്‍ ദിനാര്‍ – 205.87, കുവൈത്ത് ദിനാര്‍ -252.94, ഒമാനി റിയാല്‍ – 201.58, സൗദി റിയാല്‍ – 20.69, യു.എ.ഇ ദിര്‍ഹം – 21.13, ഖത്തര്‍ റിയാല്‍ – 21.31, കനേഡിയന്‍ ഡോളര്‍ – 59.57.