പെൺകുട്ടികൾ മറ്റൊരാളെ സ്നേഹിച്ചു വിശ്വസിച്ചിട്ടുണ്ടെങ്കിൽ അതിനു പുറകിൽ അവരുടെ അരക്ഷിതാവസ്ഥയാണു. ഇങ്ങനെ ഇറങ്ങിപ്പോകുന്ന പെൺകുട്ടികളുടെ കുടുംബപശ്ചാത്തലം നോക്കുമ്പോൾ നല്ലൊരു വിഭാഗം പെൺകുട്ടികളും നല്ല സാമ്പത്തിക സുരക്ഷിതത്വം ഉള്ള വീട്ടിലായിരിക്കും പക്ഷേ അവർക്ക് അവിടെ അരക്ഷിതമായ അവസ്ഥ അനുഭവിക്കുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. മിക്ക വീടുകളിലെയും
ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള പ്രശ്നം അവരുടെ മക്കളുടെ മാനസികനിലയെ നന്നായി ബാധിക്കുന്നു എന്നതിൻറെ ഉദാഹരണമാണ് ഇത്തരം ഇറങ്ങിപ്പോക്ക്.
നമ്മുടെ കുടുംബങ്ങളിലൊക്കെ ഒരു തരത്തിലല്ലെങ്കിൽ , അല്ലെങ്കിൽ വേറെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം, അമ്മയിയമ്മ മരുമകൾ പ്രശ്നം, നാത്തൂൻ പോര്, സാമ്പത്തിക പ്രശ്നം, അയൽവാസികൾ തമ്മിലുള്ള തർക്കം ഇങ്ങനെ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഇതൊക്കെ പലതരത്തിൽ കുട്ടികളുടെ മനസിനെ ബാധിക്കും.
ഞങ്ങളുടെ വീടിനടുത്ത് രണ്ടുമൂന്നു പെൺകുട്ടികൾ ഇങ്ങനെ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങി പോയിട്ടുണ്ട്. അവരുടെയൊക്കെ കുടുംബപാശ്ചാസ്ഥലം എടുത്തുനോക്കിയാൽ അറിയാം ആ കുട്ടികൾ എത്രത്തോളം അവിടെ അരക്ഷിതരായിരുന്നു വെന്ന്. അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യ പൊരുത്തമില്ലായ്മ, അച്ഛൻ വേറൊരു സ്ത്രീയുമായി അവിഹിതബന്ധം. അതിന്റെ പേരിൽ എന്നും വഴക്കും വക്കാണവും. ആ പെൺകുട്ടിക്ക് പഠിക്കാനോ, സ്വസ്ഥമായിരിക്കാനോ കഴിയുന്നില്ല. അവൾക്ക് കൂട്ടായി വന്നത് അവനാണ് അവനെ അവൾ സ്നേഹിച്ചു പ്രണയിച്ചു ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു ആരാണ് കുറ്റക്കാർ?
മറ്റൊരു പെൺകുട്ടിയുടെ അച്ഛൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണു രാത്രിയാവുന്നതു ഈ കുട്ടിക്ക് പേടിയാണ് അച്ഛൻ മദ്യപിച്ചു വന്നു അടിയും ബഹളവും. ഇവിടെ എവിടെയാണ് ആ കുട്ടിക്ക് സമാധാനം. അപ്പൊ അതു കിട്ടുന്നിടത്തേക്ക് അവൾ ചായും സ്വാഭാവികം.
അതുപോലെ അമ്മ മരിച്ചു രണ്ടാനമ്മയുടെ കീഴിൽ ജീവിക്കേണ്ടി വരുന്നവർ. ഇവരുടെ ജീവിതത്തിലും ആരെങ്കിലും ചേർത്തു പിടിച്ചാൽ അവർ അവരുടെ കൂടെ പോകും. അച്ഛനും അമ്മയും ബാങ്ക് ഉദ്യോഗസ്ഥർ അവർ തമ്മിലുള്ള ഈഗോ അതാണ് ഒരു കുട്ടിയെ അത്രയും ചെറുപ്പത്തിൽ ഒരു കൂട്ടു തേടാൻ പ്രേരിപ്പിച്ചതു.അതുമല്ലെങ്കിൽ സാമ്പത്തികമായി സുരക്ഷയില്ലാത്ത വീടുകൾ അവിടെയും അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ കുടുംബ പ്രശ്നങ്ങളാണ് അവരെ ഇതിലേക്ക് നയിക്കുന്നത്. ഇങ്ങനെ കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർക്ക് തണൽ ആവാനും അവർക്ക് അവരുടെ പ്രശ്നങ്ങൾ പറയാനും അവർക്കൊരു കൂട്ടുകാരായി കൂടെ ഉണ്ടാവും പിന്നീട് അത് വളർന്ന് പ്രണയമായി പിന്നെ അവർ ആ പ്രണയത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്.
ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ പരമാവധി ശ്രദ്ധിക്കണം. നമ്മുടെ മാതാപിതാക്കളുടെ ശ്രദ്ധ നമ്മുടെ മക്കൾക്ക് നമ്മൾ വേണ്ടത്ര കൊടുക്കണം.അവരെ
ശ്രദ്ധിക്കാത്തതരത്തിലുള്ള കുടുംബം അവരിലേക്ക് അപകർഷതാബോധം സൃഷ്ടിക്കുകയും, അതിന്റെ ഫലമായി അവർ അവർക്കു അനുയോജ്യമായ കാര്യങ്ങൾ തേടുകയും ചെയ്യും. അങ്ങനെ ആകുമ്പോൾ അവർ ചേർത്തുപിടിക്കുന്ന ആ കൈകളെ മാത്രമേ നൊക്കൂ. അതിനപ്പുറത്തേക്ക് അവന്റെ ജാതിയോ മതമോ, ജോലിയോ ഒന്നും അവർക്കു പ്രശ്നം അല്ല. വീട്ടിലെ ഒറ്റപ്പെടലും ഏകാന്തതയും മറക്കാൻ ഒരു കൂട്ട് അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും, പരിഭവങ്ങളും കേൾക്കാൻ ഒരാൾ, അതിനപ്പുറത്തേക്ക് അതു ഉൾകൊള്ളാൻ കഴിയുന്ന ഒരാൾ, ചേർത്തു പിടിക്കാൻ കഴിയുന്നയാൾ അതാണ് അവർക്കാവശ്യം.
നമ്മുടെ മക്കൾക്കൊ സ്നേഹവും പരിഗണനയും വഴികാട്ടിയും കൊടുക്കേണ്ട ഒരു സമയമാണ് കൗമാരം.ആ സമയം അവരുടെ ജീവിതത്തിലെ വഴിതിരിവാണ്. അവരെ മനസ്സിലെക്കു നല്ല ചിന്തകൾ, അറിവുകൾ പകർന്നു കൊടുക്കണം. അവരെ അവരുടെ ഭാവിയിലേക്കുള്ള പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടണം.
അതിന് നമ്മൾ തന്നെ ശ്രമിക്കണം അല്ലെങ്കിൽ അവരുടെ മനസ് ഏതു വഴിക്കാണോ ചായുന്നത് ആ വഴിക്ക് അവർ പോയിരിക്കും. അതുപോലെ കൗമാര കാലത്തിൽ അവർക്ക് തോന്നുന്ന പ്രണയം അതൊരു വെറും ഒരു കൗതുകമാണെന്നും
പറഞ്ഞു മനസ്സിലാക്കാനും ആ കൗതുകത്തെ വളർത്താതിരിക്കാനും നമുക്ക് കഴിയണം. അവരുടെ പഠനവും നല്ലൊരു ജീവിതം നിലവാരവും ഉണ്ടാക്കിക്കൊടുക്കാൻ മാതാപിതാക്കളാണ് ശ്രമിക്കേണ്ടത്.ഇങ്ങനെ മാതാപിതാക്കളുടെ ഇടപെടൽ ഇല്ലെങ്കിൽ ഉറപ്പാണ് ആ കുട്ടികൾ വഴിതെറ്റി സഞ്ചരിക്കുമെന്ന്.
പല പെൺകുട്ടികളും പല ലഹരിയുടെയും, നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്കു കടക്കുന്നതിനും ഇത്തരമൊരു കുടുംബപശ്ചാത്തലം കാരണമാകുന്നു. പിന്നെ സിനിമകളും, സീരിയലുകളും, സോഷ്യൽ മീഡിയകളും, പരസ്യങ്ങളും നമ്മുടെ മക്കളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മൾ ശ്രദ്ധിച്ചാലും ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗവും, തെറ്റായ സന്ദേശങ്ങളും, തെറ്റായ കാഴ്ചകളും നമ്മുടെ മക്കളെ 100% വഴിതെറ്റിക്കാൻ പോന്നതാണ് അതുകൊണ്ട് അത്തരം കാര്യങ്ങളും നിയന്ത്രിച്ച് നിർത്തുന്ന തരത്തിലുള്ള നടപടികൾ ആവശ്യമാണ്.
കുട്ടികൾക്ക് മാനസികമായ ഉല്ലാസത്തിനും, സന്തോഷത്തിനും മാതാപിതാക്കൾ ആണ് അവസരം ഒരുക്കേണ്ടത്.അവരുടെ പ്രശ്നങ്ങളും, കുഞ്ഞുകുഞ്ഞു നുറുങ്ങുകളും, പരാതികളും, വിശേഷങ്ങളും കേൾക്കാനുള്ള ഒരു മനസ്സ് നമ്മുടെ മാതാപിതാക്കൾ കാണിക്കണം.
എന്റെയൊക്കെ കാലഘട്ടത്തിൽ ഞാൻ സ്കൂൾ വിട്ടുവരുമ്പോൾ എന്റെയും അനിയത്തിമാരുടെയും വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കാൻ അമ്മയും മുത്തശ്ശിയും ഉണ്ടാവും. അമ്മ അടുക്കളയിൽ തിരക്കാണെങ്കിലും അച്ഛമ്മ എല്ലാം കേൾക്കും. എല്ലാ വിശേഷങ്ങളും പങ്കുവെച്ച് അമ്മയോട് തുറന്നു പറയും. അമ്മ ഒരിക്കലും ഞങ്ങളുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ദേഷ്യത്തോടെ സമീപിച്ചിട്ടില്ല.ഞങ്ങളുടെ കുസൃതിയിലും വളർച്ചയിലും കൂട്ടായി എപ്പോഴും പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കിതന്നു കൂടെ നിന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ധൈര്യമായി അമ്മയോട് എന്തും പറയാം. എൻറെ ഏറ്റവും നല്ല കൂട്ടുകാരികൾ എൻറെ അമ്മയും അച്ഛമ്മയുമാണ്. നമ്മുടെ മക്കൾക്ക് ഒക്കെ നമ്മൾ ആയിരിക്കണം ഏറ്റവും നല്ല കൂട്ടുകാർ അവർക്ക് പറയാനുള്ളത് പേടിയില്ലാതെ സ്നേഹത്തോടെ ഒരു കൂട്ടുകാരികളോട് സംസാരിക്കാൻ പറ്റുന്ന രീതിയിലുള്ള സംസാരം നമുക്കിടയിൽ വളർത്തിയെടുക്കണം അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് എല്ലാം തുറന്നു പറയാനും പേടികൂടാതെ അവതരിപ്പിക്കാനും കഴിയൂ.
ഓരോ പെൺകുട്ടിയുടെയും സ്വപ്നങ്ങൾ പലതരത്തിൽ ആണ്. ആ സ്വപ്‌നങ്ങൾക്കു ചിറകുകൾ വിടർത്തേണ്ടത് മാതാപിതാക്കൾ ആണ്. അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞു അവരെ സ്വാതന്ത്ര്യത്തോടെ വളർത്തുക. പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാനും, നോ പറയേണ്ടിടത്തു അതുപറയാനും പഠിപ്പിക്കണം. പെണ്മക്കളെ ഉള്ളിലും പുറത്തും ഒരുപോലെ കരുത്തുപകർന്നു കൊടുക്കണം. വിവാഹം അവർക്കു ആവശ്യമുള്ളപ്പോൾ അവരുടെ ഇഷ്ടപങ്കാളിയെ തെരെഞ്ഞെടുത്തു നടത്തണം. പെണ്മക്കൾ ഭാവി കൾ മാത്രം അല്ല മറ്റൊരു ഭാവിതലമുറയെ വളർത്തേണ്ടവർ ആണ്. കരുത്താർജിക്കട്ടെ അവർ…
സുബി വാസു, നിലമ്പൂർ ✍
നന്നായിട്ടുണ്ട്. ആശംസകൾ
സ്നേഹം ചേച്ചി