17.1 C
New York
Monday, November 29, 2021
Home Literature പോലീസും പ്രാവും കള്ളനും (കഥ)

പോലീസും പ്രാവും കള്ളനും (കഥ)

പത്തമ്പത് വർഷം മുമ്പ് നടന്ന ഒരു സംഭവകഥയാണിത്. വാർഷിക പരീക്ഷ അവസാനിക്കുന്ന അന്ന് ആ കോളനിയിലെ എല്ലാ കുട്ടികളും കൂടി ഒത്തു ചേർന്ന് ചില ദൃഢ തീരുമാനങ്ങൾ എടുക്കും. പെൺകുട്ടികളൊക്കെ മധ്യവേനലവധി തുടങ്ങി അവസാനിക്കുന്നതുവരെ രാവിലെ പള്ളിയിൽ പോകണം, അത് കഴിഞ്ഞു വന്ന് കവടികളി, ചീട്ട് കളി, സാറ്റ് കളി അതിലൊക്കെ ഏർപ്പെടാം.ആൺകുട്ടികൾ എല്ലാവരും കൂടി ചേർന്ന് ജിമ്മിൽ ചേരാൻ ഒരുങ്ങും. എല്ലാ പ്ലാനിങ്ങും പൂർത്തിയാക്കി മധ്യവേനലവധി തുടങ്ങുമ്പോൾ തന്നെ പ്ലാൻ ചെയ്തതു പോലെ ഒരാഴ്ച കാര്യങ്ങളൊക്കെ ഭംഗിയായി പോകും. പിന്നെ ഓരോരുത്തരായി കൊഴിഞ്ഞു കൊഴിഞ്ഞു ആരും ഇല്ലാതാകും.പലരും അമ്മ വീടുകളിലേക്ക് വിരുന്ന് പോകും, ജിമ്മിൽ പോയവർക്കൊക്കെ പനി, ജലദോഷം, തുമ്മൽ പിടിപെടും.

ഇന്നത്തെ പോലെ വീട് അടച്ചുപൂട്ടിയല്ല ആരും ഇരിക്കുന്നത്.രാവിലെ തന്നെ തുറക്കുന്ന മുൻവശത്തെ കതകുകളും പുറകുവശത്തെ കതകുകളും പിന്നെ രാത്രിയായിരിക്കും അടയ്‌ക്കുന്നത്. എല്ലാ വീടുകളിലും വിരുന്നുകാരും മക്കളും മരുമക്കളും കുട്ടികളുമൊക്കെയായി അമ്പതിൽ താഴെ ആളുകൾ ഉണ്ടാകും എപ്പോഴും. ജോലിക്കാരുടെ പട ഒരുവശത്ത്, പറമ്പിലെ ജോലിക്കാർ മറ്റൊരു ഭാഗത്ത്. ഭക്ഷണം പാചകം ചെയ്യുന്നത് ഒക്കെ വലിയ ഉരുളികളിലാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം അവിടത്തെ പ്രശസ്തമായ ഒരു തറവാടായിരുന്ന ചിറ്റിലപ്പിള്ളി മാന്ഷനിൽ (അറയും പെരയും 12 ബെഡ് റൂമുകളോടു കൂടിയ വലിയ ഒരു വീടായിരുന്നു അത്) രാത്രി രണ്ട് വണ്ടി പോലീസ് എത്തിയിരിക്കുന്നു. ലാത്തിയും ചുഴറ്റി കൊണ്ട് എട്ടു പത്തു പോലീസുകാർ. ചുമ്മാരേട്ടൻറെ വീടിൻറെ തട്ടുംപുറത്ത് കള്ളൻ കയറി ഒളിച്ചിരിക്കുന്നു.അവനെ പിടിക്കാനായി അദ്ദേഹം തന്നെ വിളിച്ചു വരുത്തിയതാണ്. മുതിർന്നവരൊക്ക ആ വീട്ടിൽ ഒത്തു കൂടിയിട്ടുണ്ട്. കാരണവരായ ചുമ്മാരേട്ടൻ കിടന്നുറങ്ങുമ്പോൾ മുഖത്തേക്ക് വെള്ളം വന്നുവീണു. നോക്കിയപ്പോൾ മച്ചിൽ ആരോ ഓടുന്ന ശബ്ദം കേട്ടു. വീടിനകത്തുനിന്ന് മച്ചിലേക്ക് കയറാനുള്ള ഇരുമ്പു കോണി വെച്ച് പലക മാറ്റി കള്ളനെ കയ്യോടെ പിടിക്കാൻ ആണ് എട്ടു പത്തു പൊലീസുകാർ എത്തിയിരിക്കുന്നത്. കൊയ്ത്തു കഴിയുമ്പോൾ, ആ സമയത്ത് മാത്രം ഉപയോഗിക്കുന്ന നെല്ലു പുഴുങ്ങാനുള്ള വലിയ അണ്ടാവുകൾ, കൊട്ട, മുറം ഇവയൊക്കെ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് മച്ച്. പോലീസുകാർ മച്ചി ലേക്കുള്ള പലക മാറ്റിയതും ഒരു 10-200 പ്രാവുകൾ അതിന് അകത്തു നിന്ന് പുറത്തേക്ക് പ്രാണ രക്ഷാർത്ഥം പറക്കുന്നു. കള്ളനെ പിടിക്കാൻ ചെന്ന പോലീസുകാരും വീട്ടുകാരും അന്തംവിട്ടു. ഇതെന്തു മായം. പോലീസുകാർ മച്ചിനകത്തു കയറിയപ്പോൾ വലിയ ചട്ടികളിൽ പ്രാവുകൾക്ക് കുടിക്കാനുള്ള വെള്ളവും തിന്നാൻ നെല്ലും ഒക്കെ വച്ചു കൊടുത്തിട്ടുണ്ട്. ഇതിനക ത്ത് ആരോ കയറിയിട്ടുണ്ട് എന്ന് അവർക്ക് ബോധ്യപ്പെട്ടു. ആരാണ് ഇവർക്ക് തിന്നാനും കുടിക്കാനും ചട്ടികൾ ഒക്കെ വച്ചു കൊടുത്തിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ വീട്ടുകാർ കൈമലർത്തി. വീട്ടിലുള്ള എല്ലാവരോടും വരാൻ പറഞ്ഞു പോലീസ്. ഉറങ്ങിയ കുട്ടികളെയൊക്ക വിളിച്ചു ഉണർത്താൻ പറഞ്ഞു പോലീസ്. അപ്പോഴാണ് ആ വീട്ടമ്മ പറയുന്നത് അന്ന് വൈകുന്നേരം അവരുടെ വീട്ടിൽ നിന്ന് മുത്തച്ഛൻ വന്ന് അവിടെയുള്ള 8 മക്കളെയും അങ്ങോട്ട് കൊണ്ടു പോയിരിക്കുകയാണ്, അവർ ഇനി ഒരാഴ്ച കഴിഞ്ഞേ വരുകയുള്ളു എന്ന്. ഏതായാലും കള്ളനെ പിടിക്കാൻ വന്ന പോലീസ് ഒന്ന് രണ്ടു വലിയ പ്രാവുകളെ കറി വെച്ച് തിന്നാം എന്ന് കരുതി അതിനെ പിടിച്ചുകൊണ്ടുപോയി. ബാക്കിയുള്ളവ പറന്നും പോയി.

ഈ കുട്ടികൾ പോയതോടെ ഇവരെ അന്വേഷിച്ചുള്ള ഇവരുടെ കൂട്ടുകാരുടെ വരവും നിന്നു. ഒരാഴ്ച മുഴുവൻ എല്ലാവരും കിടന്നുറങ്ങുമ്പോൾ ദൈവമേ മച്ചിൻ പുറത്ത് കള്ളൻ ഉണ്ടോ എന്തോ, എന്നാലും ഇതിനുമാത്രം പ്രാവുകൾ വന്ന് അതിനകത്ത് എങ്ങനെ കയറി എന്നൊക്കെയുള്ള ചർച്ചകളായിരുന്നു അമ്മായിമാരും നാത്തൂന്മാരും.

ഒരാഴ്ച കഴിഞ്ഞു അമ്മ വീട്ടിൽ വിരുന്നു പോയ മക്കളൊക്കെ തിരിച്ചു വീട്ടിലെത്തി. ഇവർ പോയ അന്ന് ഇവിടെ നടന്ന സംഭവങ്ങൾ ഒക്കെ എല്ലാവരും കൂടി ഇവരോട് പറഞ്ഞു. അപ്പോഴാണ് യഥാർത്ഥ സംഭവം എല്ലാവരും അറിയുന്നത്.

കോളനിയുടെ അങ്ങേ അറ്റത്തുള്ള ഒരു വീട് വിറ്റ് അവരൊക്കെ പോയപ്പോൾ അവർക്ക് അവിടെ വലിയ ഒരു പ്രാവിൻകൂട് ഉണ്ടായിരുന്നു.അവരുടെ പശു, കോഴി ആടുമാടുകൾ അതിനെയൊക്കെ അവർ കച്ചവടമാക്കിയിരുന്നു. ഈ പ്രാവുകളെ വേണമെങ്കിൽ നിങ്ങൾ ഫ്രീയായിട്ട് എടുത്തോ എന്ന് പറഞ്ഞിരുന്നു. പത്തിരുപത് ആൺകുട്ടികൾ അവരവർക്ക് വേണ്ട പ്രാവുകളെ അവർ തന്നെ സെലക്ട് ചെയ്ത് ഓരോ കാർഡ്ബോർഡ് പെട്ടിയിലാക്കി എടുത്തു. അന്ന്കാലത്ത് റെഡിമെയ്ഡായി പ്രാവിന്റെ കൂട് ഒന്നും വാങ്ങിക്കാൻ കിട്ടില്ല. ആവശ്യക്കാർ വീട്ടിൽ ആശാരിയെ വിളിച്ച് കൂട് ഉണ്ടാക്കണം. എല്ലാവരും കൂടി പ്ലാൻ ചെയ്തു, ചിറ്റിലപ്പള്ളിയുടെ മച്ചിലേക്ക് തത്കാലം ഇവയെ കയറ്റി വിടാം. തട്ടിനും ഓടിനും ഇടയിലുള്ള സ്ഥലത്ത് നിന്നു പുറത്തേക്ക് ഉള്ള ചെറിയ വിടവുകൾ മരപ്പട്ടിയെ പേടിച്ച് ചെറുതായി അടച്ചു വച്ചിരുന്നു. എല്ലാവരും വീട്ടിൽ ചെന്ന് അനുവാദം വാങ്ങി കിളിക്കൂട് ഉണ്ടാക്കുന്നത് വരെ ഇവർ ഇവിടെ കിടക്കട്ടെ എന്ന്. അങ്ങനെ എല്ലാവരും കൂടി പ്രാവുകളെ മച്ചിലേക്ക് കയറ്റി വിട്ടു. അന്ന് വൈകുന്നേരമാണ് അവരുടെ മുത്തച്ചൻ വന്നു ആ വീട്ടിലെ കുട്ടികളെ ഒക്കെ അമ്മ വീട്ടിലേക്ക് കൊണ്ടുപോയത്.

കുട്ടികൾ എല്ലാവരും കൂടി ഇരുമ്പു കോണി വെച്ച് മച്ചിലേക്കുള്ള പലക തുറന്ന് ഒരാഴ്ചത്തേക്ക് ഇവർക്ക് കുടിക്കാനും കഴിക്കാനും ഉള്ള നെല്ലും വെള്ളവുമൊക്കെ കൊച്ചുകൊച്ചു ചട്ടികളിൽ ആക്കി വെച്ചു കൊടുത്തിട്ടാണ് പോയതത്രേ.അത് ഇത്ര വലിയ ഭൂകമ്പം ആകുമെന്ന് കുട്ടികളും കരുതിയില്ല.

പ്രാവ് വളർത്തൽ തുടങ്ങണം എന്നുള്ള കുട്ടികളുടെ തീരുമാനം മുളയിലേ നുള്ളേണ്ടി വന്നു. ജിമ്മിൽ പോക്കും പള്ളിയിൽ പോക്കും പോലെ തന്നെ ആരംഭ ശൂരത്വo കാണിക്കാനുള്ള അവസരം പോലും നഷ്ടമായി. പോലീസ് വന്ന രാത്രി അവർ അവിടെ ഉണ്ടായിരുന്നുവെങ്കിൽ പോലീസിന്റെ ലാത്തിയെക്കാൾ ഭീകരമായ ചൂരൽ പഴം ചുമ്മാരേട്ടന്റെ കയ്യിൽ നിന്നു കിട്ടിയേനെ.

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: