17.1 C
New York
Sunday, September 19, 2021
Home Special പൂരവും എക്സിബിഷനും (ഓർമ്മക്കുറിപ്പ്)

പൂരവും എക്സിബിഷനും (ഓർമ്മക്കുറിപ്പ്)

മേരി ജോസി മലയിൽ, തിരുവനന്തപുരം.✍

പൂരങ്ങളുടെ പൂരമായ പൂരത്തിൻറെ പെരുമ കരിവീരൻ ശിരസ്സിലേറ്റുന്ന തിടമ്പു പോലെ അണിഞ്ഞു നിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന്റെ…. .. പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടെ ഈ പ്രശസ്തമായ ഡയലോഗ് അറിയാത്തവർ ആരാണ്? ഒരു ശരാശരി തൃശ്ശൂർക്കാരൻറെ സംസാരം എപ്പോഴും പൂരവുമായി ബന്ധപ്പെടുത്തിയാണ്.

ലണ്ടനിൽ ഇന്നുമുതൽ ‘തൃശ്ശൂർ നേന്ത്ര പൂരം’

‘ഹോ! ഒരു പൂരത്തിൻറെ തിരക്ക്.’

ഒരിക്കൽകൂടി 2021 ഏപ്രിൽ 23ന് തൃശ്ശൂർപൂരത്തിന് തിരി തെളിയുന്നു. കാടു മുഴുവൻ വിറപ്പിച്ചു നടക്കുന്ന കാട്ടാനകൾക്ക് തേനീച്ചയെ ഭയമാണ്, എന്ന് പറയുന്നതുപോലെ നമ്മുടെ ജീവനില്ലാത്ത കൊറോണി ഇത്തവണത്തെ പൂരം ഇല്ലാതാക്കുമോ? ഒന്നും പറയാറായിട്ടില്ല! തേക്കിൻകാട് മൈതാനത്തു അരങ്ങേറുന്ന ഈ താള വാദ്യ വർണ്ണലയങ്ങളുടെ പൂരത്തിന് ഓരോ വർഷം കൂടുന്തോറും ആരാധകർ ഏറി വരുന്നതേയുള്ളൂ.

തീവ്രമായ ഗൃഹാതുരത്വം വേട്ടയാടുന്ന ഒരു മനസ്സോടെയല്ലാതെ തൃശ്ശൂർ പൂരത്തെക്കുറിച്ച് ഓർക്കാനോ ചിന്തിക്കാനോ എനിക്ക് കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ കാണുമ്പോഴോ ടീവിയിലൂടെ തത്സമയ സംപ്രേഷണം കാണുകയോ ചെയ്യുമ്പോഴും മനസ്സിൽ സംഭവിക്കുന്നത് മറ്റൊന്നല്ല. ചെറുപ്പത്തിൽ മധ്യവേനൽ അവധി ആഘോഷിക്കാൻ അമ്മ വീട്ടിലെത്തുന്ന ഞങ്ങൾ അമ്മാവൻമാരോടും കുഞ്ഞമ്മമാരോടും ഒപ്പം മുത്തച്ഛന്റെ കയ്യും പിടിച്ചു ഞങ്ങൾ കുട്ടിപ്പട്ടാളം രാവിലെതന്നെ രണ്ട് ക്ഷേത്രങ്ങളുടെയും മുമ്പിലുള്ള ചെറുപൂരങ്ങൾ കാണാൻ പോകും.അപ്പോൾ അഞ്ചോ ആറോ ആനകളേ ഉണ്ടാവുകയുള്ളൂ. അതുകഴിഞ്ഞാൽ ആനച്ചമയങ്ങളും വൈകുന്നേരത്തെ കുട മാറ്റത്തിനുള്ള കുടകളും നിരത്തി വെച്ചിട്ടുള്ളതും കാണും. പിന്നെ c. M. S. സ്കൂളിനടുത്തുള്ള ഗ്രൗണ്ടിലേക്ക്. അവിടെ തന്നെയുള്ള കിണറിൽനിന്ന് ടാങ്കിൽ വെള്ളം നിറച്ചു വൈകുന്നേരത്തെ പൂരത്തിന് എഴുന്നള്ളിക്കേണ്ട 30 ആനകളെയും പാപ്പാന്മാർ കുളിപ്പിച്ച് സുന്ദരന്മാർ ആക്കുന്നത് കണ്ടു നിൽക്കും. അവിടുന്ന് നേരെ ‘രാധാകൃഷ്ണ’ ഹോട്ടലിലേക്ക്. അവിടെ ചെന്ന് മസാലദോശ അകത്താക്കി വീട്ടിലേക്ക് മടങ്ങി പോകും.

പിന്നെ വൈകുന്നേരം വരെ എല്ലാവർക്കും വിശ്രമമാണ്. വൈകുന്നേരം പൂരവും കുടമാറ്റവും കാണാൻ പോകേണ്ടതല്ലേ? തിരക്ക് കൂടുന്നതിനു മുമ്പ് മുത്തച്ഛനു ഷെയർ ഉള്ള റൗണ്ടിലെ ബാങ്കിൻറെ ബഹു നിലകളുള്ള കെട്ടിടത്തിന്‍റെ ടെറസിലേക്ക് പുത്തനുടുപ്പുകളും അണിഞ്ഞു പുറപ്പെടും. ‘കുടമാറ്റം’ആ വർണ്ണ വിസ്മയക്കാഴ്ച എൻറെ കൗമാര മനസ്സിലെ ഒരു തെളിഞ്ഞ ഓർമ്മ. കുടമാറ്റവും വാദ്യമേളവും ആനകളെയും കൊതിതീരുംവരെ കണ്ട് വീട്ടിൽ വന്നു കിടന്നുറങ്ങുന്ന ഞങ്ങളെല്ലാവരും വെളുപ്പിന് രണ്ടു മണിയോടെ ചാടി എഴുന്നേൽക്കും.

വീടിൻറെ പിന്നാമ്പുറത്തുള്ള ഒരു കോൺക്രീറ്റ് കെട്ടിടത്തിന് മുകളിലേക്ക് മതിലിൽ ഒരു മര കോണി ചാരിവച്ചു ഓരോരുത്തരായി കയറും. പിന്നെ വെടിക്കെട്ട് കാണുന്ന തിരക്കിലാണ്. ഉറക്കംതൂങ്ങി വരുമ്പോഴേക്കും ആകാശത്ത് വർണ്ണ കാഴ്ചകൾ. വെളുക്കാറാവുന്നതിനു മുമ്പ് ഒരു കലാശക്കൊട്ട്. തൃശ്ശൂർ നഗരം തന്നെ കിടുങ്ങി വിറക്കും. ഞങ്ങൾ കാണാൻ നിൽക്കുന്ന കെട്ടിടം തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ എന്ന് ഭയം തോന്നും. അമ്മാതിരിയാണ് ആ വെടിക്കെട്ട് അവസാനിക്കുക.

പിറ്റേ ദിവസം ഞങ്ങൾ കുട്ടിപ്പട്ടാളം പകൽ പൂരങ്ങൾ കാണാൻ വീണ്ടും രാവിലെ തന്നെ പുറപ്പെടും. പാറമേക്കാവുകാരും തിരുവമ്പാടിക്കാരും പരസ്പരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങാണ് അന്ന് നടക്കുക. അത് കഴിഞ്ഞാൽ ഉടനെ ഈന്തപ്പഴം, മലര്, പൊരി, മോതിരം പോലെ കയ്യിൽ അണിയുന്ന ഒരു പലഹാരം, എല്ലാവർക്കും ഓടക്കുഴൽ ഇവ എല്ലാം വാങ്ങി മുത്തച്ഛനോടോപ്പോം തിരികെ വീട്ടിലെത്തും.

പിന്നെ പൂരത്തിനോട് ചേർത്തു വയ്ക്കാവുന്ന തൃശ്ശൂർക്കാരുടെ മറ്റൊരു ആഘോഷമായിരുന്നു തേക്കിൻകാട് മൈതാനത്ത് വരുന്ന എക്സിബിഷൻ. പൂരം കണ്ട തളർച്ചയെല്ലാം മാറിക്കഴിഞ്ഞാൽ പിന്നെ എക്സിബിഷൻ കാണാനുള്ള പോക്കായി. സോപ്പ് വ്യാപാരം നടത്തിയിരുന്ന മുത്തച്ഛന് എക്സിബിഷനിൽ സ്റ്റോൾ ഉണ്ടാകും. എൻറെ സഹോദരങ്ങളും അമ്മാവന്മാരും ഒക്കെയാണ് മൈക്കിലൂടെ അനൗൺസ്മെൻറ് നടത്തിയിരുന്നത്. കുട്ടികളായ ഞങ്ങൾ സ്റ്റാളിൽ വരുന്നവർക്ക് സോപ്പിന്റ പരസ്യ നോട്ടീസ് വിതരണം നടത്തും. ഇന്ന് ഉന്നത പദവിയിലിരിക്കുന്ന എൻറെ സഹോദരങ്ങളുടെ സഭാകമ്പം മാറിയത് ഇവിടെ നിന്ന് ആയിരിക്കാം എന്ന് ഞാൻ ഊഹിക്കുന്നു. അന്നത്തെ എക്സിബിഷൻ കൗണ്ടറിൽ നിന്ന് സോപ്പ് വാങ്ങുന്നവർക്ക് ശിവകാശിയിൽ നിന്ന് ഉണ്ടാക്കിയ പരസ്യവാചകങ്ങൾ പ്രിൻറ് ചെയ്ത് വിശറി സൗജന്യമായി കൊടുക്കുമായിരുന്നു.

ഇന്നത്തെ പോലെ സെൽഫിയും മൊബൈലും ഒന്നും അന്നില്ലല്ലോ? ക്യാമറ തന്നെ ഉള്ളത് അപൂർവം ചിലരുടെ കയ്യിൽ. എല്ലാ വർഷവും എക്സിബിഷന് പോയി ഒരു ഫോട്ടോ എടുക്കുന്ന പതിവുണ്ടായിരുന്നു.
പുറകിൽ വിമാനത്തിന്റെയും സ്കൂട്ടറിന്റെയും വലിയ വലിയ കാറുകളുടെയും കട്ടൗട്ടുകൾ കാണും. എല്ലാവരും കൂടിയുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്തു കഴിഞ്ഞാൽ പിന്നെ ഒറ്റക്കുള്ള ഫോട്ടോ എടുപ്പ് ആണ്. നമ്മളോട് ഫോട്ടോഗ്രാഫർ ഒരു ബെഞ്ചിൽ ഇരിക്കാൻ ആവശ്യപ്പെടും. രണ്ടു മണിക്കൂർ കഴിഞ്ഞു എല്ലാ സ്റ്റാളുകളും കണ്ടു പൈൻആപ്പിൾ ജ്യൂസും കുടിച്ച് യന്ത്ര ഊഞ്ഞാലിൽ കറങ്ങി കരഞ്ഞു പിഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഫോട്ടോ റെഡിയായിട്ടുണ്ടാവും. ബെഞ്ചിലിരിക്കുന്ന നമ്മൾ വലിയ വലിയ കാറുകളിലൊ വിമാനത്തിലോ സ്കൂട്ടറിലോ ഇരിക്കുന്നത് ആയിട്ടായിരിക്കും ഫോട്ടോയിൽ ഉണ്ടാകുക. പഴയ ആൽബത്തിൽ എല്ലാ വർഷവും എടുത്ത ഈ എക്സിബിഷൻ ഫോട്ടോകൾ ഉണ്ട്. അത് ഇന്നും പുതുമയോടെ ഇരിക്കുന്നു എന്നതാണ് അതിശയകരം. ഒളിമങ്ങാത്ത ഓർമ്മകളാണ് പൂരവും എക്സിബിഷനും. ഒരിക്കൽ കൂടി പൂരം എത്തുമ്പോൾ ആ ഓർമ്മകൾ അയവിറക്കുകയാണ് ഞാൻ.

മേരി ജോസി മലയിൽ,
തിരുവനന്തപുരം.✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: