17.1 C
New York
Wednesday, December 1, 2021
Home Literature "പെണ്ണെന്നതിനാൽ" (ഗദ്യ കവിതയുടെ ആസ്വാദനം)

“പെണ്ണെന്നതിനാൽ” (ഗദ്യ കവിതയുടെ ആസ്വാദനം)

രചന: ബൈജു തെക്കുംപുറത്ത്
ആസ്വാദനം: അഞ്ജന സുനിൽ

മലയാളി മനസ്സ് – ഓൺലൈൻ പത്രത്തിലെ നല്ലവരായ എല്ലാ വായനക്കാർക്കും എന്റെ സ്നേഹാശംസകൾ . 🙏🌹

മലയാളി മനസ്സ് ഓൺ ലൈൻ പത്രത്തിലെ അംഗവും എഴുത്തുകാരനുമായ ശ്രീ. ബൈജു തെക്കുംപുറത്തിന്റെ “പെണ്ണെന്നതിനാൽ” എന്ന ഗദ്യകവിതയുടെ ആസ്വാദനുമായിട്ടാണ് ഞാനിവിടെ വന്നിരിക്കുന്നത്.

” സൗഹൃദത്തോളം
സ്നേഹം പകരുവാൻ
ആവുമോ മറ്റൊരു
സ്നേഹത്തിനീ ഭൂവിൽ ?”

ശ്രീ. ബൈജു തെക്കുംപുറത്തിന്റെ മുഖ “പുസ്തകത്തിലെ പ്രിയമാം സൗഹൃദങ്ങൾ ” എന്ന കവിതയിലെ ഭാഗമാണീ വരികൾ. സൗഹൃദ ബന്ധങ്ങളിലെ ആത്മചൈതന്യം ഈ വരികളിൽ നിറഞ്ഞു നില്ക്കുന്നു.

വിവിധ സാഹിത്യ വേദികളിലായി നിരവധി അദ്ധ്യാപകശ്രേഷ്ഠർ അംഗങ്ങളായിട്ടുണ്ട്. അവരിൽ നിന്നെല്ലാം അദ്ധ്യാപകനായ ഈ സാഹിത്യകാരനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും രചനാ മികവും അവരിലേക്ക് പകർന്നു കൊടുക്കുന്ന തെറ്റുകുറ്റങ്ങളിലെ ശരികളുമാണ്.

പ്രിയ കവിയുടെ രചനകളിലൂടെ സഞ്ചരിക്കുമ്പോൾ കവിതയുടെ ഭാവതലങ്ങൾ വളരെ വ്യത്യസ്തമെന്ന് മനസ്സിലാകും.
🍁നഷ്ടമായ കാലം – എന്ന കവിതയിൽ ഈ കോവിഡ് കാലത്ത് നഷ്ടമായ സ്കൂൾ ജീവിതത്തിൽ കുട്ടികളുടെ വേദനകളും വ്യസനങ്ങളും അദ്ദേഹത്തിന്റെ മനസ്സിലൂടെ നമ്മുടേയും നോവാകുന്നു.

🍁മുത്തപ്പൻ കാവിലെ ഉത്സവമാണേ – അതിമനോഹരമായ ഈ നാടൻപാട്ടിലൂടെ താലമേന്തിയ കന്യകയെയും താലപ്പൊലിയും വാദ്യമേളങ്ങളും ഉത്സവവും കൺമുമ്പിൽ ദൃശ്യമാക്കി.

🍁 ഓർക്കുവാനെത്ര മധുരമിന്നും – എന്ന ഗസലിലൂടെ കാണാമറയത്തെ ഓർമ്മകളിലൂടെ ഒഴുകി വരുന്ന പ്രണയത്തെ സുന്ദരമാക്കുന്നു.

🍁തെയ്യത്തേങ്കു തുടിയറവാൻ – എന്ന അതിമനോഹരമായ കവിതയിൽ വയനാടൻ മണ്ണിന്റെ ഗരിമയോടൊപ്പം പരസ്പര സ്നേഹമെന്തെന്ന് മനസ്സിലാക്കി തരുന്നു. അതോടൊപ്പം ബൈജു തെക്കുംപുറത്തെന്ന മനുഷ്യന്റെ നന്മ നിറഞ്ഞ മനസ്സിൽ 37-വയസ്സു വരെ മാത്രം ആയുസ്സുണ്ടായിരുന്ന ഉറ്റ സുഹൃത്തായ താണ ജാതിക്കാരൻ പണിയക്കുടി വിഭാഗത്തിലെ മാധവന്റെ വിയോഗം തീർത്ത വേദനയുമാണ് ആ കവിതയുടെ മാറ്റ് കൂട്ടുന്നത്. അതിനെല്ലാമുപരിയായി പണിയ ഭാഷയും നമ്മേ പരിചയപ്പെടുത്തുന്നു.

🍁കാറ്റിനോട് – മഴയോട് – മണ്ണിനോട് – ഈ കവിതയിൽ പ്രകൃതിയെ വളരെയധികം സ്നേഹിച്ച മനുഷ്യരെ തന്നെ പ്രകൃതി തിരിച്ചെടുക്കുമ്പോൾ അവർക്കുണ്ടായ സങ്കടങ്ങൾ അവരിലൂടെ കവി നോക്കി കാണുന്നു.
ഈ കവിതകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഹാസ്യത്തിന്റെ സ്പർശനത്തോടെ എഴുതിയ രചന

🍁കുഞ്ഞൂട്ടൻ – പഠിക്കാൻ ഇഷ്ടമില്ലാത്ത പുട്ടുറുമീസ് കുഞ്ഞൂട്ടൻ 10-ാം ക്ലാസ്സ് പരീക്ഷയിൽ കറക്കിക്കുത്തിയും , അനുഭവ പാഠങ്ങളിൽ നിന്നും, ചോദ്യങ്ങൾ തിരിച്ചും മറിച്ചുമൊക്കെ എഴുതി അല്പം കരുണയുള്ള അദ്ധ്യാപകരുടെ സഹായത്താൽ ആരും പ്രതീക്ഷിക്കാത്ത വിജയത്തിൽ ഗമയിലങ്ങനെ അച്ഛനെ നോക്കുന്നു. ഈ ഹാസ്യ കവിതയിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും കുഞ്ഞൂട്ടന്റെ നിഷ്കളങ്കമായ ചിരിയേ കവി വാനോളം പുകഴ്ത്തുന്നു. നമ്മിലും ചിരി പടർത്തുന്നു.

“പെണ്ണെന്നതിനാൽ” എന്ന ഗദ്യകവിത ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഈ രചനയിൽ പെണ്ണിലെ സ്വഭാവ ഗുണങ്ങളല്ല മറിച്ച് പെണ്ണെന്ന ഭാവത്തെയാണ് പെണ്ണിലെ സവിശേഷതകളെയാണ് പ്രിയ കവി അതി വിദഗ്‌ധമായി വർണ്ണിച്ചിരിക്കുന്നത്.

കാലവും കടന്നുവന്ന തലമുറകളും മാറ്റി നിർത്തപ്പെട്ട പെണ്ണിന്റെ സൗന്ദര്യം വർണ്ണിക്കുവാൻ കവികളുടെ പേനതുമ്പിലെ അക്ഷയ പാത്രം പോലെ മഷി ജന്‌മാന്തരങ്ങളോളം വറ്റാതെ പോകുന്നു. ഇവിടെ പ്രിയപ്പെട്ട കവിയുടെ ഹൃദയത്തിലെ മഷികുപ്പികളും നിറഞ്ഞു തുളുമ്പുക തന്നെ ചെയ്യുന്നു നാടൻ പാട്ടിലൂടെ, ഗസൽപ്പെരുമഴയിലൂടെ, അതിസുന്ദരങ്ങളാം കാവ്യങ്ങളിലൂടെ.. പിന്നെയും കവിയുടെ വിരൽ തുമ്പിൽ വിടരുന്നു പെണ്ണിന്റെ ദൈന്യതയാർന്ന മുഖങ്ങൾ, ജന്മങ്ങൾ. അനപത്യദു:ഖത്താൽ കേഴുന്ന പെണ്ണിന്റെ ദു:ഖങ്ങളും വായനക്കാരിൽ നിറയ്ക്കുന്നു. പെണ്ണെന്ന പ്രണയത്തിന്റെ അവാച്യമാം അനുഭൂതികൾ അനർഗ്ഗളമൊഴുകുന്നു അതി സുന്ദരമാം അക്ഷരങ്ങളിലൂടെ..

സൗഹൃദത്തിന്റെ , വിരഹത്തിന്റെ തീനാളങ്ങൾ കോരിയിടുവാനും ആണെന്ന ഹൃദയത്തിൽ സ്നേഹത്തിന്റെ തേൻമഴ പൊഴിക്കുവാനും വേദനകളുടെ ഉമിത്തീ നാളങ്ങൾ ആ മനസ്സിൽ സൃഷ്ടിക്കുവാനും അതിർ വരമ്പുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട പെണ്ണിനാവുമെന്നതും പരമാർത്ഥമാണ്.
എന്നാലോ ദുഷ്ടതയുടെ കുടിലതയുടെ പര്യായപദവും പെണ്ണെന്നത് യാഥാർത്ഥ്യമാണ്.

ഏത് വേദനയും സങ്കടങ്ങളും സഹിക്കുവാനുള്ള പെണ്ണിന്റെ മനക്കരുത്തിനു മുൻപിൽ പ്രകൃതി പോലും സാഷ്ടാംഗം നമിക്കും.

പാതിരാത്രികളിൽ ഒറ്റയ്ക്ക് നടന്നാലും ഏത് കൊടുമുടിയുടെ അറ്റത്ത് വിരൽ തൊട്ടാലും പെണ്ണ് ഒരിക്കലും ആണാകുന്നില്ല. പെണ്ണിന്റെ മനസ്സലിവോളം കരുണക്കടൽ ഭൂമിയിൽ എവിടെയുണ്ട്? അതുപോലെ സങ്കടങ്ങളുടെ ദൈന്യതകളുടെ കണ്ണീർക്കടലും ഒരിയ്ക്കലും വറ്റിവരണ്ടുണങ്ങുകില്ല പെണ്ണിൽ .
പെണ്ണിൽ സൃഷ്ടിയുണ്ടെങ്കിൽ നാശത്തിന്റെ ഹേതുവും പെണ്ണിൽ തന്നെ അടങ്ങിയിരിക്കുന്നു.

ഭൂമിയിൽ ജീവനായ് സൃഷ്ടിക്കപ്പെട്ട വേളയിൽ ആണെന്നും പെണ്ണെന്നുമുള്ള വേർതിരിവ് എത്ര മഹത്തരമാണ്. ആ വേർതിരിവ് ജീവന്റെ നിലനില്പിന് ആധാരം. ജോലിയിടങ്ങളിലും മാന്യരായ ഉദ്യോഗസ്ഥരിൽ നിന്നും സ്വന്തം വീട്ടിൽ നിന്ന് പോലും പീഡനമേല്ക്കേണ്ടി വരുന്ന പെണ്ണിന് രാത്രിയിലെ ഇടവഴികളിൽ, പൊതു വഴികളിൽ കൂട്ടിന് സഹയാത്രികർ മാത്രമാണോ? ലഹരി ഉൾപ്പെടെ വിവരക്കേടും കാടത്തം നിറഞ്ഞവരും സമൂഹത്തിലുണ്ടെന്ന തിരിച്ചറിവുണ്ടെങ്കിൽ രാത്രി സഞ്ചാരത്തിനു വേണ്ടി പെണ്ണ് നിലവിളിക്കുമോ?

സ്ത്രീകൾ നടന്നുകയറേണ്ടത് രാത്രിയിൽ ഉണർന്നിരിക്കുന്ന നിരത്തുകളിലേക്കല്ല മനസ്സിലെ ജ്ഞാന ബോധത്തിന്റേയും ദയാദാക്ഷിണ്യത്തിന്റേയും പടവുകളിലേക്കാണ്. അപ്പോൾ രാത്രി നിരത്തുകൾ പെണ്ണിനായി താനേ തുറക്കപ്പെടും. നടക്കാം ഭയാശങ്കകൾ ഒട്ടുമില്ലാതെ.

ആണിലെ നന്മയും തിൻമയും അറിയുക എന്നതും പെണ്ണിന്റെ വിജയമാണ്.

ശ്രീ. ബൈജു തെക്കുംപുറത്തിന്റെ ഹൃദ്യമായ രചനകൾ മൊഴിമുറ്റം പോലുള്ള സാഹിത്യ വേദികൾ പുറത്തിറക്കിയ പുസ്തകങ്ങളിലും മാതൃധ്വനി മാസികയിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. മൗനത്തിന്റെ വേരുകൾ തേടി എന്ന കവിതാ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.

പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ അദ്ദേഹത്തിന്റെ ഭാര്യ – ദീപ, മക്കൾ – ആൻ ഹന്ന , ബേസിൽ, ഇമ്മാനുവേൽ .

എന്റെ വാക്കുകൾ ഇത്രയധികം ദൈർഘ്യമായതിൽ ക്ഷമ ചോദിക്കുന്നു. ഗദ്യ കവിതയും അതിന്റെ രചയിതാവും അത്രയേറെ പ്രാധാന്യമർഹിക്കപ്പെടുന്നു. അതുകൊണ്ട് സ്നേഹം നിറഞ്ഞ വായനക്കാർ ദയവായി ഇതു തീരുവോളം വായിക്കണമെന്ന ആഗ്രഹത്തോടെ പ്രതീക്ഷയോടെ.. തുടരുന്നു.🙏

പ്രിയ കവിയ്ക്കും മലയാളി മനസ്സിനും നന്ദിയും സ്നേഹവുമർപ്പിച്ച് എന്റെ ആസ്വാദനത്തിലേക്ക് കടക്കട്ടെ.🙏

പെണ്ണെന്നതിനാൽ ….
“”””””””””””””””””””””””””””””””
ഞാൻ പെണ്ണന്നതിനാൽ മാറ്റി നിർത്തപ്പെടുന്നു. എന്തിന്? കുറേ നാളുകളായി പലരും ചോദിക്കുന്ന ചോദ്യങ്ങൾ. പെണ്ണെന്ന വേർതിരിവിൽ സ്വയം അല്ലെങ്കിൽ ലോകം തന്നെ കൊട്ടിയടക്കപ്പെടുന്ന വാതിലിൻ മറവിൽ ഒളിച്ചിരിക്കുന്നവൾ പെണ്ണ്.. ഇതു തന്നെ പ്രിയ എഴുത്തുകാരന്റെ ഗദ്യ കവിതയിലും വെളിവാക്കപ്പെടുന്നു. ഈ വേർതിരിവിന്റെ അടിസ്ഥാനത്തിലേക്ക് കടന്നുചെല്ലുമ്പോൾ പെണ്ണെന്നതിന് പരിമിതികൾ ഏറെ അടയാളപ്പെടുത്തുന്നു കവിതയിൽ.. തകർക്കപ്പെടാനാവാത്ത മൂല്യബോധത്തിന്റെ ചുവടുവയ്പുകൾ ജനനം മുതലേ തുടങ്ങുന്നു വേർതിരിവിന്റെ അടയാളങ്ങളും.

തൊണ്ടകീറിക്കരഞ്ഞു കൊണ്ടാണ് പെണ്ണും ആണും ഒരു പോലെ ഭൂമിയിലേക്ക് പിറന്നുവീണത്. വയറ്റാട്ടിയേ പോലെ ധവളവസ്ത്രധാരിയാം മാലാഖയുടെ നാവിൽ നിന്നാദ്യമായി ഉതിർന്നു വീണത് ഞാൻ പെൺകുട്ടി നീ ആൺകുട്ടി . നമുക്കായ് മാലാഖയുടെ വായിൽ നിന്നും തെറിച്ചു വീണ ഛർദ്ദിലിൽ നിന്നും തന്നെ ആദ്യത്തെ നാമകരണവും നടത്തി. ഇവിടെ മാലാഖയുടെ കന്നി പ്രസവത്തിന് തുല്യം പെൺകുട്ടി , ആൺകുട്ടിയെന്നുള്ള പ്രവചനം പോലും ആദ്യത്തെ ഛർദ്ദിൽ എന്ന വാക്കിലൂടെ കവി ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു.

കന്നി പ്രസവത്തിനായി വേദനകൾ സഹിച്ച് പാതി മാഞ്ഞുപോകും ബോധത്തിന്റെ പാതിമയക്കത്തിൽ കിടന്ന രണ്ടമ്മമാരുടെ കാതുകളിലാണ് ആദ്യമായി കുളിരേകും കാറ്റ് പോലെ നമ്മളാണെന്നും പെണ്ണെന്നുള്ള നാദം കേൾക്കുന്നത്. ആ മൊഴിമാറ്റത്തിന്റെ പൊരുളറിയാതെ ആണെന്നും പെണ്ണെന്നുള്ള ജീവിതം അമ്മയുടെ അമ്മിഞ്ഞപ്പാലിലൂടെ ദാഹവും വിശപ്പുമകറ്റി ജീവിച്ചു തുടങ്ങുകയായി നാമിരുവരും. അവിടെ തുടങ്ങുകയായി നമ്മുടെ വ്യത്യസ്തതയും.
അമ്മയുടെ പാലമൃതുണ്ടും മൃദുലമാം തലോടലിലും താരാട്ടിന്റെ ഈണത്തിലും നമ്മൾ മയങ്ങിയുണരുന്നു.
ഒരിടത്ത് തന്നെ ഒരു നാളിൽ ജനിച്ചതിനാൽ നമ്മുടെ പരസ്പരമുള്ള കരച്ചിൽ കേട്ട് നമ്മൾ പരസ്പരം ഞെട്ടിയുണർന്നിരുന്നു. ഞാൻ കരഞ്ഞതെന്തിനെന്ന് നീയറിഞ്ഞത് നീ വിശന്ന് കരഞ്ഞപ്പോഴാണ്. വിശപ്പും ദാഹവുമെന്തെന്ന് നമുക്കൊരു പോലെയെന്ന് അന്ന് നീ അറിഞ്ഞിരുന്നുവോ? ഒരു പക്ഷേ അറിഞ്ഞിരിക്കാം എന്നിട്ടത് മുതിർന്നപ്പോൾ മറന്നു പോയില്ലേ?

ചെറുപ്പത്തിന്റെ ലാളിത്യത്തിൽ അമ്മയുടെ മാറും മാറിലെ അമൃതേത്തും നമുക്കിരുവർക്കുമൊരു പോലെയായിരുന്നു. വിശപ്പും ദാഹവുമൊരു പോലെ. നാം കണ്ട കാഴ്ചകളൊക്കെ ഒരു പോലെ . നമ്മുടെ കണ്ണുകളിൽ കണ്ടതിനെല്ലാം ഒരേ അർത്ഥങ്ങൾ ഒരേ ഭാവങ്ങൾ . താളങ്ങൾ.

നമ്മുടെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കടന്നുവരവേ .. നീ പെൺകുട്ടിയാണ് അടക്കവും ഒതുക്കവും വേണം എവിടെ നിന്നൊക്കെയോ കേൾക്കാൻ തുടങ്ങിയത് മാലാഖയുടെ ആദ്യ വചനത്തിന്റെ പൊരുളിലൂടെ ഞാനറിയുന്നു. നീ ആൺകുട്ടിയേ പോലല്ല എന്ന് പലയാവർത്തനങ്ങൾ. പെണ്ണെന്നതിനാൽ .

ഒരു നാളിലെപ്പഴോ അടിവയറിൽ നോവുകൾ .. ചോരത്തുള്ളികൾ അതും ഞാൻ പെണ്ണെന്നതിനാൽ … പെണ്ണേ നീ ഋതുമതി അമ്മ കാതിൽ പതിയെ പറഞ്ഞു . അമ്മയെന്ന പെണ്ണിനെ ഞാനും അറിയുന്നു പെണ്ണെന്നതിനാൽ … നീയുമെന്നേ പോലെ അമ്മയാകുവാൻ പര്യാപ്തയെന്ന് കാലത്തിന്റെ തെളിവായി വയസ്സറിയിച്ചതെന്ന് രക്തകണങ്ങളുടെ അടയാളപ്പെടുത്തലുകൾ ഞാനറിഞ്ഞു അമ്മയിലൂടെ … അഴകോലും അംഗോപാംഗങ്ങൾ താരുണ്യത്തിന്റെ താലത്തിൽ എനിക്കായ് കരുതി വച്ചതും ഞാൻ പെണ്ണായതിൽ..

ഞാനെങ്ങോട്ടു തിരിഞ്ഞാലും ആണായ നിന്റെ കൂട്ടരുടെ കണ്ണുകൾ എന്നിൽ തിരയുന്നതും അതിൽ ഉരുകി തീരുന്നതും ഞാൻ പെണ്ണായതിൽ.. അല്ലേ..
തലമുറകളായി വാമൊഴി പോലെ കാതിൽ പതിക്കുന്നു സൂക്ഷിച്ചു നടക്കണം നീ പെണ്ണാണ്. ഉപദേശങ്ങൾ മാറ്റൊലി കൊള്ളുന്നു കാതുകളിൽ.

എന്റെ തളർച്ചകൾ നിന്നിൽ നിന്നും തുടങ്ങുന്നു. നിനക്ക് കരുത്തും ബലവുമുള്ളതിനാൽ ഞാൻ നിന്റെ മുന്നിൽ തളർന്നവൾ. അതുകൊണ്ടല്ലേ ആഗ്രഹങ്ങൾ ദുരാഗ്രഹങ്ങളായി പരിണമിച്ച് ആ കണ്ണുകൾ ഇരുളിലും തെരുവിന്റെ ഇടവഴികളിലും പതിയിരിക്കുന്നതും പെണ്ണെന്ന എന്നെ തേടുന്നതും.

രാത്രിയോ പകലോ വേർതിരിവില്ലാതെ ഈ സുന്ദര ഭൂവിൽ ആണായ നീ സഞ്ചരിക്കുന്നു വിലക്കുകൾ നിന്റെ മുൻപിൽ അബലയായ എനിക്കും . അതിനാൽ തന്നെ അസ്തമയ സൂര്യന്റെ വരവറിയിക്കുമ്പോഴെ തന്നെ വിജനതകളിലും ഇരുട്ടിലും നിന്നേ പോലുള്ളവരുടെ നോട്ടങ്ങൾ ഭയന്ന് വീട്ടിലഭയം തേടേണ്ടതായി വരുന്നു. അതും പെണ്ണെന്ന അതിർവരമ്പുകൾ എന്നിൽ തെളിഞ്ഞു നില്ക്കുന്നതിനാൽ.

സ്വാതന്ത്ര്യമില്ലായ്മയുടെ ഭീതികൾ ചുറ്റിലും നിരക്കുമ്പോൾ പെണ്ണെന്ന് സ്വയം ഉരുവിട്ട് ഇരുട്ടിനേയും നിലാവിനേയും നക്ഷത്രങ്ങളേയും മനോജ്ഞ ഭാവങ്ങൾ നിറയും സൗന്ദര്യങ്ങളത്രയും നിനക്കായ് ദാനം ചെയ്ത് മൗനം ഞാൻ സ്വീകരിച്ചത് പെണ്ണായതിനാലെന്ന് നീ അറിയുക തന്നെ വേണം.

പെണ്ണെന്നതിനാൽ… പെണ്ണിനെ വർണ്ണിയ്ക്കുവാൻ വാക്കുകൾ തീരാതെ പോകുന്നിടത്ത്… എത്തി നിൽക്കുന്നു ഈ മനോഹര കാവ്യം..

ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അഭിനന്ദനങ്ങൾ . ആശംസകൾ.

സാഹിത്യ ലോകത്ത് എന്നും കീർത്തിയും പ്രശസ്തിയും നിറഞ്ഞതാവട്ടെ ബൈജു തെക്കുംപുറത്ത് എന്ന നാമം.
പ്രിയ എഴുത്തുകാരന് എല്ലാ നന്മകളും പ്രാർത്ഥനയും ആശംസിക്കുന്നു നന്ദി സ്നേഹം.🙏🌹

കവിത വായിക്കാൻ …

പെണ്ണെന്നതിനാൽ (ഗദ്യകവിത)
“””””””””””””””””””””””””””””’

പിറവി കൊണ്ടനാളിൽ
തൊണ്ടകീറിക്കരഞ്ഞ്
ഭൂമിയുടെ വിരിമാറിലേക്ക്
ഒരുപോലെ പിറന്നുവീണവരാണ്
നീയും ഞാനും..

മാറ്റങ്ങളില്ലാത്ത നമുക്ക് മാറ്റം
കല്പിച്ചത് വയറ്റാട്ടിയുടെ സ്ഥാനം
കടംകൊണ്ട ശുഭ്രവസ്ത്രമണിഞ്ഞ
മാലാഖ..

വാതിൽ തുറന്ന് പുറത്ത് കാത്ത്
നിൽക്കുന്നവർക്കായ് മാലാഖ
ഛർദ്ദിച്ച രണ്ടുവാക്കുകൾ..
“പെൺകുട്ടി…” എന്ന് എനിക്കും
“ആൺകുട്ടി…” എന്ന് നിനക്കും
പേരുചാർത്തിത്തന്നു..

പേറ്റുനോവിന്റെ അങ്ങേയറ്റത്ത്
മറഞ്ഞുപോകുവാൻ തുടങ്ങുന്ന
ബോധമണ്ഡലത്തിന്റെ
അഗാധഗർത്തത്തിൽ വീണ്
എനിക്കും നിനക്കും ജന്മം നൽകി
പാതിമയക്കത്തിൽ കിടക്കുമ്പോഴാണ്
കന്നിപ്രസവത്തിൻ്റെ വേദന ഭുജിച്ച
അമ്മമാരുടെ കാതുകളിൽ
വേർതിരിവിൻ്റെ ആദ്യ ശബ്ദം കേട്ടത്…

പറഞ്ഞത് എന്തെന്നറിയാതെ
നീയും ഞാനും ദാഹമകറ്റാൻ
മുലപ്പാൽനുണഞ്ഞുകൊണ്ടിരുന്നു
അവിടെ തുടങ്ങുന്നു നീ ആണും
ഞാൻ പെണ്ണുമായ ജീവിതം..

അവിടെത്തുടങ്ങുന്നു ഒരേ നാളിൽ
പിറന്ന ആണൊരുത്തൻ നിൻ്റെയും
പെണ്ണൊരുത്തി എൻ്റേയും
വ്യത്യസ്തമായ ജീവിതം..

അമ്മ ചുരത്തിയ പാലമൃതുണ്ട്
മൃദുലമാം തഴുകലേറ്റ്
താരാട്ട് പാട്ടിന്റെ ഈണത്തിൽ
മയങ്ങിയവരാണ് നീയും ഞാനും..

ഒരു നാളിൽ പിറന്നവരാകയാൽ
ഒരിടത്ത് കഴിഞ്ഞവരാകയാൽ
ഇടക്കെല്ലാം നിന്റെ കരച്ചിൽ കേട്ട്
ഞാനും,എന്റെ കരച്ചിൽ കേട്ട്
നീയും,ഞെട്ടിയുണർന്നിരുന്നു..
ഞാൻ കരഞ്ഞത് എന്തിനെന്ന്
നീയറിഞ്ഞത് നിനക്ക്
വിശന്നപ്പോഴാണ്..

ആണിനും പെണ്ണിനും വിശപ്പും
ദാഹവും ഒരുപോലെയെന്ന്
അന്ന് നീ അറിഞ്ഞിരുന്നോ..
അറിഞ്ഞിരിക്കാം…മുതിർന്നപ്പോൾ
മറന്നുപോയതുമാവാം…!

അന്ന് അമ്മയുടെ മുലയും
മുലപ്പാലും നമുക്കിരുവർക്കും
ഒരുപോലെ..
വിശപ്പും ദാഹവും
നമുക്കൊരുപോലെ…
നാമിരുവരും കണ്ട
കാഴ്ചകളൊരുപോലെ…

വളർച്ചയുടെ പടവുകൾ താണ്ടി
നാം ഗമിക്കവെ..
‘നീയൊരു പെൺകുട്ടി..അടക്കവും
ഒതുക്കവും വേണം..”
എന്ന് പലയാവർത്തി കേട്ടത്
ഞാൻ പെണ്ണെന്നതിനാൽ..

” ആൺകുട്ടികളെപ്പോലെയല്ല നീ “
എന്ന് പലകുറി കേട്ടതും
ഞാൻ പെണ്ണെന്നതിനാൽ..

ഒരുന്നാളിൽ അടിവയറിൽ
നോവു പടർന്ന്..
ചോരത്തുള്ളികൾ ഒഴുകിവീണതും
ഞാൻ പെണ്ണെന്നതിനാൽ..

‘പെണ്ണേ നീ ഋതുമതിയായതാണ് “
അമ്മ പതിയെ കാതിൽപറഞ്ഞതും
ഞാൻ പെണ്ണെന്നതിനാൽ..

ഇനിയും നിൻ്റെ തലമുറകൾക്ക്
ജന്മം നൽകാൻ കാലം കരുതിയ
രക്തത്തുള്ളികൾ
വയസ്സറിയിച്ചെത്തിയതും
ഞാൻ പെണ്ണെന്നതിനാൽ..

തുളുമ്പിനിൽക്കും മാറും
അഴകൊത്ത നിതംബവും
താരുണ്യത്തിൻ മുദ്രയായ്
മുമ്പേകരുതിവെച്ചതും ഞാൻ
പെണ്ണെന്നതിനാൽ..

നടന്നുനീങ്ങവെ മുന്നിൽ നിന്നും
പിന്നിൽ നിന്നും
നിൻ്റെ കൂട്ടരുടെകണ്ണുകൾ
കൊത്തിവലിക്കുന്നതറിഞ്ഞ്
ഉരുകിയൊലിച്ചതും
ഞാൻ പെണ്ണെന്നതിനാൽ..

“സൂക്ഷിച്ച് നടക്കണം”
എന്ന തലമുറകളായ് പകർന്നുവന്ന
ഉപദേശം ഇടക്കെല്ലാം കേട്ടതും
ഞാൻ പെണ്ണെന്നതിനാൽ..

ഞാനബലയെന്നും
നീബലവാനെന്നും കേട്ട് തളർന്നതും
ഞാൻ പെണ്ണെന്നതിനാൽ..

തൃഷ്ണയുടെ കണ്ണുകൾ ഇരുളിലും
തെരുവിൻ്റെ മറവിലും ഇടവഴികളിലും
പതിയിരിക്കുന്നതും
തേടുന്നതും
ഞാൻ പെണ്ണെന്നതിനാൽ..

ആണെന്ന നീ..രാത്രിയെന്നോ
പകലെന്നോ വേർതിരിവില്ലാതെ
യഥേഷ്ടം ഈ മനോഞ്ജഭൂവിൽ
സഞ്ചരിക്കുകയാണ്..
പെണ്ണെന്ന ഞാൻ..വിജനതയിലും
ഇരുട്ടിലും പതിയിരിക്കുന്ന
ചില കണ്ണുകളെ ഭയന്ന്
അന്തിച്ചോപ്പ് മാനത്ത് പടരുംമുമ്പെ
കൂടണയേണ്ടവളായതും
ഞാൻ പെണ്ണെന്നതിനാൽ..

പെണ്ണായ് പിറന്നതിൻ്റെ
അസ്വാതന്ത്ര്യം അറിഞ്ഞ്
ഭീതിയോടെ കഴിയേണ്ടവൾ എന്ന്
ലോകം പകർന്നുതന്ന
ബോധ്യം സ്വയം ഉരുവിട്ട്,
ഇരുട്ടിനെ ഭയന്ന്,
നിലാവും നക്ഷത്രങ്ങളും
നിനക്കായ് തന്ന്,
എന്നും മൗനമായിരിക്കുന്നു..
ഞാൻ പെണ്ണെന്നതിനാൽ..

രചന: ബൈജു തെക്കുംപുറത്ത്
ആസ്വാദനം: അഞ്ജന സുനിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: