ചിതറിപ്പോയ സ്വപ്നങ്ങളുടെ ചെറുശകലങ്ങളിൽ നിന്നും പുതിയ സ്വപ്നങ്ങളെ പണിതെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ? തകർന്നുവീണൊരു കെട്ടിടത്തിൻ്റെ കല്ലുകൾ പെറുക്കിക്കൂട്ടി അതിങ്ങനെ ഒന്നിനു മേലൊന്നായടുക്കി വച്ച് വീണ്ടും പണിതുയർത്തും പോലെ ….!
അതൊരു സുഖമാണ്. നമുക്ക് നമ്മളോടുള്ള ഇഷ്ടമാണ്, തോറ്റു തരില്ലാന്ന് ജീവിതത്തോട് സ്നേഹപൂർവ്വമുള്ള തർക്കിക്കലാണ്.
നേടിയെടുത്ത സ്വപ്നങ്ങളെക്കാൾ കൂടുതൽ
തകർന്നു പോയവയാണ് എനിക്കുമുള്ളത്.
പലപ്പോഴും “ഇനിയെന്ത് ” എന്ന ചോദ്യം അതിൻ്റെയാഴത്തിൽത്തന്നെ നേരിട്ടിട്ടുണ്ട്.
സ്നേഹിച്ചവർ അവഗണിച്ചിട്ടുണ്ട് , കൂടെ നിൽക്കുമെന്ന് കരുതിയവർ ഒറ്റപ്പെടുത്തിയിട്ടുണ്ട്, ”സാരമില്ല, ഒക്കെ ശരിയാവു”മെന്നൊരാളെങ്കിലുമെന്നോ
ടൊന്നു പറഞ്ഞിരുന്നെങ്കിലെന്നാശിച്ച സന്ദർഭങ്ങളൊരുപാടുണ്ട്.
പതറിയിട്ടുണ്ട്, നിരാശപ്പെട്ടിട്ടുണ്ട് , കരഞ്ഞിട്ടുണ്ട്.
എന്നിട്ടുമെനിക്കെൻ്റെ ജീവിതമിഷ്ടമാണ്.
എനിക്കു ചുറ്റും ഞാൻ കണ്ടു തീരാത്തൊരുപാടു കാര്യങ്ങളുണ്ട്. നേടിയെടുത്തവയുടെ ഭംഗി പോലെതന്നെ, നഷ്ടപ്പെട്ടവയുമതേ ചാരുതയോടെയിന്നു
മെന്നെ കൊതിപ്പിച്ചവിടെത്തന്നെയുണ്ട്.
പിന്തിരിഞ്ഞു നടന്ന വഴികളിളൊക്കെയി-
ന്നുമോർമകൾ മായാതെ കിടപ്പുണ്ട്.
മഞ്ഞും മഴയും വെയിലും പൂവും പുഴയുമെല്ലാം ജീവിതത്തിൻ്റെ നല്ല കഥകളായി ചേർന്നു നിൽക്കുന്നു.
അതെ !
നമ്മുടെ ജീവിതത്തിന് നല്ല ഭംഗിയാടോ.
ഒരുപാടു കുഞ്ഞുകുഞ്ഞു കാര്യങ്ങൾ നൽകുന്ന വലിയ സന്തോഷങ്ങളെ ചേർത്തു പിടിച്ചിങ്ങനെ ജീവിക്കാനെന്തു രസമാണ്..
എനിക്കെൻ്റെ ജീവിതത്തോട് പ്രണയമാണ്.
തകർന്ന സ്വപ്നങ്ങളുടെ ചെറുസ്പന്ദന
ങ്ങളിൽ നിന്നും വീണ്ടും വീണ്ടും ഞാനതിനെയുയർപ്പിച്ചു കൊണ്ടേയിരിക്കും.
പ്രിയമായതെല്ലാമൊതുക്കിപ്പിടിച്ചും , സങ്കടങ്ങളോട് വഴക്കു കൂടിയും , ചിരികളോടു സല്ലപിച്ചും നമുക്ക് ജീവിക്കാം ….. ഇനിയുമൊരുപാടു നാളുകൾ !
ഷീനാ വർഗീസ്✍